ക്രംലിൻ: സാലിസ്‌ബറിയിൽ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപലിനും മകൾ യൂലിയക്കും നേരേയുണ്ടായ വിഷപ്രയോഗത്തിന്റെ സൂത്രധാരന്മാരെന്നാരോപിച്ച് റഷ്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ സമ്മർദത്തിലാഴ്‌ത്തുന്ന ബ്രി്ട്ടീഷ് നടപടിക്കെതിരേ റഷ്യൻ മുന്നറിയിപ്പ്. ബ്രിട്ടൻ കളിക്കുന്നത് തീകൊണ്ടാണെന്നും ഇതിനൊടുവിൽ അവർ മാപ്പുപറയേണ്ടിവരുമെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യൻ പ്രതിനിധി വാസിലി നെബെൻസ്യ പറഞ്ഞു. 


സാലിസ്‌ബറിയിലെ ആക്രമണത്തിന് പിന്നിൽ റഷ്യയാകാനാണ് സാധ്യതയെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം. ഇത് റഷ്യ നിഷേധിച്ചു. എന്നാൽ, പിന്നാലെ, ബ്രിട്ടനിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി തെരേസ നിലപാട് കടുപ്പിച്ചു. ഇതോടെ, മോസ്‌കോയിലെ ബ്രിട്ടീഷ് പ്രതിനിധികളെ റഷ്യയും പുറത്താക്കി. ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി.

റഷ്യക്കെതിരേ അന്താരാഷ്ട്ര ഉപരോധത്തിന്റെ മാതൃകയിൽ സമ്മർദമുണ്ടാക്കിയ ബ്രിട്ടീഷ് നടപടിയെ കടുത്ത ഭാഷയിലാണ് വാസിലി നെബൻസ്യ വിമർശിച്ചത്. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിലിൽ സംസാരിക്കവെ, ബ്രിട്ടൻ ഉയർത്തിയ ആരോപണങ്ങൾ ക്രൂരവും അടിസ്ഥാനമില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുകൂടി വിശ്വസനീയമായ കഥയുമായി ബ്രിട്ടന് മുന്നോട്ടുവരാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

റഷ്യയുടെ ഇരുനൂറോളം നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇതിനകം വിവിധ രാജ്യങ്ങൾ പുറത്താക്കിയത്. ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതിന് ബ്രിട്ടൻ മാപ്പുപറയേണ്ടിവരുമെന്നും വാസിലി നെബൻസ്യ പറഞ്ഞു. തീകൊണ്ടാണ് കളിക്കുന്നതെന്ന് ഓർമവേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാലിസ്‌ബറി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന രാസായുധ നിരോധന സംഘടനയുടെ റിപ്പോർട്ടും റഷ്യയെ പ്രതിസ്ഥാനത്ത് നിർത്തുമെന്നുറപ്പായതോടെ, സെക്യൂരിറ്റി കൗൺസിലിൽ റഷ്യയാണ് യോഗം വിളിച്ചത്.

കഴിഞ്ഞമാസമാണ് സ്‌ക്രിപലിനും മകൾ യൂലിയക്കും നേരെ സാലിസ്‌ബറി സിറ്റി സെന്ററിന് മുന്നിൽവെച്ച് ആക്രമണമുണ്ടായത്. സോവിയറ്റ് യൂണിയനിലെ ലാബുകളിൽ നിർമ്മിച്ച നോവിചോക് എന്ന രാസായുധമാണ് ഇവർക്കുനേരെ പ്രയോഗിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതോടെയാണ് സംഭവത്തിന് പിന്നിൽ റഷ്യയാണെന്നും ആക്രമണം ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്കുമേലുള്ള കടന്നുകയറ്റമാണന്നും ബ്രിട്ടൻ ആരോപിച്ചത്.

എന്നാൽ, നോവിചോക്ക് എന്ന വിഷം പല രാജ്യങ്ങളിലും ഉദ്പാദിപ്പിക്കുന്നുണ്ടെന്ന് നെബൻസ്യ പറഞ്ഞു. അതിന്റെ പേര് റഷ്യനാണെങ്കിലും അതുമായി റഷ്യക്ക് ബന്ധമില്ല. റഷ്യയെ അപമാനിക്കാനുള്ള ബ്രിട്ടീഷ് ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സാലിസ്‌ബറി സംഭവത്തെക്കുറിച്ച് ബ്രിട്ടനും റഷ്യയും സംയുക്തമായി അന്വേഷണം നടത്തണമെന്നും റഷ് ആവശ്യപ്പെടുന്നു. എന്നാൽ, ഈ ആവശ്യം ഹേഗ് ആസ്ഥാനമായ രാസായുധ വിരുദ്ധ സംഘടന തള്ളി. റഷ്യയെ ഉൾപ്പെടുത്താതെയുള്ള അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകിയിരുന്നു.