ചാരനെ രാസവിഷ പ്രയോഗത്തിലൂടെ കൊല്ലാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രപ്പോര് ശക്തമായിരിക്കേ കേസിൽ മറ്റൊരു വഴിത്തിരിവ്. റഷ്യൻ മുൻ ചാരൻ സെർജി സ്‌ക്രിപലിന്റെ മകൾ യൂലിയയ്ക്ക് തന്റെ സഹോദരന്റെ പേരിലുള്ള ഒന്നര ലക്ഷം പൗണ്ടിൽ അവകാശം ഉണ്ടായ ഉടനെയാണ് രാസവിഷ പ്രയോഗം ഉണ്ടായതെന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന വെളിപ്പെടുത്തൽ. ദുരൂഹസാഹചര്യത്തിൽ യൂലിയയുടെ സഹോദരൻ അലക്‌സാണ്ടർ കൊല്ലപ്പെടുകയായിരുന്നു.

ബ്രിട്ടണിൽ താമസിച്ചിരുന്ന സഹോദരന്റെ വീടു വിറ്റു കിട്ടിയ തുകയായ ഒന്നരലക്ഷം പൗണ്ടിൽ അവകാശം ഉണ്ടായ ഉടനാണ് യൂലിയ സ്‌ക്രീപാലിന് നേരേ ആക്രമണം ഉണ്ടാകുന്നത്. റഷ്യയിലെ ഒരു ബാങ്കിലാണ് ഈ തുകയത്രയും ഉള്ളത്. എന്നാൽ ബാങ്കിന്റെ പേര് വെളിവായിട്ടില്ല. കഴിഞ്ഞ വർഷം സെന്റ് പീറ്റേഴ്‌സ്ബർഗിൽ വച്ചാണ് സഹോദരൻ അലക്‌സാണ്ടർ കൊല്ലപ്പെടുന്നത്.

അലക്‌സാണ്ടർക്ക് മുൻഭാര്യ നതാലിയയിൽ നിന്നാണ് വീടുവിറ്റതിന്റെ ഷെയർ ആയി തുക ലഭിക്കുന്നത്. ബ്രിട്ടണിൽ ഇരുവരും ഒരുമിച്ച താമസിച്ച വീടാണ് ഇവർ വേർപിരിഞ്ഞ ശേഷം വിറ്റത്. ഇപ്പോൾ ഒരു ടെന്നീസ് കോച്ചിനെ വിവാഹം കഴിച്ച് വേൽസിൽ താമസിക്കുകയാണ് നതാലിയ. അതേസമയം അലക്‌സാണ്ടർ മരിച്ചപ്പോൾ യൂലിയയ്ക്ക് പിതാവിൽ നിന്ന് ഈ തുകയുടെ പവർ ഓഫ് അറ്റോർണി ലഭിക്കുകയും ചെയ്തു.

മാർച്ച് നാലിനാണ് യൂലിയയ്ക്കും പിതാവ് സെർജി സ്‌ക്രിപാലിനും നേരേ സാലിസ്‌ബറിയിലെ ഒരു റെസ്റ്റോറന്റിനു മുന്നിൽ വച്ച് രാസവിഷ പ്രയോഗം ഉണ്ടാകുന്നത്. അബോധാവസ്ഥയിലായ ഇരുവരും ഇപ്പോഴും ചികിത്സയിലാണ്. പിതാവ് സെർജി സ്‌ക്രിപാൽ ഇപ്പോഴും കോമയിൽ തന്നെ തുടരുകയാണ്. അതേസമയം യൂലിയയ്ക്ക് ബോധം തിരിച്ചുകിട്ടുകയും ഏതാനും വാക്കുകൾ സംസാരിക്കാൻ കഴിയുന്നുമുണ്ട്.

റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരിക്കെ ബ്രിട്ടീഷ് ചാരസംഘടനയായ എം16ന് രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് സെർജി സ്‌ക്രിപാലിനു നേരേയുള്ള ആരോപണം. അതുകൊണ്ടു തന്നെ ബ്രിട്ടണിൽ വച്ച് സെർജി സ്‌ക്രിപാലിനും മകൾക്കും നേരേ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടൺ ശക്തമായി പ്രതികരിച്ചിരുന്നു. നൊവിചോക്ക് എന്ന നെർവ് ഏജന്റ് ഉപയോഗിച്ചാണ് ഇവരെ വധിക്കാൻ ശ്രമിച്ചതെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. അറുപത്താറുകാരനായ സെർജി സ്‌ക്രിപാലിനും മുപ്പത്തിമൂന്നുകാരിയായ യൂലിയയ്ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്നും റഷ്യ ബ്രിട്ടണെതിരേ നടത്തുന്ന നേരിട്ടുള്ള ആക്രമണമായും ഇതിനെ വിശേഷിപ്പിച്ചിരുന്നു.

യൂലിയയുടെ പേരിലുള്ള സ്വത്തിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസ് പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്. ഫെബ്രുവരി അവസാനമാണ് യൂലിയയ്ക്ക് പിതാവിൽ നിന്ന് ജനറൽ പവർ ഓഫ് അറ്റോർണി ലഭിക്കുന്നത്. ഇവരുടെ ബന്ധുവായ വിക്ടോറിയ ഉടൻ തന്നെ യൂലിയയെ സന്ദർശിക്കാൻ സാലിസ്‌ബറിയിലെ ആശുപത്രിയിൽ എത്തുന്നുമുണ്ട്. ഇവരാണ് ഈ സ്വത്തുവിവരം വെളിപ്പെടുത്തിയിരിക്കുന്നതും. അതോടൊപ്പം തന്നെ യൂലിയയുടെ ബോയ്ഫ്രണ്ടിനെ കുറിച്ചുള്ള സംശയങ്ങളും വിക്ടോറിയ ഉയർത്തുന്നുണ്ട്. എന്നാൽ ബോയ്ഫ്രണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങൾ ആർക്കുമറിയുകയുമില്ല. ഇവർ തമ്മിൽ വിവാഹിതരാകാനിരിക്കുകയായിരുന്നുവെന്നും വിക്ടോറിയ പറയുന്നു.

മുൻചാരന്റെയും മകളുടേയും നേരേ ഉണ്ടായ ആക്രമണം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധത്തിലേക്ക് നയിച്ച സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകൾ കേസ് അന്വേഷണത്തിൽ ഏറെ സ്വാധീനം ചെലുത്തും. സംഭവത്തിൽ ബ്രിട്ടന്റെ പ്രതികരണം അതിരു കടന്നുവോ എന്നു പോലും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഇതിന്റെ പേരിൽ ബ്രിട്ടൺ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിരുന്നു. ബ്രിട്ടീഷ് ആരോപണത്തെ ഫ്രാൻസും അമേരിക്കയും പിന്തുണ കൂടി അറിയിച്ചതോടെ റഷ്യക്കെതിരേ പാശ്ചാത്യ ചേരിയുടെ നീക്കമെന്നു പോലും ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. രാസവിഷപ്രയോഗത്തിൽ കൂടുതൽ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് ലോകം ഇപ്പോൾ.