ബ്രിട്ടന്റെ തലസ്ഥാന നഗരത്തിൽ വീണ്ടും ഒരു മരണം കൂടി. ഇന്നലെ രാത്രി 9.35ന് ടോട്ടൻ ഹാമിലാണ് ഒരു 17 കാരി കൂടി കൊല്ലപ്പെട്ടത്. എൻ 17 ചാൽഗ്രോവ് റോഡിൽ ഒരു പെൺകുട്ടി വെടിയേറ്റ് കിടക്കുന്ന എന്ന വിവരം ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസും പാരാമെഡിക്‌സ് സംഘവും എത്തിയത്. ഇവർ ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഏതാണ്ട് 10.43 ഓടു കൂടി അവിടെ വച്ചു തന്നെ പെൺകുട്ടി മരണത്തിനു കീഴടങ്ങുക ആയിരുന്നു.

അതേസമയം, ഇന്നലെ രാത്രി തന്നെ 10 മണിക്ക് വാൽത്തംസ്റ്റോയിൽ നടന്ന ആക്രമണത്തിൽ 16ഉം 17ഉം വയസുള്ള രണ്ട് ആൺകുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ കൊലപാതകി ലണ്ടനിൽ തന്നെയുണ്ടെന്നാണ് സൂചന. സംഭവത്തെ തുടർന്ന് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 26ന് തിങ്കളാഴ്ച സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലെ വീട്ടിൽ 50കാരനും നൈജീരിയൻ അസംബ്ലിയിലെ അംഗമായ ഡോലാപോ ബദ്രുവിന്റെ മകൻ അബ്രഹാം ബദ്രു എന്ന 26കാരൻ 25ന് ഞായറാഴ്ച രാത്രി 11 മണിക്ക് ലണ്ടൻ ബറോയായ ഹാക്ക്‌നെയിലെ കുടുംബവീട്ടിൽ കൊല്ലപ്പെട്ടതിന്റെയും ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനിടെയാണ് ഒരു പെൺകുട്ടി കൂടി മരിക്കുകയും രണ്ട് ആൺകുട്ടികൾ കുത്തേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരിക്കുന്നത്.

മാർച്ച് 14നായിരുന്നു രണ്ട് യുവാക്കളെ കുരുതികൊടുത്തുകൊണ്ട് ഈ കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നത്. ഈസ്റ്റ് ലണ്ടനിലെ ചാഡ് വെൽ ഹീത്തിൽ വച്ച് കുത്തേറ്റ് മരിച്ച ലിൻഡൻ ഡേവിസ് എന്ന 18കാരനായിരുന്നു ആദ്യ ഇര. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വാൽത്താംസ്റ്റോയിലെ എസെക്സ് ക്ലോസിൽ സ്റ്റേഷനറി കാറിൽ ഇരിക്കവെ അന്ന് ജോസഫ് വില്യംസ്-ടോറെസ് എന്ന 20 കാരനും വെടിയേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 17ന് റസ്സൽ ജോൺസ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി വെടിയേറ്റും കുത്തേറ്റും മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 10.50ന് ഹെർസി ഹെർസി എന്ന പേരും നവോമി എന്ന വിളിപ്പേരുമുള്ള ട്രാൻസ് വുമൺ ഹൗൻസ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രൂ പാലസിൽ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. തുടർന്ന് അതേ ദിവസം സെന്റ്പാട്രിക്ക് ഡേ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ 42 കാരനായ ടൈറോൻ സിൽകോട്ടും കത്തിക്കുത്തേറ്റാണ് മരിച്ചത്. മാർച്ച് 19ന് ജെർമെയ്നെ ജോൺസൻ (41), എന്നയാൾ വാൽത്താംസ്റ്റോയിൽ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. അന്നേ ദിവസം ഉച്ചക്ക് ശേഷം 48കാരനായ ബാൽബിർ ജോഹൽ സൗത്താളിൽ വച്ച് കുത്തേറ്റതിനെ തുടർന്ന് മരിച്ചിരുന്നു.

ഏപ്രിൽ മാസത്തെ ആദ്യ കൊലപാതകമാണ് ഇന്നലെ നടന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇവിടെ 15 പേരും മാർച്ചിൽ 22 പേരും കൊല്ലപ്പെട്ടതായാണ് വിവരം. കൊലപാതകത്തിന്റെ കാര്യത്തിൽ ലോകത്തിൽ മുന്നിലുണ്ടായിരുന്ന ന്യൂയോർക്കിനെയും കടത്തി വെട്ടി ലണ്ടൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി മാറുകയാണ്. ആധുനിക ചരിത്രത്തിൽ ഇതാദ്യമായാണ് ലണ്ടനിലെ കൊലപാതകനിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റെക്കോർഡ് എണ്ണത്തിലെത്തിയത്.