ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് വാസസ്ഥലം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമം സമീപഭാവിയിലൊന്നും വിജയിച്ചേക്കില്ലെങ്കിലും, ശൂന്യാകാശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ അധികമൊന്നും കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന നാലുവർഷത്തിനപ്പുറം തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ബഹിരാകാശത്തെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഇപ്പോൾത്തന്നെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

അറോറ സ്‌റ്റേഷനാണ് 2021-ൽ ബഹിരാകാശത്ത് പഞ്ചനക്ഷത്ര ഹോട്ടൽ തീർക്കുക. 12 ദിവസത്തെ താമസമാണ് യാത്രക്കാർക്ക് അറോറ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ, ഇതിന് നന്നായി പണം മുടക്കണം. 70 ലക്ഷം പൗണ്ടോളമാണ് ഒരുതവണ പോയിവരാനുള്ള ചെലവ്. അതിന് പുറമെ, ബഹിരാകാശ ജീവിതവുമായി പൊരുത്തപ്പെടുന്നതിന് മൂന്നുമാസത്തെ കഠിന പരിശീലനവും വേണം.

200 മൈൽ മുകളിലായി ഓരോ ഒന്നരമണിക്കൂറിലും ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടാവും അറോറ ബഹിരാകാശത്ത് വിസ്മയം തീർക്കുക. 43.5 അടി നീളവും 14.1 അടി ഉയരവുമുള്ള അറോറയിൽ ഒരേസമയം ആറുപേരെ ഉൾ്‌ക്കൊള്ളാനാകും. നാല് അതിഥികളും രണ്ട് ജീവനക്കാരും. ശൂന്യാകാശത്ത് പാറിപ്പറന്നുനടക്കുമ്പോൾ, അതിഥികൾക്ക് ഒരുദിവസം 16 തവണ സൂര്യോദയവും സൂര്യാസ്തമയവും കാണാനാവും.

കാലിഫോർണിയ ആസ്ഥാനമായുള്ള ഒറിയോൺ സ്പാൻ എന്ന സ്‌പെയ്‌സ് ടെക്‌നോളജി സ്റ്റാർട്ടപ്പാണ് ഈ ആശയത്തിന് പിന്നിൽ. ബഹിരാകാശ ഗവേഷണരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരാണ് ഈ ആശയത്തിന് കരുത്ത് പകരുന്നതെന്ന് ഒറിയോൺ സ്പാൻ അവകാശപ്പെടുന്നു. ബഹിരാകാശം എല്ലാവർക്കും ആസ്വദിക്കാൻ അവസരം കൊടുക്കുകയെന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ചീഫ് എകസിക്യുട്ടീവ് ഫ്രാങ്ക് ബംഗർ പറയുന്നു.

അറോറ സ്‌റ്റേഷനിൽ താമസിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നവരിൽനിന്ന് ഇപ്പോൾ ഓറിയോൺ ഇപ്പോൾ 60,000 പൗണ്ടാണ മുൻകൂറായി ഈടാക്കുന്നത്. മുഴുവൻ പണവും കണ്ടെത്താൻ കഴിയാതെവന്നാൽ, അഡ്വാൻസ് തുക തിരിച്ചുനൽകുമെന്നും കമ്പനി അധികൃതർ പറയുന്നു. ബഹിരാകാശത്ത് ആളുകൾക്ക് താമസിക്കാൻ സാധിക്കുന്ന സ്‌പേസ് സ്റ്റേഷൻ സ്ഥാപിക്കാൻ ഓക്‌സിയം സ്‌പേസ് എന്ന അമേരിക്കൻ കമ്പനിയും തയ്യാറെടുക്കുന്നുണ്ട്. 2024-ഓടെ ഇത് നടപ്പിലാകുമെന്നാണ് കരുതുന്നത്.