റിയാദ്: സൗദി അറേബ്യ പിന്തുടർന്നുവന്നിരുന്ന കടുത്ത നിലപാടുകൾ പലതും തിരുത്തിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറബ് ലോകത്തും കാര്യമായ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്. അറബ് ലോകത്തിന്റെ അന്താരാഷ്ട്ര കാഴ്ചപ്പാടുകളെയാണ് ഇക്കുറി എംബിഎസ് തിരുത്തുന്നത്. സൗദി ഇന്നോളം അംഗീകരിച്ചിട്ടില്ലാത്ത ഇസ്രയേലിന് അവരുടെ മാതൃരാജ്യത്തിന് അവകാശമുണ്ടെന്ന ശ്രദ്ധേയമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെച്ചത് ഈ നയംമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

അമേരിക്ക സന്ദർശിക്കുന്ന എംബിഎസ്, അറ്റ്‌ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇസ്രയേലിനെ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇതുവരെ സൗദി ഫലസ്തീനെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രയാൽ-ഫലസ്തീൻ തർക്കത്തിൽ സൗദിയുടെ ഈ നിലപാട് മാറ്റത്തിന് ഏറെ പ്രധാന്യവുമുണ്ട്. ഫലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തെ അംഗീകരിക്കുന്നതാണ് മുഹമ്മദ് ബി്ൻ സൽമാന്റെ നിലപാടെന്ന് വിലയിരുത്തപ്പെടുന്നു.

മാതൃരാജ്യം യഹൂദരുടെയും അവകാശമല്ലേ എന്ന ചോദ്യത്തിനുത്തരമായാണ് എംബിഎസ് നിലപാട് വ്യക്തമാക്കിയത്. ഏതൊരു ജനതയ്ക്കും മാതൃരാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ട്. ഇസ്രയേലുകാർക്കും ഫലസ്തീൻകാർക്കും ഇത് ബാധകമാണ് എന്നായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മറുപടി. മുസ്ലീങ്ങളുടെ പുണ്യഭൂമിയായ ജറുസലേമിലെ അഖ്‌സ പള്ളി സംരക്ഷിക്കപ്പെടുമെങ്കിൽ, ഇസ്രയേലും ഫലസ്തീനും ഒരുമിച്ചുകഴിയുന്നതിൽ സൗദിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.