ലണ്ടൻ: അനുദിനം കുറ്റകൃത്യങ്ങൾപെരുകുന്ന ലണ്ടൻ നഗരത്തിൽ ഇന്നലെ രാത്രി ഒന്നരമണിക്കൂറിനിടെ കുത്തേറ്റത് ആറ് കൗമാരക്കാർക്ക്. ഇതിൽ നാലുപേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. വധശ്രമക്കുറ്റത്തിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ 55 കൊലപാതകങ്ങൾ നടന്ന ലണ്ടൻ നഗരം ലോകത്തെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറുകയാണെന്ന സൂചനയാണ് ആവർത്തിക്കുന്ന ഈ സ്ഥിതിവിശേഷം നൽകുന്നത്.

മൈൽ എൻഡിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. റോമൻ റോഡ് ജങ്ഷനിൽ സംഘട്ടനത്തിനിടെയാണ് ഇരുവർക്കും കുത്തേറ്റത്. മൂന്നാമതൊരാൾക്കുകൂടി ഇവിടെ പരിക്കേറ്റിട്ടുണ്ട്. വസ്ത്രങ്ങളും മറ്റും കീറി വലിച്ചെറിഞ്ഞ നിലയിലാണ് ഇവിടെ. പൊലീസ് ജങ്ഷൻ അടച്ച് സീൽചെയ്തിട്ടുണ്ട്. അക്രമത്തെക്കുറിച്ച്് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് വ്യത്യസ്ത സംഭവങ്ങളിലാണ് മറ്റു നാലുപേർക്ക് പരിക്കേറ്റത്. 2010-നുശേഷം ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന കാലയളവായി ജനുവരിമുതൽ ഇതുവരെ മാറിക്കഴിഞ്ഞു.

ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ഇന്ത്യ ഡോക്കിലാണ് ഇന്നലെ ആദ്യ ആക്രമണമുണ്ടായത്്. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഇത്. അരമണിക്കൂറിനുശേഷം മൈൽ എൻഡിൽ മൂന്നുപേർക്ക് പരിക്കേറ്റ അക്രമമുണ്ടായി. ഏഴുമണിയോടെ ന്യൂഹാമിലെ ഗെയ്ൻസ്ബറോ അവന്യൂവിൽ 13-കാരൻ വിദ്യാർത്ഥി ബ്ലേഡ് ആക്രമണത്തിനിരയായി. ഒരുപറ്റം യുവാക്കളുമായി വാക്കേറ്റത്തിലേർപ്പെടുന്നതിനിടെയായിരുന്നു അത്. മിനിറ്റുകൾക്കകം ഈലിങ് ബ്രോഡ്‌വേയിൽ എച്ച്.എസ്.ബി.സി. ബാങ്കിന് പുറത്ത് നാട്ടുകാർ നോക്കിനിൽക്കെ മറ്റൊരു കൗമാരക്കാരനും കുത്തേറ്റു.

മൈൽ എൻഡിലെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളേറ്റവരിൽ ഒരു 13-കാരനും ഒരു 15-കാരനുമാണുള്ളതെന്ന് പൊലീ്‌സ് പറഞ്ഞു. ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്. ഇവിടെ കുത്തേറ്റ് വീണ കുട്ടികളെ പാരാമെഡിക്‌സ് സംഘവും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പുള്ള രംഗങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ കുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.