ടോക്യോ: വിദേശത്ത് യാത്ര ചെയ്യുമ്പോൾ സംഭവിക്കാവുന്ന ഏറ്റവും മോശമായ അനുഭവം വിമാനത്താവളത്തിൽ എത്തുമ്പോൾ പാസ്‌പോർട്ട് മറന്നുവെന്നറിയുന്നതാകും. ജപ്പാനിൽ യാത്ര ചെയ്യുകയായിരുന്ന അമേരിക്കക്കാരിക്ക് സംഭവിച്ചതും അതാണ്. ടോക്യോ വിമാനത്താവളത്തിലെത്തിയപ്പോഴാണ് താൻ പാസ്‌പോർട്ട് ഹോട്ടലിൽ മറന്നുവെച്ചതായി അവർ തിരിച്ചറിഞ്ഞത്. ടോക്യോയിലെ നാരിറ്റ എയർപോർട്ടിലായിരുന്നു അപ്പോൾ അവർ. പാസ്‌പോർട്ട് ക്യോട്ടോയിലെ ഹോട്ടലിലും.

എന്തുചെയ്യണമെന്നറിയാതെ നിന്ന അവർ, തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. ' ഞാനെന്തൊരു വിഡ്ഢിയാണ്. എന്റെ പാസ്‌പോർട്ട് ക്യോട്ടോയിലെ ഹോട്ടലിൽവെച്ചു മറന്നു. വൈകിട്ട് ആറരയ്ക്കാണ് ടോക്യോയിലെ നാരിറ്റയിൽനിന്ന് എന്റെ വിമാനം. ആരെങ്കിലും ക്യോട്ടോയിൽനിന്ന് ടോക്യോയിലേക്ക് വരുന്നുണ്ടോ? വിമാനത്താവളത്തിലോ മറ്റെവിടെയെങ്കിലും വെച്ച് എനിക്ക് കണ്ടുമുട്ടാനാകുമോ.' -എന്നായിരുന്നു അവരുടെ പോസ്റ്റ്.

സഹായിക്കുന്നവരോട് കടപ്പാടുണ്ടായിരിക്കുമെന്നും പ്രതിഫലം നൽകാമെന്നും അവർ റെഡ്ഡിറ്റിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞു. യുവതിയെ ഞെട്ടിച്ചുകൊണ്ട് വൻസെന്റ് മാഗിയോ എന്നയാളുടെ മറുപടി ഉടൻ വന്നു. ക്യോട്ടോയിലെ ഹോട്ടൽ ഏതെന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിൽ ഇങ്ങനെയും കുറിച്ചിരുന്നു. 'ഞാനിപ്പോൾ ഒസാക്കയിലാണ്. എനിക്കിന്ന് കാര്യമായ പണിയൊന്നുമില്ല. ഇതൊരു സാഹസിക ദൗത്യമായി ഏറ്റെടുക്കുന്നു'

വിവരങ്ങൾ യുവതി സ്വകാര്യമായി വിൻസെന്റിന് കൈമാറി. ക്യോട്ടോയിലെ ഹോട്ടലിലെത്തി യുവതി പറഞ്ഞ വിവരങ്ങൾക്കനുസരിച്ച് പാസ്‌പോർട്ട് വാങ്ങിയശേഷം അതു കിട്ടിയതായി അയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വിൻസെന്റിന് പറഞ്ഞ സമയത്തിനുള്ളിൽ നാരിറ്റ എയർപോർട്ടിലെത്താനാകുമോയെന്നതായിരുന്നു അടുത്ത സംശയം. സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ വിൻസെന്റിന്റെ യാത്ര പിന്തുടരുന്നുണ്ടായിരുന്നു.

യാത്രയുടെ വിശദാംശങ്ങൾ അപ്പപ്പോൾ വിൻസെന്റ് പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. വൈകിട്ട് ആറരയ്ക്കുള്ള വിമാനത്തിൽ യുവതിക്ക് പോകണമെന്നുണ്ടെങ്കിൽ ടോക്യോയിലേക്കുള്ള 1.19ന്റെ ട്രെയിനിന് വിൻസെന്റിന് കയറേണ്ടിയിരുന്നു. ട്രെയിൻ 3.35-ന് ടോക്യോയിലെത്തുകയും പാസ്‌പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ, വിൻസെന്റിന് 12.35ന്റെ ട്രെയിനിൽ കയറാനായി. ഇതോടെ പ്രതീക്ഷിച്ചതിലും നേരത്തേ എയർപോർട്ടിലെത്താനും പാസ്‌പോർട്ട് കൈമാറാനും സാധിച്ചു.

പാസ്‌പോർട്ട് കൈമാറുന്നതിന്റെയും ഇരുവരും ഒന്നിച്ചുനിൽക്കുന്നതിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. നിസ്വാർഥമായി മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാകുന്നവർ ഇപ്പോഴുമുണ്ടെന്നത് വളരെ ആഹ്ലാദം പകരുന്ന കാര്യമാണെന്ന് സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ പ്രതികരിച്ചു. മറ്റൊരാളെ സഹായിക്കാൻ കിട്ടിയ അവസരം സന്തോഷത്തോടെ വിനിയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വിൻസെന്റിന്റെ അഭിപ്രായം.