ഉറക്കക്കുറവ് നിങ്ങളെ അൽഷിമേഴ്‌സ് രോഗിയാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്തൊക്കെ സംഭവിച്ചാലും ഒരു ദിവസംപോലും ഉറങ്ങാതിരിക്കരുതെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഒരുദിവസത്തെ ഉറക്കക്കുറവ് പോലും അൽഷിമേഴ്‌സിന് തുടക്കമിടാമെന്നും അവർ പറയുന്നു. രോഗത്തിന് കാരണമായ ബീറ്റ-അമിലോയ്ഡ് പ്രോട്ടീന്റെ ഉദ്പാദനം അഞ്ചുശതമാനം കൂട്ടാൻ ഒരുദിവസത്തെ ഉറക്കമില്ലായ്മ കാരണമാകുമെന്നാണ് 20 പേരിലായി നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്.

ചെറിയതോതിൽ ഓർമക്കുറവുള്ളവരുടെ തലച്ചോറിൽ പ്രായമായവരേക്കാൾ 21 ശതമാനം കൂടുതൽ ബീറ്റ-അമിലോയ്ഡുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അൽഷിമേഴ്‌സ് ബാധിച്ചവരുടെ തലച്ചോറിൽ ഇതിന്റെ അളവ് 43 ശതമാനത്തിലേറെയാണ്. ഒരുദിവസത്തെ ഉറക്കക്കുറവുപോലും ബീറ്റ-അമിലോയ്ഡ് പ്രോട്ടീന്റെ ഉദ്പാദനത്തെ സ്വാധീനിക്കുമെന്നതിനാൽ, ഉറക്കക്കുറവ് അൽഷിമേഴ്‌സ് ബാധിക്കാൻ മതിയായ കാരണമാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

മുമ്പ് എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം ്‌സഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഉറക്കക്കുറവും ബീറ്റ-അമിലോയ്്ഡും തമ്മിലുള്ള ബന്ധം മനുഷ്യരുടെ തലച്ചോറിൽ പരിശോധിച്ച് ഉറപ്പാക്കുന്നത്. ബീറ്റ-അമിലോയ്ഡ് അടിഞ്ഞുകൂടി ഓർമകൾക്ക് വഴിയൊരുക്കുന്ന തലച്ചോറിലെ സന്ദേശങ്ങളെ തടയുന്നതുകൊണ്ടാണ് സ്മൃതിനാശം സംഭവിക്കുന്നതെന്നാണ് കരുതുന്നത്. ഉറക്കക്കുറവിലൂടെ സ്മൃതിനാശം എളുപ്പത്തിൽ സംഭവിക്കാമെന്നും ഗവേഷകർ പറയുന്നു.

എന്നാൽ, ഒരുദിവസത്തെ ഉറക്കക്കുറവ് ബീറ്റ-അമിലോയ്ഡിന്റെ ഉദ്പാദനം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെ അനന്തരഫലങ്ങൾ തൊട്ടുപിറ്റേന്നത്തെ ദിവസത്തേക്കുമാത്രമാണോ അതോ, ദീർഘകാലം നിലനിൽക്കുമോ എന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഉറക്കക്കുറവും ബീറ്റ-അമിലോയ്ഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായത് രോഗത്തിന്റെ മൂലകാരണങ്ങളിലൊന്ന് കണ്ടെത്തുന്നതിന് തുല്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ മേരിലാൻഡ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എഹ്‌സൻ ഷോക്രി-കൊജോരി പറഞ്ഞു.

തുടർച്ചയായി ഉറക്കമില്ലാതാകുന്നവർക്ക് അൽഷിമേഴ്‌സ് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പഠനം വെൡപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 22 മുതൽ 72 വയസ്സുവരെയുള്ള പൂർണ ആരോഗ്യവാന്മാരായ 20 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ആദ്യദിവസം രാത്രി പത്തുമുതൽ രാവിലെ ഏഴുവരെ ഉറങ്ങാൻ അനുവദിച്ചശേഷം തലച്ചോർ പരിശോധിച്ചു. പിറ്റേന്ന് ഉറങ്ങാതിരുന്നശേഷവും പരിശോധന ആവർത്തിച്ചു. ബീറ്റ-അമിലോയ്ഡിന്റെ അളവിൽ പ്രകടമായ വ്യത്യാസമാണ് രണ്ടുദിവസവും ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു.