ലണ്ടൻ: ലോകത്തെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി ലണ്ടൻ നഗരം മാറുകയാണോ? മൂന്നുമാസത്തിനിടെ 47 പേരാണ് ലണ്ടനിലും പരിസരപ്രദേശങ്ങളിലുമായുണ്ടായ കുറ്റകൃത്യങ്ങളിൽ കൊല്ലപ്പെട്ടത്. അനേകം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകളുമേറ്റിട്ടുണ്ട്. അക്രമികളെ കണ്ടെത്താനും ആവർത്തിക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും പൊലീസ് പാടുപെടുന്നതിനിടെ, ഇന്നലെയും ഒരു 16-കാരൻ ലണ്ടനിൽ വെടിയേറ്റുമരിച്ചു. ബജറ്റ് നിയന്ത്രണത്തിലൂടെയും മറ്റും പൊലീസിനുവന്ന നിർബന്ധിത ചെലവുചുരുക്കൽ നടപടികളാണ് കുറ്റവാളികളെ യഥേഷ്ടം വിഹരിക്കാൻ അവസരമുണ്ടാക്കിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഇക്കൊല്ലം ഇതുവരെ 47 കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ എട്ടുപേർ കൊലപ്പെട്ടപ്പോൾ ഫെബ്രുവരിയിൽ മരിച്ചവർ 15 ആണ്. മാർച്ചിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏപ്രിലിൽ നാലുദിവസത്തിനിടെ രണ്ടുപേരും മരിച്ചു. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലും മറ്റ് അക്രമസംഭവങ്ങളും വ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയോളം കൊലപാതകങ്ങളാണ് ആദ്യമൂന്ന് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, ഫെബ്രുവരിയിലെയും മാർച്ചിലെയും കണക്കെടുക്കുമ്പോൾ ലണ്ടനിലെ ചരിത്രത്തിലിന്നേവരെയില്ലാത്ത തരത്തിലാണ് മരണസംഖ്യ ഉയർന്നിട്ടുള്ളത്.

ന്യുയോർക്കിനെക്കാൾ അപകടം പിടിച്ച നഗരമായി ലണ്ടൻ മാറിയിരിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ഫെബ്രുവരിയി്# ന്യുയോർക്കിൽ 14 പേരാണ് മരിച്ചത്. ലണ്ടനിൽ 15 പേരും. മാർച്ചിലും ലണ്ടൻ മുന്നിട്ടുനിന്നു. 22 പേർ ലണ്ടനിലും 21 പേർ ന്യുയോർക്കിലും. ന്യുയോർക്കിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെതന്നെ പതിവുള്ളതാണ്. എന്നാൽ, പൊതുവെ ശാന്തമായിരുന്ന ലണ്ടന് ഉറക്കമില്ലാ രാത്രികളാണ് ആവർത്തിക്കുന്ന അക്രമസംഭവങ്ങൾ നൽകുന്നത്.

നോർത്ത് ലണ്ടനിലെ വാൽത്താംസ്‌റ്റോവിലാണ് ഏറ്റവുമൊടുവിൽ കൊലപാതകമുണ്ടായത്. അമാൻ ഷക്കൂർ എന്ന 16-കാരനാണ് മുഖത്ത് വെടിയേറ്റ് മരിച്ചത്. മയക്കുമരുന്ന് വിൽപനസംഘമാണ് അമാനെ വെടിവെച്ചതെന്ന് ഇയാളുടെ സുഹൃത്തിനെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. വെടിയേറ്റ പരിക്കുകളുമായി ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

സംഭവം നടന്ന സ്ഥലത്തുനിന്നും രണ്ടുമൈൽ അകലെ ടോട്ടനമിൽ അതേദിവസം മറ്റൊരു കൊലപാകവും നടന്നു. 17-കാരിയായ തനേഷ മെൽബണാണ് ഇവിടെ വെടിയേറ്റുമരിച്ചത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നിൽവച്ചാണ് തനേഷയ്ക്ക് വെടിയേറ്റത്. മയക്കുമരുന്ന് വിൽപന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തനേഷ അബദ്ധത്തിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

സെന്റ് ജെയിംസ് ഏരിയയിൽ കൊക്കെയ്ൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട് എതിർഗ്രൂപ്പിലുള്ളവർ അമാനെ തലേന്ന് താക്കീത് ചെയ്തിരുന്നതായി ഇയാളുടെ സുഹൃത്ത് ഡാമിയൻ ഷൈ പൊലീസിനോട് പറഞ്ഞു. ഇവർതന്നെയാണ് വെടിവെച്ചതെന്നാണ് സൂചന. കൈയിൽ കുത്തി പരിക്കേൽപ്പിച്ചശേഷം മുഖത്ത് വെടിവെക്കുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികൂടിയായ ഡാമിയൻ പൊലീസിനോട് പറഞ്ഞു. അമാനൊപ്പമുണ്ടായിരുന്ന മറ്റൊരു പയ്യന് കുത്തേറ്റിരുന്നു. ഡാമിയൻ ഇയാളെ സഹായിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് നടന്നത്.