നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ കേയ്റ്റ് രാജകുമാരിയേക്കാൾ മാധ്യമശ്രദ്ധ ലഭിച്ച് കൊണ്ട് താരമായി ഉദിച്ചുയരുന്ന വ്യക്തി ഹാരിയുടെ പ്രതിശ്രുത വധുവായ മേഗൻ മാർകിളാണ്. അവരുടെ നന്മകളും മാനുഷികത നിറഞ്ഞ പരിവേഷങ്ങളും വാഴ്‌ത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നുമുണ്ട്. എന്നാൽ റോയൽ ഓഥറായ ആൻഡ്ര്യൂ മോർട്ടൻ മേഗനെ കുറിച്ച് എഴുതിയിരിക്കുന്ന ജീവചരിത്രമായ ''മേഗൻ എ ഹോളിവുഡ് പ്രിൻസസ്'' എന്ന ഗ്രന്ഥത്തിൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഇത് പ്രകാരം വിജയിക്കാൻ സഹായിച്ചവരെ വരെ കരുണയില്ലാതെ തള്ളിപ്പറയുന്ന പ്രകൃതമാണ് മേഗനുള്ളതെന്ന് അദ്ദേഹം ചിത്രീകരിക്കുന്നു.

തന്റെ പെറ്റമ്മയെ വേലക്കാരിയായി തെറ്റിദ്ധരിക്കുന്ന അവസരമുണ്ടായിട്ടും കുലുങ്ങാത്ത ആളാണ് മേഗനെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. തന്നെ സിനിമാക്കാരിയാക്കിയ ഭർത്താവിനെ കരിയറിനായി ഉപേക്ഷിച്ച ചരിത്രവും ഇത് പ്രകാരം ഈ ഹോളിവുഡ് താരത്തിനുണ്ട്. ഡയാനയെ സ്നേഹിച്ച് ഹാരിയെ വീഴ്‌ത്താനും മടികാണിക്കാതിരുന്ന മേഗനെ പോലെ പഠിച്ചൊരു കള്ളി ലോകത്തില്ലെന്നാണ് ജീവചരിത്രകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന മെയ്‌ മാസത്തിൽ ഹാരിയുടെ വധുവായി രാജകുടുംബത്തിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുന്ന മേഗന്റെ പ്രതിച്ഛായക്ക് ഈ പുസ്തകം മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയും ഇപ്പോൾ ശക്തമാകുന്നുണ്ട്.

തന്റെ മുൻ ഭർത്താവും ഫിലിം പ്രൊഡ്യൂസറുമായ ട്രെവർ ഈഗിൾസണുമായുള്ള വിവാഹബന്ധം 2013ൽ മേഗൻ അവസാനിപ്പിച്ചത് വളരെ മനുഷ്യരഹിതമായിട്ടായിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ലോസ് ഏയ്ജൽസിൽ തങ്ങൾ ഒരുമിച്ച് താമസിച്ച് കൊണ്ടിരുന്ന ബംഗ്ലാവിൽ നിന്നും ടൊറന്റോവിലേക്ക് വന്ന മേഗൻ തിരിച്ച് പോയിരുന്നില്ല. ഈഗിൾസനുമായുള്ള ബന്ധം തന്റെ കരിയറിന് വേണ്ടി ഉപേക്ഷിക്കാൻ തീരുമാനിച്ച ഈ അഭിനേത്രി തന്റെ എൻഗേജ്മെന്റ്- വെഡിങ് റിംഗുകൾ തപാൽ മുഖാന്തിരം ഭർത്താവിന് അയച്ച് കൊടുത്തായിരുന്നു ബന്ധം വേർപിരിഞ്ഞതെന്നും ആൻഡ്ര്യൂ മോർട്ടൻ എഴുതിയിരിക്കുന്നു.

ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തിൽ 36 കാരിയായ മേഗന്റെ ജീവിതത്തിലെ അധികമാരും കാണാത്ത വശങ്ങളാണ് മോർട്ടൻ ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ അറിയപ്പെടുന്ന ലൈറ്റിങ് ഡയറക്ടറായ തോമസിനും അമ്മ ഡോറിയക്കും ഒപ്പമുള്ള മേഗന്റെ ചെറുപ്പകാലത്ത് നിന്നാണ് ഈ പുസ്തകം ആരംഭിക്കുന്നത് 1981 ഓഗസ്റ്റിലായിരുന്നു മേഗൻ പിറന്നത്.വെളുത്ത വർഗക്കാർക്ക് ഭ ൂരിപക്ഷമുണ്ടായിരുന്നു സബർബുകളിലൊന്നിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തോമസ് ജോലി ചെയ്യാൻ പോകുമ്പോൾ കറുത്ത നിറമുള്ള അമ്മ ഡോറിയയായിരുന്നു മേഗനെ പരിചരിച്ചിരുന്നത്. അമ്മ മേഗന്റെ നാനിയോ വേലക്കാരിയോ ആണെന്ന് ഇവിടുത്തുകാർ തെറ്റിദ്ധരിച്ചപ്പോൾ മേഗൻ അത് തിരുത്താൻ പോയില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

ഹാരിയുടെ അമ്മ ഡയാന രാജകുമാരിയെ വളരെയധികം ആരാധിച്ചിരുന്ന മേഗൻ ഡയാന-2 ആയി കൊട്ടാത്തിൽ വാഴുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. 1997 സെപ്റ്റംബർ ആറിന് ഡയാന രാജകുമാരിയുടെ ശവസംസ്‌കാരം കുട്ടുകാരികൾക്കൊപ്പം ടിവിയിൽ കണ്ടത് മുതലാണ് മേഗൻ ഡയാനയുടെ യഥാർത്ഥ ആരാധികയായി മാറിയതെന്ന് മോർട്ടൻ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അന്ന് മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധികയായും മേഗൻ മാറുകയായിരുന്നു. അതിനെ തുടർന്നുള്ള ആഗ്രഹങ്ങളുടെ കരുനീക്കങ്ങളിലൂടെ ഹാരിയെ പ്രണയിച്ച് രാജകുടുംബത്തിലെത്താനും മേഗന് സാധിച്ചിരിക്കുകയാണ്.