യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കുടിയേറ്റ വിരുദ്ധ ,വലത് വംശീയ പാർട്ടികൾ അധികാരത്തിൽ വരുന്ന പ്രവണത ഈ അടുത്ത കാലത്ത് വർധിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഹംഗറിയിൽ വംശീയ പാർട്ടി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഫിഡെസ് പാർട്ടി ജയിച്ച് വിക്ടർ ഓർബൻ പ്രധാനമന്ത്രിയാകാൻ പോകുന്നത്. ഇതോടെ യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തമായിട്ടുമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 98 ശതമാനം വോട്ടുകളും എണ്ണിത്തീർന്നപ്പോഴേക്കും ഓർബന്റെ പാർട്ടി 48.81 ശതമാനം വോട്ടുകളും കരസ്ഥമാക്കി കുതിപ്പ് തുടരുകയാണെന്നാണ് ദി നാഷണൽ ഇലക്ഷൻ ഓഫീസ് അറിയിക്കുന്നത്. ഇത്തരത്തിൽ തികച്ചും അസാധാരണമായതും അപ്രതീക്ഷിതമായതുമായ വിജയമാണ് ഓർബന്റെ പാർട്ടി നേടിയിരിക്കുന്നത്.

ഇതിലൂടെ ഓർബന്റെ പാർട്ടിക്ക് പാർലിമെന്റിൽ 134 സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നാഷണലിസ്റ്റ് പാർട്ടി ജോബിക്ക് 27 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സോഷ്യലിസ്റ്റ് പാർട്ടി 20 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.തെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തിൽ ജോബിക്ക് ചെയർമാനായ ഗാബർ വോണ രാജി വച്ചിട്ടുണ്ട്. എന്നാൽ തന്റെ പാർട്ടി അസാധാരണ വിജയമാണ് നേടിയിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബുഡാപെസ്റ്റിൽ വച്ച് ജനക്കൂട്ടത്തോട് സംസാരിക്കവെ ഓർബൻ അവകാശപ്പെട്ടിരിക്കുന്നത്.

വിജയത്തിൽ അഭിനന്ദനം അറിയിച്ച് കൊണ്ട് ലോകത്തിലെ മറ്റ് ചില രാജ്യങ്ങളിലെ തീവ്രവലത് പക്ഷ നേതാക്കൾ ഓർബനെ ബന്ധപ്പെട്ടിട്ടുണ്ട്. അതായത് ഫ്രാൻസിലെ തീവ്രവലതുപക്ഷ നേതാവായ മാരിനെ ലെ പെൻ ഇക്കൂട്ടത്തിൽ പെടുന്നു. മൂല്യങ്ങൾ തിരിച്ച് വന്നിരിക്കുന്നുവെന്നും യൂറോപ്യൻയൂണിയൻ പ്രോത്സാഹിപ്പിച്ചിരുന്ന നിയന്ത്രണമില്ലാത്ത കുടിയേറ്റത്തെ ജനം ഒരിക്കൽ കൂടി നിരസിച്ചിരിക്കുന്നുവെന്നുമാണ് പെൻ ഞായറാഴ്ച രാത്രി പ്രതികരിച്ചിരിക്കുന്നത്. ഡച്ചിലെ കടുത്ത വലതുപക്ഷ നേതാവായ ഗീർട്ട് വൈൽഡേർസും ഓർബനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

നിയന്ത്രണമില്ലാത്ത കുടിയേറ്റത്തോടുള്ള ജനത്തിന്റെ എതിർപ്പാണ് ഓർബന് വിജയമേകുന്നതിൽ പ്രധാന ഘടകമായി വർത്തിച്ചിരിക്കുന്നതെന്നാണ് വൈൽഡേർസ് പ്രതികരിച്ചിരിക്കുന്നത്. നിലവിൽ ഹംഗറിയിൽ അഴിമതി, ഹെൽത്ത് കെയർ മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയവയൊന്നുമല്ല ജനത്തെ ആശങ്കപ്പെടുത്തുന്നതെന്നും മറിച്ച് നിയന്ത്രണമില്ലാത്ത കുടിയേറ്റമാണെന്നും അതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നതെന്നും വൈൽഡേർസ് എടുത്ത് കാട്ടുന്നു. യുഎൻ, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന നേതാവാണ് ഓർബൻ.

ഹംഗറിയെ കുടിയേറ്റ രാജ്യമാക്കുന്നതിൽ അദ്ദേഹം കാലാകാലങ്ങളായി കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഹംഗറിയുടെ ക്രിസ്ത്യൻ ഐഡന്റിറ്റി നിലനിർത്തണമെന്നും ഓർബൻ ശക്തമായി വാദിക്കാറുണ്ട്.തന്റെ കുടിയേറ്റ വിരുദ്ധ മനോഭാവത്താൽ യൂറോപ്യൻ യൂണിയൻ ഇൻസ്റ്റിറ്റിയൂഷനുകളുമായി ഓർബൻ നിരന്തരം കലഹത്തിൽ ഏർപ്പെടുന്നയാളുമാണ്.