ലണ്ടൻ: സാലിസ്‌ബറി സിറ്റി സെന്ററിൽ വിഷബാധയേറ്റ് ഒരുമാസത്തോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയേണ്ടിവന്ന യൂലിയ സ്‌ക്രിപാൽ റഷ്യൻ എംബസിയുടെ സഹായം വേണ്ടെന്ന് പ്രഖ്യാപിച്ചു. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെ ലക്ഷ്യമിട്ടുനടന്ന വിഷപ്രയോഗമാണ് യൂലിയയെയും മരണത്തിന്റെ വക്കിലെത്തിച്ചത്. അപകടനില തരണം ചെയ്ത് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് റഷ്യയുടെ സഹായം തനിക്ക് വേണ്ടെന്ന് യൂലിയ പ്രഖ്യാപിച്ചത്.

സെർജി സ്‌ക്രിപാൽ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും വിഷബാധയുടെ അസ്വസ്ഥതകൾ തന്നെ പൂർണമായി വിട്ടുപോയിട്ടില്ലെന്നും യൂലിയ പറഞ്ഞു. മെട്രൊപ്പൊലിറ്റൻ പൊലീസ് മുഖേന നൽകിയ വാർത്താക്കുറിപ്പിലാണ് റഷ്യ സഹായ വാഗ്ദാനവുമായി സമീപിച്ചിരുന്നുവെന്നും താനത് നിരസിച്ചുവെന്നും യൂലിയ വ്യക്തമാക്കിയത്. റഷ്യയുടെ സേവനങ്ങൾ സ്വീകരിക്കാൻ താനോ കുടുംബമോ തയ്യാറല്ലെന്നായിരുന്നു യൂലിയയുടെ പ്രതികരണം.

എന്നാൽ, യൂലിയ നടത്തിയ പ്രതികരണം സ്വന്തം നിലയ്ക്കുള്ളതാണോയെന്ന സംശയവുമായി റഷ്യ രംഗത്തെത്തി. പത്രക്കുറിപ്പ് യൂലിയ തന്നെ തയ്യാറാക്കിയതാണോയെന്നും റഷ്യ സംശയമുന്നയിച്ചു. യൂലിയയെയും അച്ഛൻ സെർജിയെയും ബ്രിട്ടൻ തട്ടിയെടുത്തിരിക്കുകയാണെന്നും തങ്ങളുടെ സഹായം സ്വീകരിക്കാൻ അവരെ അനുവദിക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു.

യൂലിയക്കും സെർജിക്കുംനേരെ നടന്ന ആക്രമണത്തിന് പിന്നിൽ യൂലിയയുടെ പ്രതിശ്രുത വരന് പങ്കുണ്ടായിരുന്നുവെന്ന ആരോപണവുമായി യൂലിയയുടെ അർധസഹോദരി വിക്ടോറിയ സ്‌ക്രിപാൽ രംഗത്തെത്തിയിരുന്നു. എന്നാൽ, അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും വിക്ടോറിയയോട് യൂലിയ ആവശ്യപ്പെട്ടു. താനുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും വിക്ടോറിയയോട് യൂലിയ ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് സഹായം വാഗ്ദാനം ചെയ്ത റഷ്യൻ എംബസിക്ക് നന്ദിപറഞ്ഞ യൂലിയ, തൽക്കാലം അത് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. മനസ്സുമാറുകയാണെങ്കിൽ അപ്പോഴറിയിക്കാം. ബ്രിട്ടനിൽ താൻ സുരക്ഷിതയാണെന്നും തൽക്കാലം ജീവന് ആപത്തൊന്നുമില്ലെന്നും പറഞ്ഞ യൂലിയ, ആരോഗ്യം പൂർണമായി വീണ്ടെടുത്തശേഷം മാധ്യമങ്ങൾക്ക് വിശദമായ അഭിമുഖം നൽകാൻ തയ്യാറാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തിയ സാലിസ്‌ബറി ഡിസ്ട്രിക്ട് ആശുപത്രി അധികൃതരോട് യൂലിയ നന്ദി പറഞ്ഞു.