വാഷിങ്ടൺ: കുറച്ച് നാളുകളായി അമേരിക്ക സന്ദർശിക്കുന്ന സൗദി രാജകുമാരൻ ചിത്രങ്ങളിലെല്ലാം പുതിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. വിർജിൻ ഉടമയുമായുള്ള എംബിഎസിന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പരമ്പരാഗത വേഷമെല്ലാം മാറ്റി കോട്ടും സ്യൂട്ടുമൊക്കെയായി അടിമുടി മാറ്റമാണ് രാജകുമാരന്റെ പുതിയ ലുക്ക്.

അമേരിക്കയിലുള്ള രാജകുമാരൻ കാലിഫോർണിയ സ്‌പേസ് ഫോർട്ടിലാണ് വിർജിൻ ഉടമ റിച്ചാർഡ് ബ്രാൻസണുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് പരമ്പരാഗത വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്യൂട്ട് ധരിച്ച് സൽമാൻ രാജകുമാരനെത്തിയത്. ബ്രാൻസണിന്റെ സ്‌പേസ് സംരംഭത്തിനായി 762 മില്യൺ യൂറോ നിക്ഷേപിക്കാനാണ് സൗദി കുടുംബത്തിന്റെ ഉദ്ദേശം.

മൊജാവ് സെന്ററിൽ എത്തിയ സൗദി രാജകുമാരൻ പുതുതായി നിർമ്മിക്കുന്ന പുതിയ സ്‌പേസ് ക്രാഫിറ്റിന്റെ നിർമ്മാണ പുരോഗതിയും പരിശോധിച്ചു. ഇത്രയും വലിയ തുക സൗദി ബ്രാൻസണിൽ നിക്ഷേപിച്ചതിന് പിന്നാലെയാണ് സൽമാൻ രാജകുമാരന്റെ സന്ദർശനവും.

മാർച്ച് 20ന് അമേരിക്കയിലെത്തിയ സൗദി രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ചർച്ച നടത്തിയിരുന്നു. ചർച്ചക്ക് ശേഷം അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൗദിയെന്ന് ട്രംപ് പറഞ്ഞിരുന്നു. സൽമാൻ രാജകുമാരൻ പദവി ഏറ്റെടുത്ത ശേഷം വളരെ വേഗത്തിൽ സൗഹൃദപരമായ ഒരു അന്തരീക്ഷം ഉണ്ടായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

31 കാരനായ സൗദി രാജകുമാരൻ പദവി ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് രാജ്യത്തി വരുത്തിക്കൊണ്ടിരിക്കുന്നത്. സത്രീകൾക്ക് വലിയ രീതിയിലുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ സൗദിയിൽ നൽകിക്കൊണ്ടിരിക്കുന്നത്.