ഗസ്സ: ഫലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായത് 18-കാരനായ നിരപരാധി. ഹമാസം അംഗമാണെന്ന് ആരോപിച്ച് ഇസ്രയേൽ സൈനികൻ അബ്ദൽ ഫത്തേ അബ്ദ് അൽ നബിയെ പിന്നിൽനിന്ന് വെടിവെച്ചുവീഴ്‌ത്തുകയായിരുന്നു. അബ്ദലിനെ സൈനികൻ വെടിവെച്ചുവീഴ്‌ത്തുന്ന വീഡിയോ വൈറലായതോടെ, ലോകമെങ്ങും ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരതയ്‌ക്കെതിരേ ശബ്ദമുയരുന്നുണ്ട്.

ഗസ്സയിലെ നോമാൻസ് ലാൻഡിലൂടെ ഓടുന്നതിനിടെയാണ് അബ്ദലിന് വെടിയേൽക്കുന്നത്. ഒരു ടയറുമെടുത്ത് ഓടുന്ന അബ്ദലിന്റെ ദൃശ്യവും ഇയാൾക്ക് വെടിയേറ്റശേഷം നാട്ടുകാർ ഓടിക്കൂടുന്ന ദൃശ്യവുമാമ് ഇതിലുള്ളത്. അബ്ദലിന് ഹമാസുമായി ഒരുബന്ധവുമില്ലെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. എന്നാൽ, വീഡിയോ വൈറലാക്കിയത് ഹമാസിന്റെ തന്ത്രമാണെന്നും ഇസ്രയേൽ സൈനികന്റെ നടപടി ശരിയായിരുന്നുവെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു.

ഒട്ടേറെപ്പേർ പരക്കംപായുന്നതിനിടെയാണ് ഇസ്രയേൽ സൈന്യം വെടിവെപ്പ് നടത്തുന്നത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെല്ലാം സാധാരണക്കാരാണെന്ന് വ്യക്തമാണ്. ഇവരുടെയാരുടെയും പക്കൽ ആയുധങ്ങളോ മറ്റോ ഇല്ല. എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അബ്ദലിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ കാര്യങ്ങൾ അതിലില്ലെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഒരു ടയറാണോ ഇസ്രയേൽസൈന്യത്തെ പ്രകോപിപ്പിച്ചതെന്ന് അബ്ദലിന്റെ സഹോദരൻ മുഹമ്മദ് അൽ നബി ചോദിച്ചു.

അക്രമികൾക്കുനേരെ നടത്തിയ വെടിവെപ്പിലാണ് അബ്ദൽ കൊല്ലപ്പെട്ടതെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യം. സാധാരണക്കാർക്കുനേരെയല്ല, ഹമാസ് പ്രവർത്തകർക്കുവേരെയാണ് വെടിവെച്ചതെന്നും സൈന്യം അവകാശപ്പെടുന്നു. ഇസ്രയേലി അതിർത്തിയിൽനിന്ന് ഓടിരക്ഷപ്പെടുന്നവർക്കുനേരെയുണ്ടായതെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും അത് പൂർണമായും ശരിയല്ലെന്നും വെടിവെപ്പ് സ്ഥിരീകരിച്ചുകൊണ്ട് സൈന്യം വ്യക്തമാക്കി.

ഹമാസിന്റെ സായുധവിഭാഗമായ ക്വാസാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണങ്ങളോട് ഇസ്രയേൽ സൈന്യം നടത്തിയ ചെറുത്തുനിൽപ്പിലാണ് വെള്ളിയാഴ്ച 18 പേർ കൊല്ലപ്പെട്ടതെന്നും സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഹമാസിന്റെ സായുധവിഭാഗത്തെയാണ് വെടിവെച്ചുകൊന്നതെന്ന ഇസ്രയേലിന്റെ അവകാശവാദം പൊളിക്കുന്നതാമ് അബ്ദൽ വെടിയേറ്റുവീഴുന്ന ദൃശ്യം. സാധാരണക്കാരെപ്പോലും വെടിവെച്ചുകൊല്ലുന്ന ഇസ്രയേൽ സൈന്യത്തിന്റെ ഭീകരതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

വെള്ളിയാഴ്ചത്തെ ആക്രമണങ്ങളിൽ മരിച്ചവരിൽ അഞ്ച് പ്രവർത്തകരേ ഉള്ളൂവെന്ന് ഹമാസ് വ്യക്തമാക്കി. ഇതിൽ അബ്ദലിന്റെ പേരില്ല. ക്വാസം ബ്രിഗേഡിലോ മറ്റേതെങ്കിലും സായുധ സൈന്യത്തിലോ അബ്ദൽ പ്രവർത്തിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. വെള്ളിയാഴ്ചത്തെ പ്രതിഷേധ പ്രകടനങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 750 പേർക്കെങ്കിലും പരിക്കേറ്രിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ജനങ്ങൾക്കുനേരെ വെടിവെച്ച ഇസ്രയേൽ സൈന്യത്തിന്റെ നിലപാടിനെതിരേ അന്താരാഷ്ട്ര തലത്തിൽത്തന്നെ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. 2014-നുശേഷം ഗസ്സയിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടൽകൂടിയായിരുന്നു ഇത്. നിരപരാധികളായ പ്രകടനക്കാർക്കുനേരെയാമ് സൈന്യം വെടിവെച്ചതെന്ന് ഫലസ്തീൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസും യൂറോപ്യൻ യൂണിയൻ ഡിപ്ലോമാറ്റിക് തലവൻ ഫെഡറിക്ക മൊഘറേനിയും ആവശ്യപ്പെട്ടു.