സിറിയയിലെ ഡമാസ്‌കസിന് അടുത്തുള്ള ഡൗമയിൽ കഴിഞ്ഞ ദിവസം സിറിയൻ സൈന്യം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രാസായുധ പ്രയോഗം ബ്രിട്ടന്റെ സൃഷ്ടിയാണെന്ന ശക്തമായ ആരോപണം ഉന്നയിച്ച് റഷ്യ രംഗത്തെത്തി. എന്നാൽ രാസായുധ പ്രയോഗം നടന്നുവെന്നതിന് തെളിവ് നൽകാമെന്ന വെല്ലുവിളി റഷ്യക്ക് നൽകി ബ്രിട്ടനും മുന്നോട്ട് വന്നതോടെ പ്രശ്നവുമായി ബന്ധപ്പെട്ട വാക്പോര് മുമ്പില്ലാത്ത വിധത്തിൽ രൂക്ഷമായിരിക്കുകയാണ്. പ്രസ്തുത ആക്രമണം നടത്തി 80ഓളം പേരെ വധിക്കുകയും 500ൽ അധികം പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഇതിനോടുള്ള പ്രതികാരമെന്ന നിലയിൽ സിറിയക്ക് നേരെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മറ്റും കടുത്ത സൈനിക നടപടിക്ക് ഒരുങ്ങുകയാണ്.

അതിനിടെയാണ് റഷ്യയും ബ്രിട്ടനും തമ്മിൽ ഇത്തരത്തിലുള്ള വാക് പോര് രൂക്ഷമായിരിക്കുന്നത്. അതിനിടെ അമേരിക്കയുടെ എല്ലാ ശൂന്യാകാശ പ്രതിരോധങ്ങളും തകർക്കാൻ പറ്റുന്ന മിസൈൽവേധ ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച് റഷ്യൻ പ്രസിഡന്റ് പുട്ടിനും ശക്തമായ ഭീഷണി മുഴക്കി രംഗം കൊഴുപ്പിക്കാനെത്തിയിട്ടുണ്ട്. സിറിയൻ പ്രശ്നത്തിന്റെ പേരിൽ റഷ്യയും അമേരിക്കയും തമ്മിൽ നേർക്ക് നേർ നിന്ന് പോർവിളി നടത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. സിറിയയിലെ എയ്ഡ് ഓർഗനൈസേഷനുകളോട് ഇവിടെ ഒരു കെമിക്കൽ ആക്രമണം നടന്നുവെന്ന് വരുത്തിത്തീർക്കാൻ ബ്രിട്ടൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അതിലൂടെ അവർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് റഷ്യ ആരോപിച്ചിരിക്കുന്നത്.

സിറിയയിലെ സന്നദ്ധ സംഘടനായ വൈറ്റ് ഹെൽമറ്റിന്റെ സഹായത്തോടെയാണ് ബ്രിട്ടൻ ഈ കള്ളക്കഥ മെനഞ്ഞുണ്ടാക്കിയതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബ്രിട്ടനാണെന്ന വ്യക്തമായ ആരോപണമാണ് റഷ്യൻ വിദേശകാര്യ മന്ത്രിായയ സെർജി ലാവ്റോവ് ഉന്നയിച്ചിരിക്കുന്നത്. എന്നാൽ വിമതപ്രദേശമായ ഡൗമയിൽ കടുത്ത രാസായുധ പ്രയോഗം നടത്തി നിരവധി പേരെ വധിച്ചത് സിറിയൻ പ്രസിഡന്റിന്റെ ഉത്തരവിനെ തുടർന്ന് സിറിയൻ സൈന്യമാണെന്നാണ് ബ്രിട്ടനും അമേരിക്കയും ഫ്രാൻസും ആരോപിക്കുന്നത്.

ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും മൂന്ന് രാഷ്ട്രത്തലവന്മാരും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനായി സിറിയക്കെതിരെ ഒത്ത് ചേർന്ന് കടുത്ത സൈനിക ആക്രമണം നടത്താൻ മൂവരും തീരുമാനമെടുത്ത്അധികം വൈകുന്നതിന് മുമ്പാണ് റഷ്യ ബ്രിട്ടനെതിരെ പുതിയ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും സിറിയയെ ആക്രമിക്കുന്നതിനുള്ള സാധ്യത ശക്തമായതിനാൽ ആ രാജ്യത്തെ സംരക്ഷിക്കുന്നതിനായി റഷ്യ കടുത്ത സൈനിക പ്രതിരോധമാണ് തീർത്തിരിക്കുന്നത്.

അമേരിക്കയുടെ ശൂന്യാകാശ പ്രതിരോധങ്ങളും തകർക്കുന്ന മിസൈൽവേധ ഉപഗ്രഹവുമായി പുട്ടിൻ
സിറിയൻ പ്രശ്നത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ നേർക്ക് നേരുള്ള പോർവിളി രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ ശൂന്യാകാശ പ്രതിരോധങ്ങളെയെല്ലാം തകർക്കുന്ന മിസൈൽവേധ ഉപഗ്രഹവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ രംഗത്തെത്തി. ഈ ആന്റി - സാറ്റലൈറ്റ് മിസൈലിന്റെ വിജയകരമായി പരീക്ഷിച്ചുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇതിലൂടെ ബഹിരാകാശത്ത് അമേരിക്ക സജ്ജമാക്കിയ എല്ലാ നാവിഗേഷൻ, കമ്മ്യൂണിക്കേഷനുകളും ഇന്റലിജൻസ് ടെക്നോളജിയും നിർവീര്യമാക്കാനാവുമെന്നും ക്രെംലിൻ അവകാശപ്പെടുന്നു.

നുഡോൽ എന്നും പിഎൽ19 എന്നുമറിയപ്പെടുന്ന ഈ സംവിധാനത്തിന്റെ ആറാമത് പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് റഷ്യ വെളിപ്പെടുത്തുന്നത്. മാർച്ച് 26ന് മോസ്‌കോയിൽ നിന്നും 500 മൈൽ വടക്ക് മാറിയുള്ള പ്ലീസെറ്റ്സ്‌കിൽ വച്ചാണിതിന്റെ പരീക്ഷണം നടന്നിരിക്കുന്നത്. ഈ ആയുധത്തിന്റെ പരീക്ഷണത്തിലെ നിർണായകമായ ഒരു ചുവട് വയ്പാണിപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നതെന്ന് റഷ്യ അവകാശപ്പെടുന്നു.