ലോകമാകമാനം നിലവിൽ കടുത്ത ആണവയുദ്ധ ഭീഷണിയാണ് നിലനിൽക്കുന്നത്. അതിനാൽ എവിടെയും അണുബോംബ് വീഴാനുള്ള സാധ്യതയുമേറെയാണ്. അണുബോംബ് വീണാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുകയെന്നും അതിന്റെ പ്രത്യാഘാതം എത്രത്തോളം രൂക്ഷമായിരിക്കുമെന്നും മിക്കവർക്കും അറിയാത്ത കാര്യമാണ്. അണുബോംബ് വീഴുന്നിടത്ത് നിന്നും നാനാദിക്കിലേക്കും ഒരു മൈൽ ദൂരം ഒരു കെട്ടിടം പോലും അവശേഷിക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ 48 മണിക്കൂറിനിടയിൽ മൂന്ന് ലക്ഷത്തോളം പേർ മരിച്ച് വീഴുകയും ചെയ്യും.

അണുബോംബ് വീഴുന്ന വേളയിൽ ആളുകൾ എത്തരത്തിലായിരിക്കും പെരുമാറേണ്ടതെന്ന് നിർദേശിക്കാൻ സയന്റിസ്റ്റുകൾ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. വാഷിങ്ടൺ ഡിസിയിൽ അണുബോംബ് വീണാൽ എന്താണ് സംഭവിക്കുകയെന്ന കാര്യം ഉദാഹരണത്തിനായി മുൻനിർത്തിയാണിത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. അത്തരം സന്ദർഭത്തിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും ഇതിലൂടെ അവലോകനം ചെയ്യുന്നുണ്ട്. അണുബോംബ് വീഴുന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ആശയവിനിമിയ സംവിധാനങ്ങൾ താറുമാറാകുമെന്നും സയന്റിസ്റ്റുകൾ മുന്നറിയിപ്പേകുന്നു.

ബോംബ് വീഴുന്നതിനെ തുടർന്ന് ഓരോ തരത്തിലുമുള്ളവർ എങ്ങനെയായിരിക്കും പെരുമാറുകയെന്ന തരത്തിലുള്ള ഗവേഷണങ്ങൾ വെർജീനിയ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ നടത്തി വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അവർ സയൻസ് അലേർട്ടിൽ ലേഖനമെഴുതുകയും ചെയ്തിരുന്നു. വൈറ്റ്ഹൗസിനടുത്ത് വാഷിങ്ടൺഡിസിയിൽ അണുബോംബ് വീണാൽ എന്താണ് സഭവിക്കുകയെന്ന് നിധി പരിഖിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ പഠിക്കുകയും ഇത് സംബന്ധിച്ച പേപ്പർ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ബോംബ് വീഴുന്ന വേളയിൽ ചിലർ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നെട്ടോട്ടമോടുമെന്നും എന്നാൽ മറ്റ് ചിലർ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുമെന്നും ഗവേഷകർ നടത്തിയ അന്വേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അണുബോംബിനെ പ്രതിരോധിക്കുന്നതിനുള്ള ഷെൽട്ടറുകളെ കൂടുതൽ പേർ പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ജീവൻ രക്ഷിക്കാനാവുമെന്നും ഗവേഷകർ എടുത്ത് കാട്ടുന്നു. ബോംബ് വീഴുന്ന പ്രദേശത്ത് നിന്നും സമീപത്ത് നിന്നും കൂടുതൽ പേരെ നേരത്തെ ഒഴിപ്പിക്കാനായാൽ കൂടുതൽ പേർ കൊല്ലപ്പെടുന്നത് ഒഴിവാക്കാനുമാവും.

ആദ്യം ബോംബിനെ പ്രതിരോധിക്കുന്ന ഷെൽട്ടറുകളിലെത്താനാണ് ശ്രമിക്കേണ്ടതെന്നും തുടർന്ന് രക്ഷപ്പെടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഗവേഷകർ നിർദേശിക്കുന്നു. കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും രക്ഷിക്കാൻ ശ്രമിക്കുന്നവർ മരിക്കാൻ സാധ്യത കൂടുതലാണെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു. വാഷിങ്ടൺ ഡിസിയിൽ ബോംബ് വീണാൽ അതിന്റെ റേഡിയേഷൻ 25 സ്‌ക്വയർ മൈൽ പ്രദേശത്ത്എത്തിച്ചേരും അതായത് ന്യൂ ജഴ്സി വരെ ഇതെത്തുമെന്ന് സാരം.