വീട്ടിൽ രാത്രി അതിക്രമിച്ചുകയറിയ മോഷ്ടാക്കളിലൊരാളെ മൽപ്പിടിത്തത്തിനൊടുവിൽ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 78-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ല്ണ്ടനിലെ ഹിതർ ഗ്രീനിലെ വീട്ടിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് റിച്ചാർഡ് ഒസ്‌ബോൺ-ബ്രൂക്‌സിനെയാണ് അറസ്റ്റ് ചെയ്തത്. 

വീടിന്റെ മുകൾനിലയിൽ ഭാര്യക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു റിച്ചാർഡ്. അപ്പോഴാണ് ശബ്ദം കേട്ടുണർന്നത്. താഴത്തെനിലയിലുള്ള അടുക്കയളിലെത്തി നോക്കുമ്പോൾ കള്ളനെക്കണ്ടു. ഇയാളുടെ കൈയിൽ ഒരു സ്‌ക്രൂഡ്രൈവർ ഉണ്ടായിരുന്നതായി റിച്ചാർഡ് പൊലീസിനോട് പറഞ്ഞു. പിന്നീടുണ്ടായ മൽപ്പിടിത്തത്തിനിടെ, അടുക്കളിയിലിരുന്ന കത്തി കൈവശപ്പെടുത്തിയ റിച്ചാർഡ് കള്ളനെ കുത്തുകയായിരുന്നു.

കുത്തേറ്റ കള്ളൻ കുതറിയോടിയെങ്കിലും തൊട്ടടുത്ത റോഡിൽ കുഴഞ്ഞുവീണു. നെഞ്ചിലാണ് ഇയാൾക്ക് പരിക്കേറ്റത്. രണ്ടുപേരാണ് വീട്ടിൽ കയറിയത്. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് അടിയന്തര വിഭാഗം സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 38 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. മോഷണ സംഘത്തിലുണ്ടായിരുന്ന രണ്ടാമൻ സംഘർഷത്തിനിടെ ഓടിരക്ഷപ്പെട്ടിരുന്നു.

റിച്ചാർഡിനെ തുടക്കത്തിൽ സംശയത്തിന്റെ പേരിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊലപാകത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. 1999-ൽ വീട്ടിൽ അതിക്രമിച്ചുകയറിയ ആളെ കൊലപ്പെടുത്തിയതിന് ടോണി മാർട്ടിനെ തടവിലിട്ട കേസുമായാണ് ഈ സംഭവം താരതമ്യപ്പെടുത്തുന്നത്. റിച്ചാർഡിനെ അറസ്റ്റ് ചെയ്തതിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കളെ ആത്മരക്ഷാർഥമാണ് റിച്ചാർഡ് പ്രതിരോധിച്ചതെന്നും അതിനദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും നാട്ടുകാർ പറയുന്നു. മൽപ്പിടിത്തത്തിനിടെ റിച്ചാർഡിനും നേരീയ പരിക്കുകളേറ്റിട്ടുണ്ട്. സൗത്ത് ലണ്ടനിലെ പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലാണ് റിപ്പാർഡ് ഇപ്പോൾ.

കുറ്റകൃത്യങ്ങൾ അനുദിനം പെരുകുന്ന ലണ്ടനിൽ, ജനം ആയുധം കൈയിലെടുക്കുമെന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ 50 പേരാണ് ലണ്ടനിൽ മാത്രം കൊല്ലപ്പെട്ടത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിലൊന്നായി ലണ്ടൻ മാറുകയാണെന്നും വിലയിരുത്തപ്പെടുന്നു.