പുരുഷന്റെ തണലിലല്ലാതെ പുറത്ത് പോലുമിറങ്ങാതിരുന്ന സൗദി സ്ത്രീകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രാത്രി പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുന്നതായിരുന്നു. ചരിത്രം തിരുത്തിക്കൊണ്ട് ജിദ്ദയിൽ പോപ്പ് മ്യൂസിക്ക് കൺസർട്ട് അരങ്ങേറിയതാണ് വഴിത്തിരിവായിരിക്കുന്നത്. ഇത് കാണാനായി തട്ടമിടാതെയെത്തിയ നൂറ് കണക്കിന് സ്ത്രീകൾ സെൽഫിയെടുത്ത് ആർത്ത് ചിരിക്കുന്നത് കാണാമായിരുന്നു.

അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ സെൽഫി മഴയിൽ നിറഞ്ഞ് തുളുമ്പുകയായിരുന്നു യുവതീയുവാക്കൾ. പുരുഷനൊപ്പം ഇരിക്കാനോ നൃത്തം ചെയ്യാനോ വിലക്ക് തുടർന്നെങ്കിലും ഇതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷമാക്കിയാണ് സൗദി സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്. കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇസ്ലാമിക ലോകത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെ മാറ്റി എഴുതുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെ മ്യൂസിക് കൺസേർട്ട് നടത്തിയിരിക്കുന്നത്.

ഈജിപ്ഷ്യൻ പോപ്പ്സെൻസേഷനായ ടാമെർ ഹോസ്നിയാണ് ജിദ്ദയിൽ മ്യൂസിക്ക് കൺസേർട്ട് നടത്തിയിരിക്കുന്നത്. കൺസേർട്ടിനെത്തുന്നവർ നൃത്തം വയ്ക്കരുതെന്ന എഴുതിത്ത്തയ്യാറാക്കിയ കടുത്ത വ്യവസ്ഥ ടിക്കറ്റ് വിൽക്കുന്ന വേളയിൽ മുന്നോട്ട് വച്ച അധികൃതരുടെ നടപടി കടുത്ത പരിഹാസത്തിനാണ് വിധേയമായിരുന്നത്.പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുഷന്മാരും അരീനയുടെ വ്യത്യസ്ത ഇടങ്ങളിൽ വെവ്വേറെ ഇരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാൽ കൺസേർട്ടിനുള്ള ടിക്കറ്റുകൾ വെറും രണ്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു വിറ്റ് തീർന്നിരുന്നത്. 6000 പേർ പരിപാടിക്കെത്തുകയും ചെയ്തിരുന്നു.

പരിപാടിക്കെത്തിയ കാഴ്ചക്കാരോട് മൊബൈൽ ലൈറ്റുകൾ തെളിക്കാൻ ഹോസ്നി ആവശ്യപ്പെട്ടിരുന്നു. സൗദിയിലെ തിളക്കമുള്ള ഈ ചരിത്ര മുഹുർത്തത്തിന്റെ ഫോട്ടോ ലോകത്തിന് കാട്ടിക്കൊടുക്കാനായിരുന്നു അദ്ദേഹം ഈ വിധത്തിലുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. ആധുനികതകയിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി സൗദിയിൽ സമീപമാസങ്ങളിലായി നിരവധി കൺസേർട്ടുകൾ അരങ്ങേറിയിരുന്നു. ലെബനണിലെ ഹിബ താവാജി , ലെജൻഡറി ഗ്രീക്ക് കമ്പോസറായ യാന്നി അടക്കമുള്ള ആർട്ടിസ്റ്റുകൾ സൗദിയിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരം ചില പരിപാടികളിൽ സ്ത്രീകളും പുരുഷന്മാരും അപൂർവമായി നൃത്തം ചവിട്ടുന്നതും കാണാമായിരുന്നു. കുറച്ച് മുമ്പ് വരെ സൗദിയിൽ ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. മുഹമ്മദ് ബ ിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്ന സൗദി ആധുനികവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ വിധ നീക്കങ്ങൾ സൗദിയിൽ ത്വരിതപ്പെടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകൾക്കുണ്ടായിരുന്ന ഡ്രൈവിങ് നിരോധനം അദ്ദേഹം എടുത്ത് മാറ്റിയിരുന്നു.

എണ്ണവില കുറയുന്നതിനാൽ അധികകാലം എണ്ണയെ മാത്രം ആശ്രയിച്ച് കൊണ്ട് മുന്നോട്ട് പോകാൻ രാജ്യത്തിന് സാധിക്കില്ലെന്ന തിരിച്ചറിവിനെ തുടർന്ന് ഇവിടുത്തെ എന്റർടെയിന്മെന്റ് വ്യവസായത്തെയും ടൂറിസത്തെയും വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം വിപ്ലവാത്കമായ നടപടികളാണ്സ്വീകരിച്ച് വരുന്നത്.ഇതിനായുള്ള വിവിധ പ്രൊജക്ടുകൾ അണിയറയിലുണ്ട്. തീവ്രഇസ്ലാമിക രാജ്യമെന്ന നിലയിൽ നിന്നും സൗദിയെ മിതവാദ ഇസ്ലാമിന്റെ പാതയിലെത്തിക്കാനാണ് ഇവയിലൂടെ സൽമാൻ ശ്രമിക്കുന്നത്.