ന്യൂയോർക്ക്: വിശ്വസ്തമെന്ന് കരുതി 30 വർഷത്തിലേറെ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിക്കുകവഴി അർബുദബാധിതനായ അമേരിക്കൻ നിക്ഷേപകന് വീണ്ടും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2016-ൽ അർബുദം കണ്ടെത്തിയ സ്റ്റീഫൻ ലാൻസോ എന്നയാൾക്ക് 521 കോടി രൂപ കൂടി നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്. കഴിഞ്ഞയാഴ്ച ലാൻസോയ്ക്ക് 195 കോടി രൂപയും ഭാര്യ കേന്ദ്രയ്ക്ക് 46 കോടി രൂപയും നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

തുടർച്ചയായ ഉപയോഗം അർബുദത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ആ വിവരം മറച്ചുവെച്ച് വിൽപന നടത്തുകയാണ് കമ്പനി ചെയ്തതെന്ന് കാണിച്ചാണ് ലാൻസോയും കേന്ദ്രയും കോടതിയെ സമീപിച്ചത്. ഇവർക്കുള്ള നഷ്ടപരിഹാരം ജോൺസൺ ആൻഡ് ജോൺസണും അതിന്റെ വിതരണക്കാരനും കൂടി നൽകണമെന്നാണ് നിർദ്ദേശം. പുതിയതായി പ്രഖ്യാപിച്ച 521 കോടി രൂപ നഷ്ടപരിഹാരത്തിൽ 360 കോടി രൂപയും ജോൺസൺ ആൻഡ് ജോൺസണാണ് നൽകേണ്ടത്. ബാ്ക്കിതുക വിതരണക്കാരായ ഇമേരീസ് ടാൽക്കും.

വിധിക്കെതിരേ അപ്പീൽ പോകുമെന്നും ഉത്പന്നത്തിന്റെ സുരക്ഷ ബോധ്യപ്പെടുത്തുമെന്നും ജോൺസൺ ആൻഡ് ജോൺസണും ഇമേരീസ് ടാൽക്കും വ്യക്തമാക്കി. ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറിനെതിരേയും മറ്റ് ഉത്പന്നങ്ങൾക്കെതിരേയും ആയിരക്കണക്കിന് കേസുകൾ അമേരിക്കൻ കോടതികളിലുണ്ട്. കൂടുതൽ കേസുകളും സ്ത്രീകളിലെ ഗർഭാശയ കാൻസറിന് ഉത്പന്നങ്ങൾ കാരണമാകുന്നുവെന്ന് കാണിച്ചാണ്. ആദ്യമായാണ് ഒരു പുരുഷൻ ജോൺസൺ ആൻഡ് ജോൺസണിനെതിരായ നിയമയുദ്ധത്തിൽ വിജയിക്കുന്നതെന്ന് കരുതുന്നു.

വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പോലും അനുവദിക്കാതെയാണ് ലാൻസോ കേസിൽ ജൂറി വിധി പറഞ്ഞതെന്ന്‌ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനി അധികൃതർ ആരോപിച്ചു. ഒന്നിലേറെത്തവണ പരാജയപ്പെട്ട കേസിലാണ് ഇപ്പോൾ ഹർജിക്കാരൻ വിജയം കണ്ടിരിക്കുന്നത്. ടാൽക്കം പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശമുണ്ടായിരുന്നുവെന്നും അതിലൂടെ അത് മലിനമായിരുന്നുവെന്നുമാണ് ആരോപണം. ആസ്‌ബെസ്റ്റോസ് സാന്നിധ്യം തെളിയിക്കാൻ ഹർജിക്കാരനായിട്ടില്ലെന്ന് ഇമേരീസ് ടാൽക്കും പത്രക്കുറിപ്പിൽ ആരോപിച്ചു.

ടാൽക്ക് എന്ന ധാതുപദാർഥത്തിൽനിന്നാണ് ടാൽക്കം പൗഡർ ഉദ്പാദിപ്പിക്കുന്നത്. ഇത് സാധാരണ ആസ്‌ബെസ്റ്റോസ് നിക്ഷേപങ്ങൾക്കൊപ്പമാണ് കാണപ്പെടാറുള്ളത്. ഇത് കൂടിക്കലരുകയാണെങ്കിൽ അത് അപകടകരമാകുമെന്ന് നേരത്തേതന്നെ പഠനങ്ങളുണ്ടായിട്ടുണ്ട്. ആസ്‌ബെസ്‌റ്റോസ് ശരീരത്തിൽ കടക്കുന്നത് ശ്വാസകോശത്തെയും അടിവയറിനെയും ഹൃദയത്തെയും ബാധിക്കുന്ന മാരകമായ അർബുദമായ മെസോതെലിയോമക്ക് കാരണമാകുമെന്നും പഠനങ്ങളുണ്ട്.

ജോൺസൺ ആൻഡ് ജോൺസൺ ഉത്പന്നങ്ങളായ ഷവർ ടു ഷവറും ബേബി പൗഡറും ഉപയോഗിക്കുമ്പോൾ ആസ്‌ബെസ്‌റ്റോസ് തന്റെ ഉള്ളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് ലാൻസോയുടെ വാദം. ബേബി പൗഡർ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ 19600-കൾ മുതൽക്ക് ജോൺസൺ ആൻഡ് ജോൺസൺ മറച്ചുവെക്കുകയാണെന്നും ലാൻസോയുടെ അഭിഭാഷകർ വാദിച്ചു. കമ്പനിയുടെ ടാൽക്കം പൗഡറിൽ ആസ്‌ബെസ്റ്റോസിന്റെ അംശമുണ്ടെന്ന കണ്ടെത്തൽ 1969ൽ കമ്പനിയിലെ ഒരു ശാസ്ത്രജ്ഞൻ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷകർ വാദിച്ചു.

ജോൺസൺ ആൻഡ് ജോൺസണെതിരെ അമേരിക്കയിൽ 6610 കേസുകളാണ് വിവിധ കോടതികളിലായി ഉള്ളത്. സ്ത്രീ സൗന്ദര്യത്തിനും മറ്റും ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ഓവേറിയൻ കാൻസറിന് കാരണമാകുമെന്ന കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചാണ് കൂടുതൽ കേസുകളും.