രോദിവസവും ലണ്ടൻ നഗരം ഉണരുന്നത് ഒരു കൊലപാതക വാർത്തയിലേക്കാണ്. മൂന്നുമാസത്തിനിടെ 52 പേർ കൊല്ലപ്പെട്ട ലണ്ടനിൽ ഭീതിയോടെയാണ് ഓരോരുത്തരും പുറത്തിറക്കുന്നത്. കഴിഞ്ഞദിവസം രാത്രി രണ്ടുപേർ കൊല്ലപ്പെട്ടതോടെയാണ മരണസംഖ്യ 52-ലെത്തിയത്. ക്ലാപ്ടണിൽ വാതുവെപ്പുകാരുമായുള്ള സംഘട്ടനത്തിനിടെ 50-കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ, ഈസ്റ്റ് ലണ്ടനിലെ ഹാ്ക്‌നിയിൽ 20 വയസ്സുള്ള യുവാവ് കുത്തേറ്റുമരിച്ചു.

വൈകിട്ട് 4.27-ഓടെയാണ് ബെറ്റ്ഫ്രഡ് സ്റ്റോറിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. മറ്റൊരാളുമായുള്ള സംഘട്ടനത്തെ തുടർന്നാണ് ഇയാൾ ബോധംകെട്ടുവീണത്. സംഘട്ടനമുണ്ടാക്കിയയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അധികം വൈകാതെതന്നെ ഹാക്ക്‌നിയിൽനിന്ന് അടുത്ത കൊലപാതക വാർത്ത പൊലീസിനെ തേടിയെത്തി. കുത്തേറ്റ 20-കാരൻ അരമണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്തു.

തിങ്കളാഴ്ചയും രണ്ടുപേർ ലണ്ടനിൽ കൊല്ലപ്പെട്ടിരുന്നു. നോർത്ത് ലണ്ടനിലെ ടോട്ടനമിൽ 17-കാരിയായ തനേഷ മെൽബൺ കാമുകന്റെ അമ്മയുടെ വീടിനുമുന്നിൽവച്ചാണ് വെടിയേറ്റുമരിച്ചത്. അന്നുരാത്രിതന്നെ വാൽത്താംസ്‌ട്രോയിലെ തെരുവിൽ കൊക്കെയ്ൻ വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 16 വയസ്സുള്ള അമാൻ ഷക്കൂറും മുഖത്ത് വെടിയേറ്റ് മരിച്ചു.

ഏറ്റവുമൊടുവിലത്തെ സംഭവങ്ങളോടെ ഇക്കൊല്ലം ലണ്ടനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി. മെട്രൊപ്പൊലിറ്റൻ പൊലീസ് സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകാത്തത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഹാക്ക്‌നിയിലെ ലിങ്ക് സ്ട്രീറ്റിൽ യുവാവിന് കുത്തേറ്റവിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് ചോരവാർന്ന് കിടക്കുകയായിരുന്നു. ലണ്ടൻ ആംബുലൻസ് സർവീസും എയർ ആംബുലൻസും സ്ഥലത്തെത്തി. പ്രഥമശുശ്രൂഷ നൽകിയെങ്കിലും എട്ടരയോടെ സംഭവസ്ഥലത്തുതന്നെ അയാൾ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.