ലണ്ടൻ: ഹാരി രാജകുമാരന്റെ പ്രതിശ്രുത വധുവായ മേഘൻ മെർക്ക്‌ലിയാണ് ഇപ്പോൾ ബ്രിട്ടനിലെ താരം. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടണിനും മേലെ ഈ ഹോളിവുഡ് താരത്തെ ബ്രിട്ടീഷുകാർ പ്രതിഷ്ഠിച്ചുകഴിഞ്ഞു. മേഘനെക്കുറിച്ചുള്ള ഗോസിപ്പുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

അവരുടെ അമേരിക്കൻ ജീവിതത്തിലെ നിറംപിടിപ്പിച്ച കഥകൾ ഓരോന്നായി ചികഞ്ഞെടുക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് മാധ്യമങ്ങളിലേറെയും ഇപ്പോൾ, മേഘന്റെ ജീവിതത്തിലെ ആദ്യകാമുകനാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. 13-ാം വയസ്സിൽ മേഘൻ തന്റെ കൂടെയായിരുന്നുവെന്ന് ജോഷ്വ സിൽവർസ്‌റ്റെയ്ൻ പറയുന്നു. താനാദ്യം ചുംബിച്ച ആൺകുട്ടി എന്ന് മേഘൻ തന്നെ മുമ്പൊരു അഭിമുഖത്തിൽ ജോഷ്വ സിൽവെർസ്‌റ്റെയ്‌നെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വളരെക്കുറച്ചുനാൾ മാത്രമേ തങ്ങളുടെ ബന്ധം നിലനില്ലുള്ളൂവെന്നും ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗം വെളിപ്പെടുത്തി.

2013-ൽ ലാറി കിങ്ങിന്റെ ടെലിവിഷൻ ചാറ്റ് ഷോയിൽ പങ്കെടുക്കവെയാണ് ജോഷ്വയുടെ പേര് മേഘൻ വെളിപ്പെടുത്തിയത്. അന്ന് ഹാരിയുമായുള്ള ബന്ധം തുടങ്ങിയിട്ടു പോലുമുണ്ടായിരുന്നില്ല. ജീവിതത്തിൽ ആദ്യത്തെ ചുംബനം നൽകിയതാർക്കെന്ന ലാറിയുടെ ചോദ്യത്തിന് മറുപടിയായാണ് ജോഷ്വയുടെ പേര് അവർ വെളിപ്പെടുത്തിയത്. അത് 13-ാം വയസ്സിലായിരുന്നു. ഒരു സമ്മർ ക്യാമ്പിനിടെ, ഞാനവനെ ചുംബിച്ചു. ഇപ്പോൾ ജോഷ്വ എവിടെയാണെന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.

ജോഷ്വ ഇപ്പോൾ ലോസെയ്‌ഞ്ചെൽസിലാണുള്ളത്. രണ്ട് മക്കളുടെ പിതാവാണയാൾ. സ്റ്റാൻഡപ്പ് കൊമേഡിയനായി ജോലി ചെയ്യുന്ന ജോഷ്വ, എഴുത്തുകാരനും അദ്ധ്യാപകനും കൂടിയാണ്. സാന്റ മോണിക്കയിലെ അഗാപെ ഇന്റർനാഷണൽ സ്പിരിച്വൽ സെന്ററിൽവച്ചാണ് മേഘനും ജോഷ്വയും ആദ്യം കണ്ടുമുട്ടിയത്. അമ്മ ഡോറിയ റാഗ്‌ലൻഡിനൊപ്പം ഈ കേന്ദ്രത്തിലെ നിത്യസന്ദർശകയായിരുന്നു അന്ന് മേഘൻ. ഇരുവരും ആദ്യം കൂട്ടായി. പ്ിന്നീട് അത് പ്രണയത്തിലേക്കും വഴിമാറി.

മേഘൻ തന്നെ ആദ്യമായി ചുംബിച്ചചതെവിടെവച്ചാണെന്ന് ജോഷ്വയ്ക്ക് ഇപ്പോൾ ഓർമയില്ല. എന്നാൽ, ആദ്യമായി ചുംബിച്ച പുരുഷൻ താനാണെന്ന് മേഘൻ ഓർക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്ന് അയാൾ പറഞ്ഞു. ഒന്നോ രണ്ടോ മാസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. നാടകപരിശീലനത്തിന്റെ ക്യാമ്പിലായിരുന്നു ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞത്. ഇതിനിടയിലൊരു ദിവസം സിനിമ കാണാൻ പോയതാണ് അവരെ പിരിയാൻ പ്രേരിപ്പിച്ചത്.

ഏറെ പ്രശസ്തമായ ക്ലൂലെസ് എന്ന സിനിമകാണുന്നതിനാണ് മേഘനും ജോഷ്വയും കൂടി 1995 ജൂലൈയിലെ ഒരുദിവസം പോയത്. അലീഷ്യ സിൽവർ‌സ്റ്റോണും പോൾ റൂഡൂം അഭിനയിച്ച പ്രണയരംഗങ്ങൾ കണ്ടിരിക്കെ ജോഷ്വയ്ക്ക് ബോറടിച്ചു. അവൻ സിനിമാ ഹാളിൽനിന്നിറങ്ങിപ്പോയി. സിനിമയ്ക്കിടെ തന്നെ ഒറ്റയ്ക്കാക്കിപ്പോയ ജോഷ്വയോട് മേഘൻ പിണങ്ങി. പിറ്റേന്ന് ഇതേച്ചൊല്ലി വഴക്കുപിടിച്ചു. അതോടെ ആ ബന്ധം പിരിയുകയും ചെയ്തു.

നാടകങ്ങളിലൂടെയും മറ്റും മേഘൻ പി്ന്നീട് താരമായി മാറി. മോഡലിങ്ങിലും ഉയരങ്ങൾ കീഴടക്കി. മേഘനുമായി പിരിഞ്ഞശേഷവും അവരുടെ അമ്മയെ കാണാറുണ്ടായാരുന്നുവെന്ന് ജോഷ്വ പറയുന്നു. മേഘന്റെ അമ്മയും ജോഷ്വയുടെ അച്ഛനും ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. ദ ലേറ്റ് ലേറ്റ് ഷോ ഉൾപ്പെടെ ടിവി പരിപാടികളിൽ അഭിനയിച്ചും കുട്ടികൾക്കായി അഭിനയത്തിന്റെ ക്യാമ്പുകൾ നടത്തിയും ജീവിക്കുകയാണ് ജോഷ്വ ഇപ്പോൾ.