റിയൽ എസ്‌റ്റേറ്റ് രംഗത്തുനിന്ന് കോടികളുണ്ടാക്കിയ ഷെറോൺ സുഖേഡോ ജീവിതത്തിലുടനീളം ആഡംബരത്തെ കൈവിട്ടിരുന്നില്ല. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കാറുകളുപയോഗിച്ചും വിലമതിക്കാനാവാത്തത്ര ആഭരണങ്ങൾ അണിഞ്ഞും ജീവിച്ച ഈ ട്രിനിഡാഡുകാരന്റെ അന്ത്യയാത്രയും ആഡംബരം നിറഞ്ഞതായി. കഴിഞ്ഞയാഴ്ച ഭാര്യവീടിനുമുന്നിൽവെച്ച് വെടിയേറ്റുമരിച്ച 33-കാരനായ സുഖേഡോയുടെ അന്ത്യയാത്രയിലും ബന്ധുക്കൾ അദ്ദേഹത്തിന്റെ ആഡംബരഭ്രമത്തോട് നീതിപുലർത്തി.

സ്വർണംകൊണ്ടുള്ള ശവപ്പെട്ടിയിലാണ് സുഖേഡോയെ അടക്കിയത്. കഴുത്തിൽ നിരവധി മാലകളും മറ്റ് ആഭരണങ്ങളും. ശവപേടകത്തിൽ ഷാംപെയ്‌നുൾപ്പെടെ ഇഷ്ടമദ്യങ്ങളും. സുഖേഡോയുടെ സമ്പത്ത് വെളിപ്പെടുത്തുന്ന രീതിയിലുള്ള അന്ത്യയാത്ര തന്നെ ബന്ധുക്കൾ അദ്ദേഹത്തിനൊരുക്കി. അരലക്ഷം ഡോളറിന്റേതായിരുന്നു അന്ത്യനിദ്രയ്ക്കുപയോഗിച്ച ശവപേടകം. സുഖേഡോയുടെ ശരീരത്തിലുണ്ടായിരുന്നത് ഒരുലക്ഷം ഡോളറിന്റെ ആഭരണങ്ങളും. ഒന്നരലക്ഷം ഡോളർ വിലമതിക്കുന്ന ബെന്റ്‌ലി കാറിലാണ് വീട്ടിൽനിന്ന് ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവന്നത്.

സുഖേഡോയുടെ കൊലപാകത്തിൽ ബന്ധുക്കളിൽ ചിലർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ക്രിമിനൽ ഗ്യാങ്ങായ റാസ്റ്റ സിറ്റി ഗ്യാങ്ങാണ് കൊലപാകത്തിന് പിന്നിലെന്നും സംശയിക്കുന്നു. മറ്റൊരു ഗ്യാങ്ങിനെ സുഖേഡോ സംരക്ഷിക്കുന്നതിനാൽ, വർഷങ്ങളായി റാസ്റ്റ വധഭീഷണി മുഴക്കിയിരുന്നതായും പറയപ്പെടുന്നു. രണ്ടുവർഷം മുമ്പും സുഖേഡോയ്ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നു. അതിനുശേഷം ഒട്ടേറെ സുരക്ഷാഭടന്മാർക്കൊപ്പമായിരുന്നു സുഖേഡോയുടെ യാത്ര.



സുഖേഡോ മരിച്ച് രണുദിവസത്തിനുശേഷം ഭാര്യ റേച്ചലിനെ ശാരീരികാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിലാക്കി. റേച്ചലിന്റെ വീട്ടിലാണ് ഇവരുടെ രണ്ടുമക്കളും താമസിക്കുന്നത്.