ലണ്ടൻ: ഒരുവർഷത്തിനിടെ ബ്രിട്ടനടക്കം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പൗരത്വം നൽകിയത് പത്തുലക്ഷത്തോളം വിദേശികൾക്ക്. 2016-ൽ യൂറോപ്യൻ പാസ്‌പോർട്ട് ലഭിച്ചവരുടെ എണ്ണം 995,000 വരുമെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. തൊട്ടുതലേവർഷം 841,000 വിദേശികളാണ് യൂറോപ്യൻ പൗരത്വം സ്വന്തമാക്കിയത്.

ഇറ്റലിയാണ് ഏറ്റവും കൂടുതൽപേർക്ക് പൗരത്വം നൽകിയത്. 201,600 പേർക്ക്. സ്‌പെയിൻ 150,900 പേർക്കും ബ്രിട്ടൻ 149,400 പേർക്കും പൗരത്വം നൽകി. 2015-ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടൻ പൗരത്വം നൽകിയവരുടെ സംഖ്യയിൽ 30 ശതമാനത്തോളം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് നടപടികൾ തുടങ്ങുന്നതിന് മുന്നെ യൂറോപ്യൻ യൂണിയൻ പൗരത്വം ലഭിച്ചവരാണെന്നതിനാൽ, ഈ പത്ത് ലക്ഷം പേർക്കും ബ്രിട്ടനിൽ ജീവിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകും.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വം നേടിയ ബ്രി്ട്ടീഷ് പൗരന്മാരുടെ എണ്ണത്തിലും 2016-ൽ വർധനയുണ്ടായി. 2015-ൽ 2478 ബ്രിട്ടീഷുകാരാണ് മറ്റു രാജ്യങ്ങളിൽ പൗരത്വം നേടിയതെങ്കിൽ, ബ്രെക്‌സിറ്റ് വർഷമായ 2016-ൽ അത് 6555 ആയി ഉയർന്നു. 2002-നുശേഷം ഏറ്റവും കൂടുതൽ ബ്രിട്ടീഷുകാർ വിദേശപൗരത്വം സ്വീകരിച്ചതും 2016-ലാണെന്ന് യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമായ യൂറോസ്റ്റാറ്റ് വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളിലേക്ക് പോയ ബ്രിട്ടീഷുകാരിൽ, ഏറെപ്പേരും ജർമനിയിലാണ് താവളം കണ്ടെത്തിയത്. പത്തിൽ നാലുപേരും ജർമനി തിരഞ്ഞെടുത്തു. 15 ശതമാനം പേർ സ്വീഡനെ മാതൃരാജ്യമായി സ്വീകരിച്ചപ്പോൾ പത്തുശതമാനം പേർ നെതർലെൻഡ്‌സിൽ പൗരത്വം സ്വന്തമാക്കി. ബ്രെ്ക്‌സിറ്റിലുള്ള ആശങ്കയും യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള മടിയുമൊക്കെയാണ് ബ്രെക്‌സിറ്റ് വർഷം ബ്രിട്ടനിൽനിന്ന് വിദേശത്തേക്ക് പോയവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്ന് ലണ്ടൻ കിങ്‌സ് കോളേജിലെ ഇക്കണോമിക്‌സ് പ്രൊഫസ്സർ ജോനാഥൻ പോർട്‌സ് പറഞ്ഞു.

2016-ൽ യൂറോപ്യൻ യൂണിയനിൽ പൗരത്വം സംഘടിപ്പിച്ചവരിൽ മുമ്പന്തിയിലുള്ളത് മൊറോക്കോക്കാരും അൽബേനിയക്കാരും ഇന്ത്യക്കാരുമാണെന്ന് യൂറോസ്റ്റാറ്റിന്ററെ കണക്കുകളിൽ പറയുന്നു. 101,300 മൊറോക്കോക്കാരാണ് ഒരുവർഷംകൊണ്ട് യൂറോപ്യൻ പൗരന്മാരായത്. അൽബേനിയയിൽനിന്ന് 67,500 പേരും ഇന്ത്യക്കാരായ 41,700 പേരും പൗരത്വം നേടി. പാക്കിസ്ഥാൻ (32,900), തുർക്കി (32,800) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. പൗരത്വം നേടിയ ഇന്ത്യക്കാരിൽ 59 ശതമാനവും ബ്രിട്ടനിലാണ് താമസമുറപ്പിച്ചതെന്നും യൂറോസ്റ്റാറ്റിന്റെ കണക്കുകളിൽ വെളിപ്പെടുന്നു.