റിയാദ് : സൗദിയിൽ നടപ്പാക്കുന്നത് വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നയംമാറ്റങ്ങളാണു ഇതിന് കാരണം. ഇതിന്റെ ഫലമായി മൂന്നര പതിറ്റാണ്ടായി നിലനിന്ന സിനിമാ നിരോധനത്തിനു വിരാമമിട്ട് സൗദി അറേബ്യയിലെ ആദ്യ തിയറ്ററിൽ തുറക്കുകയാണ്. 18നു പ്രദർശനം നടക്കും. ഈ പ്രദർശനത്തിന് വലിയൊരു ജനക്കൂട്ടത്തെയാണ് ഭരണകൂടുവും പ്രതീക്ഷിക്കുന്നത്.

ഹോളിവുഡ് സിനിമയുമായാണ് തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ തിയറ്ററിൽ ഹോളിവുഡ് സിനിമ 'ബ്ലാക്ക് പാന്തറാ'ണ് ആദ്യമായി പ്രദർശിപ്പിക്കുക. സിനിമാ നിരോധനം നീക്കി സൗദി ഭരണകൂടം ഉത്തരവിറക്കിയതു ഡിസംബറിലാണ്. തുടർന്നു ചില ഹാളുകളിലും മറ്റും സിനിമാ പ്രദർശനങ്ങൾ നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയായ യുഎസിലെ എഎംസി എന്റർടെയ്ന്മെന്റിനാണു സൗദിയിൽ തിയറ്ററിനുള്ള ആദ്യ ലൈസൻസ് ലഭിച്ചത്. സ്ത്രീകൾക്കും സിനിമാ തിയേറ്ററിൽ പ്രവേശനമുണ്ട്.

റിയാദിലെ ഒരു സിംഫണി ഹാൾ തിയറ്ററാക്കി പുനർനിർമ്മിക്കുകയായിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകൾ നിർമ്മിക്കാനാണ് എഎംസി ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും രാജ്യത്തു 2500 സ്‌ക്രീനുകളുള്ള 350 സിനിമാ തിയറ്ററുകൾ നിർമ്മിക്കാനാണു സൗദിയുടെ പദ്ധതി. 100 കോടിയോളം ഡോളറിന്റെ വാർഷിക ടിക്കറ്റ് വിൽപനയാണു പ്രതീക്ഷ. രാജ്യത്തിന്റെ പ്രധാന വരുമാനം ക്രൂഡ് ഓയിലായിരുന്നു. ഇതിൽ നിന്ന് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് കിരീടാവകാശിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് മാറ്റങ്ങൾ.

സൗദിയിലെ മൂന്നു കോടിയോളം ജനങ്ങളിൽ ഭൂരിഭാഗവും 25ൽ താഴെയുള്ള യുവാക്കളാണ്. 1970കളിൽ സൗദിയിൽ ഏതാനും തിയറ്ററുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അടച്ചുപൂട്ടി. ഇതാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാറ്റിയെഴുതുന്നത്. സ്ത്രീകൾക്കു വാഹനമോടിക്കാൻ അനുമതി നൽകിയതും ചരിത്രപരമായ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് തിയേറ്ററുകൾ തുറക്കുന്നത്.

എണ്ണവ്യാപാരത്തെ മാത്രം ആശ്രയിക്കുന്ന നിലയിൽനിന്നു രാജ്യം ഭിന്നവ്യവസായങ്ങളിലേക്കും പുതിയ തൊഴിൽമേഖലയിലേക്കും നീങ്ങണമെന്നതും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്നതും രാജകുമാരന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.