കൗമാരക്കാർ ഓൺലൈൻ മുഖാന്തിരം ഐസിസ് പോലുള്ള ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാകുന്ന ഒട്ടേറെ വാർത്തകൾ നാം കേട്ടതാണ്. എന്നാൽ മിഡ്ലാന്റ്സിലെ ഈ ദമ്പതികൾ തങ്ങളുടെ നാല് കുട്ടികളെയും വീടിനുള്ളിൽ അടച്ചിട്ട് ഇസ്ലാമിക തീവ്രവാദം പഠിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ 18കാരിയായ മകൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നാല് കുട്ടികളെയും പൊലീസ് കുതിച്ചെത്തി രക്ഷിക്കുകയും ചെയ്തു.മിഡ്ലാന്റ്സിലെ ഒരു കുടിയേറ്റകുടുംബത്തിൽ നടന്ന സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 10ഉം 14ഉം 16ഉം വയസുള്ള സഹോദരന്മാരെയും അവരുടെ 18 വയസുള്ള സഹോദരിയെയുമായിരുന്നു അച്ഛനമ്മമാർ വീട്ട് തടങ്കലിൽ വച്ച് ജിഹാദിസം കുത്തി വച്ചിരുന്നത്.

ഇതിൽ 18കാരിയാണ് വെൽഫെയർ ഹോട്ട്ലൈൻ ചൈൽഡ്ലൈനിൽ വിളിച്ച് തങ്ങളുടെ ദുരിതകഥ പുറംലോകത്തെത്തിച്ച് താനടക്കമുള്ള കുട്ടികൾക്ക് മോചനം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധത, സ്വവർഗരതിയോടുള്ള പേടി,ജിഹാദിസം തുടങ്ങിവയായിരുന്നു ഈ രക്ഷിതാക്കൾ കുട്ടികളെ വീട്ടിലടച്ചിട്ട് പഠിപ്പിച്ചിരുന്നത്. ഇതിന് പുറമെ ഐസിസ് നിഷ്‌കളങ്കരെ തലവെട്ടുന്ന വീഡിയോകളും ഇവരെ നിർബന്ധം ചെലുത്തി കാണിക്കുമായിരുന്നു.ഇതിൽ 10 വയസുള്ള കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നും സംസാരിക്കാൻ കഴിവില്ലെന്നും റിപ്പോർട്ടുണ്ട്.

ചെറിയ കുട്ടികൾക്കുള്ള സൗജന്യ കൗൺസിലിങ് ഹോട്ട് ലൈനായ ചൈൽഡ് ലൈനിൽ 18കാരി വിളിച്ചതിനെ തുടർന്നാണ് പൊലീസ് ഇതിൽ സമയോചിതമായി ഇടപെട്ടിരിക്കുന്നത്. തങ്ങളെ വീട്ടിൽ അടച്ചിട്ടിരിക്കുകയാണെന്നും സ്‌കൂളിൽ പോലും അയക്കുന്നില്ലെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോൾ മാത്രമാണ് പുറത്ത് വിടുന്നതെന്നുമായിരുന്നു പെൺകുട്ടി അറിയിച്ചിരുന്നത്. ഈ കുടുംബം സോമാലിയൻ വംശജരാണെന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികൾ നിലവിൽ ഫോസ്റ്റർ കെയറിലാണ് കഴിയുന്നത്. തങ്ങൾക്ക് വീട്ടിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറെ ഏൽക്കേണ്ടി വന്നിരുന്നുവെന്നാണ് ഹിയറിംഗിനിടെ ഇവർ ബോധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിലാണ് ഈ കേസിന്റെ വിചാരണ നടന്നത്. ഇതിൽ ഏറ്റവും ചെറിയ കുട്ടിയെ റെസിഡൻഷ്യൽ കെയറിലേക്ക് അയക്കാൻ ജസ്റ്റിസ് റസൽ ഉത്തരവിട്ടിരുന്നു. ഈ കേസിനെ അത്യന്തം ഭീകരമായ സംഭവമെന്നാണ് ചൈൽഡ് ലൈൻ സ്ഥാപകനും പ്രസിഡന്റുമായ ഡെയിം എസ്തെർ റാന്റ്സെൻ വിശേഷിപ്പിച്ചിരിക്കുന്നത്.

കുട്ടികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ഇവരുടെ രക്ഷിതാക്കൾ കുത്തി വയ്ക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. പേര് വെളിപ്പെടുത്താത്ത രക്ഷിതാക്കൾ തങ്ങൾക്ക് മേലുള്ള ആരോപണം ശക്തമായി നിഷേധിച്ചിട്ടുണ്ട്.