ലണ്ടൻ: വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ 78-കാരനായ വയോധികന്റെ പേരിൽ കേസെടുക്കേണ്ടെന്ന് ബ്രിട്ടീഷ് പൊലീസ് തീരുമാനിച്ചു. ബ്രിട്ടീഷ് നിയമവൃത്തത്തിൽത്തന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചർച്ചാ വിഷയമായ ഈ അറസ്റ്റിൽ റിച്ചാർഡ് ഒസ്‌ബോൺ-ബ്രൂകസിനെ വെറുതെവിടാനുള്ള തീരുമാനം ജനങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചത്. കുറ്റവിമുക്തനാക്കപ്പെട്ട റിച്ചാർഡിനു നേർക്ക് ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയുള്ളതിനാൽ, അദ്ദേഹത്തിന്റെ വീട്ടിലും തെരുവിലും സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പൊലീസ് സ്ഥാപിച്ചു.

ഇയാഴ്ചയാദ്യമാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ട് കള്ളന്മാരിലൊരാളായ ഹെന്റി വിൻസെന്റിനെ റിച്ചാർഡ് കുത്തിവീഴ്‌ത്തിയത്. നെഞ്ചത്ത് കുത്തേറ്റ വിൻസെന്റ്, പുറത്തേക്കോടിയെങ്കിലും തെരുവിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടർന്ന് റിച്ചാർഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, വീട്ടിൽ അതിക്രമിച്ചയാളെ സ്വയരക്ഷയ്ക്കായുള്ള പ്രതിരോധത്തിനിടെ കൊല്ലേണ്ടിവന്നാൽ അതെങ്ങനെ കൊലപാതകക്കുറ്റമാകുമെന്ന ചർച്ചയും സജീവമായി. 2000-ലെ ടോണി മാർട്ടിൻ കേസുമായി ഇത് താരതമ്യപ്പെടുത്തുകയും ചെയ്തു.

മെട്രൊപ്പൊലിറ്റൻ പൊലീസും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായുള്ള ചർച്ചകൾക്കുശേഷമാണ് റിച്ചാർഡിന്റെ പേരിൽ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്. കുത്തേറ്റ് മരിച്ച വിൻസെന്റിന്റെ കുടുംബത്തോടും ഇക്കാര്യം പൊലീസ് സംസാരിച്ചു. എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന സാഹചര്യവും അവർ കുടുംബത്തെ ബോധ്യപ്പെടുത്തി. പൊലീസ് രേഖകളിലുള്ള സ്ഥിരം കുറ്റവാളികളിലൊരാളാണ് വിൻസെന്റെന്നതും റിച്ചാർഡിന്റെ രക്ഷയ്‌ക്കെത്തി.

സംഭവത്തിലുൾപ്പെട്ട എല്ലാവരെയും ഒരുപോലെ ബാധിച്ച സംഭവമാണിതെന്ന് മെട്രൊപ്പൊലിറ്റൻ പൊലീസിന്റെ മേജർ ക്രൈം കമാൻഡിന്റെ തലവൻ സൈമൺ ഹാർഡിങ് പറഞ്ഞു. കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ അതേക്കുറിച്ച് അന്വേഷിക്കുകയും പ്രതിസ്ഥാനത്തുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇവിടെ റിച്ചാർഡിന്റെ പ്രായവും വിൻസെന്റിന്റെ സ്വഭാവവും കണക്കിലെടുക്കേണ്ടിവന്നു. ക്രൗൺ പ്രോസിക്യൂഷൻ സർവീസും റിച്ചാർഡിന് അനുകൂലമായ നിയമോപദേശമാണ് നൽകിയതെന്നും ്അദ്ദേഹം പറഞ്ഞു.

റിച്ചാർഡിനെ അറസ്റ്റ് ചെയ്തതുമുതൽ അതിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു. സ്വയരക്ഷയ്ക്കായാണ് റിച്ചാർഡ് ആക്രമിച്ചതെന്നും അതിന് അദ്ദേഹത്തെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് നീതിയല്ലെന്നുമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഏറെപ്പേർ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമപദേശം തേടിയതും. എന്നാൽ, റിച്ചാർഡിനെ വെറുതെവിടാനുള്ള തീരുമാനത്തിൽ വിൻസെന്റിന്റെ കുടുംബം വിയോജിച്ച് രേഖപ്പെടുത്തി. റിച്ചാർഡിനുനേർക്ക് ആക്രമണമുണ്ടായേക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണ് വീടിലും റോഡിലും പൊലീസ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.