ലൊസാഞ്ചലസ്: ലോസാഞ്ചലസിൽ കാണാതായ മലയാളി കുടുംബത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മെറൂൺ ഹോണ്ട പൈലറ്റ് വാഹനം ശക്തമായ പെരുമഴയിൽ നദിയിലേക്ക് ഒലിച്ചു പോയി ന്ന സംശയത്തിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. . വിവിധ രക്ഷാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സംയുക്ത അന്വേഷണ സംഘം നിരന്തര തിരച്ചിലിലാണെന്ന് കലിഫോർണിയ ഹൈവേ പട്രോൾ ഓഫിസർ വില്യം വോണ്ടർലിക് അറിയിച്ചു. പെരുമഴയിലുണ്ടായ അപകടത്തിൽ ഹൈവേ 101ൽ നിന്ന് തെന്നി ഈൽ നദിയിലേക്ക് വാഹനം വീഴുകയാണുണ്ടായത്.

ഇവരെ കാണാതായി ദിവസങ്ങൾ പിന്നിട്ട ശേഷമാണ് അന്വേഷണം തുടങ്ങിയത്. ഇതും തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബന്ധുവിനെ കാണാനായി സനോസെയിലേക്ക് പോകുമ്പോഴാണ് യുഎസിൽ ബാങ്ക് ഉദ്യോഗസ്ഥനായ തോട്ടപ്പള്ളിയിൽ സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവർ അപകടത്തിൽപ്പെട്ടത്. നദിയിൽ കുത്തൊഴുക്കുണ്ടായിരുന്നതിനാൽ മെറൂൺ ഹോണ്ട പൈലറ്റ് വണ്ടി കണ്ടെത്താൻ അന്വേഷണം നദിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സൂറത്തിലുള്ള സന്ദീപിന്റെ കുടുംബവും കൊച്ചിയിലുള്ള സൗമ്യയുടെ കുടുംബവും ഇവർക്കു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിപ്പിലാണ്. തങ്ങളുടെ മക്കൾ തിരികെ വരും എന്ന് തന്നെയാണ് ഈ കുടുംബം വിസ്വസിക്കുന്നത്. സൂറത്തിലെ വീട്ടിലിരുന്ന് മകനും കുടുംബത്തിനും 'ഒന്നും വരുത്തല്ലേ' എന്നു പ്രാർത്ഥിക്കുകയാണ് തോട്ടപ്പള്ളിയിൽ ബാബു സുബ്രഹ്മണ്യവും ഭാര്യ രമയും. സൂറത്തിലെ മലയാളികളടക്കമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്.

എറണാകുളം മുനമ്പത്തുനിന്നു വർഷങ്ങൾക്കു മുൻപേ ഗുജറാത്തിലെത്തിയതാണ് ബാബുവും കുടുംബവും. സന്ദീപ് 15 വർഷമായി യുഎസിലാണ്. കാനഡയിൽ സ്ഥിരതാമസമാക്കിയ മറ്റൊരു മകൻ സച്ചിൻ വിവരമറിഞ്ഞു കലിഫോർണിയയിൽ എത്തിയിട്ടുണ്ട്. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.

എറണാകുളം കാക്കനാട്ടുള്ള സൗമ്യയുടെ മാതാപിതാക്കളും ബന്ധുക്കളും ഞെട്ടലിൽനിന്നു മുക്തരായിട്ടില്ല. പടമുകൾ സാറ്റലൈറ്റ് ടൗൺഷിപ്പിലെ 'അക്ഷയ'യിൽ സോമനാഥപിള്ളയുടെയും രത്‌നലതയുടെയും മകളാണ് സൗമ്യ. ഒരാഴ്ച മുൻപാണു സൗമ്യ വീട്ടിലേക്കു വിളിച്ചതെന്നു സഹോദരൻ ലിഖിത് പറഞ്ഞു. 13 വർഷം മുമ്പായിരുന്നു സന്ദീപ്‌സൗമ്യ ദമ്പതികളുടെ വിവാഹം. സൗമ്യയുടെ മാതാപിതാക്കളായ സോമനാഥപിള്ളയും രത്‌നലതയും യൂണിയൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥരാണ്. സന്ദീപ് യൂണിയൻ ബാങ്കിലെ വൈസ് പ്രസിഡന്റായി ജോലി നോക്കുകയായിരുന്നു.