ബേജിങ്: തിരക്കേറിയ മോട്ടോർവേയിലൂടെ യാത്രചെയ്യുമ്പോൾ നിങ്ങൾക്ക് തിരിയേണ്ട ജങ്ഷൻ വിട്ടുപോയാൽ ഉടൻതന്നെ വണ്ട് അടുത്ത ലെയ്‌നിലേക്ക് കയറ്റി വളയ്ക്കാൻ ശ്രമിക്കരുത്. പിന്നാലെ അതിവേഗത്തിൽ വാഹനങ്ങൾ വരുന്നുണ്ടെന്നും വലിയൊരു അപകടത്തിനാണ് നിങ്ങൾ വഴിവെക്കുന്നതെന്നും ഓർക്കണം. നിരുത്തരവാദപരമായി വാഹനം വളയ്ക്കുന്നതിന് മുമ്പ് ഈ അപകടദൃശ്യം ഒന്നും കാണുന്നതും നന്നാകും.

ഈസ്റ്റ് ചൈനയിൽനിന്നുള്ളതാണ് ഈ ദൃശ്യം. തിരിയേണ്ട ജങ്ഷനെത്തുമ്പോൾ റോഡിന്റെ ഇടത്തേയറ്റത്തായിരുന്നു ഈ കാർ. ജങ്ഷൻ വിട്ടുപോയത് മനസ്സിലാക്കി പെട്ടെന്നുതന്നെ റോഡ് വട്ടം മുറിച്ചുകടക്കാനാണ് കാറോടിച്ചയാൾ തീരുമാനിച്ചത്. കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ പിന്നാലെ ചരക്കുമായി വന്ന ലോറി വെട്ടിക്കുകയും അത് മുന്നോട്ടുപോയി മറിയുകയും ചെയ്തു. എന്നിട്ടും റോഡ് കുറുകെ കടക്കാൻ കാർ ശ്രമിച്ചതോടെ, പിന്നാലെ വന്ന മറ്റൊരു ട്രെയിലറും അപകടത്തിൽപ്പെട്ടു.

ഈ രണ്ട് അപകടങ്ങളും കാറോടിച്ചയാളുടെ കൺമുന്നിലാണ് നടന്നത്. ഇതൊക്കെ സംഭവിച്ചിട്ടും ലവലേശം കൂസലില്ലാതെ അടുത്ത റോഡിലേക്ക കടന്ന് അയാൾ മുന്നോട്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. രണ്ട് അപകടങ്ങൾക്കും വഴിവെച്ച കാർ ഡ്രൈവർ, പോറൽപോലുമേൽക്കാതെ എക്‌സിറ്റ് റോഡിലേക്ക് കടന്ന് കാറോടിച്ചുപോവുകയും ചെയ്തു.

ചാങ്ചുൻ-ഷെൻസെൻ എക്‌സപ്രസ് വേയിൽ ഷെജിയാങ് പ്രവിശ്യയിലെ ഹുഷുവിന് സമീപമാണ് ഈ അപകടമുണ്ടായത്. മാർച്ച് 14-ന് ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ ഉൾപ്പെട്ട കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ. രണ്ട് ലോറിയിലുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ഹുഷു ട്രാഫിക് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എക്സ്‌പ്രസ് വേയിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട റോഡ് മര്യാദകൾ മറ്റുള്ളവരെ കാണിക്കുന്നതിന് ഈ വീഡിയോ ചൈനയിലിപ്പോൾ വൻ പ്രചാരംനേടുന്നുമുണ്ട്.