സിറിയയിൽ വിമതർക്ക് നേരെ അവിടുത്തെ ആസാദ് ഗവൺമെന്റ് രാസായുധ പ്രയോഗം നടത്തിയെന്ന തെരേസയുടെയും കൂട്ടരുടെയും വാദത്തെ ശക്തമായി തള്ളിക്കളഞ്ഞ് ലേബർ നേതാവ് ജെറമി കോർബിൻ രംഗത്തെത്തി. ഇതിന് തെളിവ് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ സിറിയൻ സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അതിനാൽ ആ രാജ്യത്തെ ആക്രമിക്കാനുള്ള നീക്കത്തിൽ ബ്രിട്ടൻ പങ്കാളിയാകരുതെന്നും കോർബിൻ ആവശ്യപ്പെടുന്നു. ചുരുക്കത്തിൽ ഇക്കാര്യത്തിൽ ബ്രിട്ടന്റെ ഔദ്യോഗിക നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ലേബർ നേതാവ്.

ഇതിന് പുറമെ അമേരിക്കക്കൊപ്പം ചേർന്ന് ബ്രിട്ടൻ സിറിയക്കെതിരെ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് പേരാണ് പാർലിമെന്റിന് മുന്നിലെത്തിയത്. ലണ്ടനിൽ ഇറാഖ് അധിനിവേശത്തെ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. സിറിയയിൽ രാസായുധ പ്രയോഗം നടത്തിയെന്ന വ്യാജപ്രചാരണം നടത്തിയത് പാശ്ചാത്യ പിന്തുണയുള്ള റിബലുകളാണെന്ന റഷ്യയുടെ വാദം തള്ളിക്കളയാനും കോർബിൻ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ തന്റെ നിലപാടിനെതിരെ നിരവധി ലേബർ എംപിമാർ മുന്നോട്ട് വന്നിട്ടും കോർബിന്റെ മനസ് മാറിയിട്ടില്ല.

സിറിയയിൽ അഭ്യന്തര കലാപത്തിൽ ഇടപെടുന്നതിനായി ഇവിടെയെത്തിയ റഷ്യ, ഇറാൻ, തുർക്കി തുടങ്ങിയ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സൈന്യങ്ങളും സിറിയയിൽ നിന്നും പിന്മാറണമെന്നാണ് കോർബിൻ ആവശ്യപ്പെടുന്നത്. സിറിയൻ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് തെരേസ ചിന്തയില്ലാതെ പ്രവർത്തിക്കുന്നതെന്നും കോർബിൻ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സിറിയയിൽ ആരാണ് രാസായുധ പ്രയോഗം നടത്തിയതെന്ന് സ്ഥിരീകരിക്കുന്നതിനുള്ള യുഎൻ അന്വേഷണത്തിനാണ് ബ്രിട്ടീഷ് ഗവൺമെന്റ് സമ്മർദം ചെലുത്തേണ്ടതെന്നും കോർബിൻ ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യത്തെ സെക്യൂരിറ്റി കൗൺസിലിൽ വച്ച് റഷ്യ വീറ്റോ ചെയ്യുകയും ചെയ്തിരുന്നു.

സിറിയയിലെ ഡമാസ്‌കസിന് അടുത്തുള്ള ഡൗമയിൽ നടത്തിയ രാസായുധ പ്രയോഗത്തിൽ 80 പേർ മരിച്ചിരുന്നു. കൂടാതെ 500ഓളം പേരെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അവിടെ ഉണ്ടായിരുന്നവരുടെ രക്തവും യൂറിനും പരിശോധിച്ചതിൽ നിന്നും അവിടെ രാസായുധ പ്രയോഗം നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് ഫ്രാൻസും യുഎസും വാദിക്കുന്നത്. എന്നാൽ രാസായുധ പ്രയോഗം നടന്നുവെന്നതിന് വ്യകമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കോർബിൻ ആവർത്തിക്കുന്നത്. യുകെ അമേരിക്കക്കും ഫ്രാൻസിനുമൊപ്പം ചേർന്ന് സിറിയക്കെതിരെ യുദ്ധം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയ ആയിരങ്ങളെ നേരിടാനായി ശക്തമായ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരിൽ പലരും നിലത്ത് ഇടറി വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.