ലണ്ടൻ: കത്തോലിക്കാ സഭയിലെ വൈദികന്മാർ കുട്ടികളോട് നടത്തിയിട്ടുള്ള ലൈംഗികാതിക്രമങ്ങൾ പലവട്ടം വാർത്തയായിട്ടുണ്ട്. ഈ തെറ്റിന് മാർപാപ്പ പലകുറി ക്ഷമാപണവും നടത്തിയിട്ടുണ്ട്. എന്നാൽ, അച്ചന്മാർമാത്രമല്ല, കന്യാസ്ത്രീകളും ഇക്കാര്യത്തിൽ മോശമല്ലെന്നാണ് പുതിയ റിപ്പോർട്ട്. തന്നെ 12-ാം വയസ്സിൽ ഒരു കന്യാസ്ത്രീ ബലാൽസംഗം ചെയ്തുവെന്നും ആ ബന്ധത്തിൽ അവർക്കൊരു കുട്ടിയുണ്ടായിട്ടുണ്ടെന്നും അവകാശപ്പെട്ട് 76-കാരൻ രംഗത്തെത്തി.

പള്ളിയിലെ പാട്ടുസംഘത്തിലംഗമായിരിക്കെയാണ് താൻ തുടർച്ചയായി കന്യാസ്ത്രീയുടെ ബലാൽസംഗത്തിന് ഇരയായതെന്ന് എഡ്വേർഡ് ഹെയ്‌സ് പറയുന്നു. തുടർന്ന് ഗർഭിണിയായ കന്യാസ്ത്രീ പ്രസവിക്കുകയും ആ കുട്ടി ജീവിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. ലങ്കാഷെയറിലെ ലൈതാം സെന്റ് ആൻസിലുള്ള ജോൺ റെയ്‌നോൾഡസ് ഹോമിൽ താമസിക്കുമ്പോഴായിരുന്നു സംഭവം. ഫ്രാൻസിസ്‌കൻ മിഷണറീസ് സഭയിൽപ്പെട്ട കന്യാസ്ത്രീകളാണ് ഈ സ്ഥാപനം നടത്തിയിരുന്നത്.

ഇവിടെ താമസിക്കവെയാണ് അയർലൻഡുകാരിയായ സിസ്റ്റർ മേരി കോൺലീത്ത് തന്നെ തുടർച്ചയായി ബലാൽസംഗം ചെയ്തതെന്ന് ഹേയ്‌സ് പറഞ്ഞു. അന്ന് അവർക്ക് 27 വയസ്സുണ്ടായിരുന്നു. പത്താം വയസ്സിലാണ് ഹേയ്‌സ് ഈ കേന്ദ്രത്തിലെത്തുന്നത്. ഫുട്‌ബോളും പള്ളിപ്പാട്ടുമായി മുന്നേറിയിരുന്ന ജീവിതത്തിൽ മാറ്റം വരുന്നത് രണ്ടുവർഷത്തിനുശേഷം സിസ്റ്റർ കോൺലീത്ത് അവിടെ വരുന്നതോടെയാണ്. തന്റെ മുറി വൃത്തിയാക്കാൻ ഹേയ്‌സിനെ ചുമതലപ്പെടുത്തിയ കോൺലീത്ത്, എല്ലാ ദിവസവും തന്നെ ബലാൽസംഗം ചെയ്തിരുന്നുവെന്ന് ഹേയ്‌സ് പറയുന്നു.

പുരുഷന്മാർ സ്ത്രീകളെ ചുംബിക്കുമ്പോഴാണ് കുട്ടികളുണ്ടാകുന്നതെന്നാമ് ഹേയ്‌സ് അന്ന് കരുതിരുന്നത്. അതുകൊണ്ട് താൻ കോൺലീത്തിനെ ചുംബിച്ചിരുന്നില്ലെന്നും ഹേയ്‌സ് ഓർക്കുന്നു. കോൺലീത്തുമായുള്ള ബന്ധം സ്ഥാപനത്തിൽ ഹേയ്‌സിന് പ്രാമുഖ്യവും നൽകി. 14 വയസ്സായപ്പോഴേക്കും തനിക്ക് സ്ഥാപനത്തിൽ സ്വന്തമായി മുറിപോലും അനുവദിക്കപ്പെട്ടു. മുറി അനുവദിച്ചത് കോൺലീത്തിന് തന്നെ കാണാനുള്ള സൗകര്യാർഥമായിരുന്നുവെന്ന് പിന്നീട് ഹേയ്‌സിന് മനസ്സിലായി.

നാലുവർഷത്തോളം നീണ്ട ബന്ധത്തിനൊടുവിൽ, കോൺലീത്ത് ഗർഭിണിയായി. താൻ ചുംബിക്കാതെ എങ്ങനെ കോൺലീത്ത് ഗർഭിണിയായെന്നായിരുന്നു തന്റെ സംശയമെന്ന് ഹേയ്‌സ് പറയുന്നു. കോൺലീത്തിനെ സഭാ അധികൃതർ അയർലൻഡിലേക്ക് തിരിച്ചയച്ചു. ഹേയ്‌സിനെ സ്ഥാപനത്തിൽനിന്നും പുറത്താക്കുകയും ചെയ്തു. മറ്റൊരു കുടുംബം ഹേയ്‌സിനെ ദത്തെടുത്തെങ്കിലും കുട്ടിക്കാലത്തെ അനുഭവങ്ങൾ തന്നെ കടുത്ത മദ്യപനാക്കി മാറ്റിയെന്നും ഹേയ്‌സ് പറയുന്നു.

1998-ലാണ് ഹേയ്‌സ് ആദ്യമായി തനിക്കെതിരേ ഉണ്ടായ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. അന്ന് തന്റെയും കന്യാസ്ത്രീയുടെയും വിവരങ്ങൾ അദ്ദേഹം മറച്ചുവെച്ചു. പൊലീസിലും ജനപ്രതിനിധികൾക്കും പരാതി നൽകിയ ഹേയ്‌സിന് കത്തോലിക്കാ പുരോഹിതരുടെ പീഡനത്തിനിരയായവരുടെ സംഘടനയായ മാക്‌സാസുമായി ബന്ധപ്പെടാൻ അവസരം കിട്ടി. മാക്‌സാസിൽ അംഗമായ നോയൽ ചാര്ഡനെന്ന മുൻ അദ്ധ്യാപകന്റെ പ്രേരണയെത്തുടർന്നാണ് ഇപ്പോൾ ഹെയ്‌സ് വെളിപ്പെടുത്തലിന് തയ്യാറായത്.