ജിദ്ദ: കടുത്ത ഇസ്ലാമിക വിശ്വാസത്തിൽ നിന്നും സൗദിയെ മോചിപ്പിച്ച് ആധുനിക രാജ്യമാക്കാൻ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ വിപ്ലവകരമായ ശ്രമങ്ങൾ തുടരുമ്പോഴും സൗദിയിലെ ജനങ്ങളിൽ നിരവധി പേർ ഇപ്പോഴും പരമ്പരാഗത വിശ്വാസങ്ങളെ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് വെളിപ്പെട്ടിരിക്കുന്നത്.

മുഖപടം നീക്കി പൊതുവേദിയിൽ പ്രസംഗിച്ച സൗദിയിലെ വനിതാ മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയെന്നാണ് ഇതിനുള്ള തെളിവെന്നോണം ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വകുപ്പിലെ സഹമന്ത്രിയായ ഡോ.ഹയ അൽ അവാർഡാണ് പൊതുവേദിയിൽ മുഖവസ്ത്രം നീക്കി പ്രസംഗിച്ച് വിവാദം ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

റിയാദിൽ വച്ച് നടന്ന ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് ഫോറം ഫോർ എഡ്യുക്കേഷനിൽ സംസാരിക്കവെയാണ് അവർ മുഖപടം നീക്കി സംസാരിച്ചിരിക്കുന്നത്. വൻ ജനക്കൂട്ടത്തോട് സംസാരിക്കവെ പരമ്പരാഗത മുസ്ലിം വസ്ത്രമായ നിഖാബ് ധരിച്ചിരുന്നുവെങ്കിലും അവർ അതിന്റെ മുഖാവരണം നീക്കാൻ ധൈര്യം കാണിച്ചതാണ് യാഥാസ്ഥിതികരെ ചൊടിപ്പിച്ചിരിക്കുന്നത്. അന്യപുരുഷന്മാർ വനിതാ മന്ത്രിയുടെ വായ, മൂക്ക്, കവിൾ തുടങ്ങിയവ കണ്ടുവെന്നാരോപിച്ചാണ് പരമ്പരാഗതവാദികൾ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങളിലൂടെ നിരവധി സൗദി പൗരന്മാരാണ് ഡോ.ഹയയെ കൊന്ന് കൊലവിളിച്ചിരിക്കുന്നത്.

സൗദിയിലെ മതപരവും സാമൂഹികപരവുമായ പാരമ്പര്യങ്ങൾ മന്ത്രി പാലിച്ചില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്.എന്നാൽ ഡോ. ഹായയെ അനുകൂലിച്ചു നിരവധി പണ്ഡിതന്മാരും പ്രമുഖരും ഓൺലൈനിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. വനിതാ മന്ത്രി യാതൊരു വിധത്തിലുമുള്ള നിയമങ്ങളും തെറ്റിച്ചിട്ടില്ലെന്നാണ് മതപ്രസംഗകനായ സുലൈമാൻ അൽ തറീഫി അഭിപ്രായപ്പെട്ടിരിക്കുന്നത്.മുഖവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടാനുള്ള തന്റെ അവകാശം അവർ ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു.

നിയമം മൂലം വസ്ത്രം ധരിക്കുന്നനതിന്റെ ചിട്ടകൾ കർക്കശമാക്കിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഇത് പ്രകാരം തദ്ദേശീയരും വിദേശീയരുമായ സ്ത്രീകൾ സൗദിയിലെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അബയ എന്ന മുഴുനീളൻ കറുത്ത വസ്ത്രം ധരിച്ചിരിക്കണമെന്നത് നിബന്ധനയാണ്.എന്നാൽ മുഖം പൂർണമായി മൂടുന്ന വസ്ത്രം ധരിക്കുന്ന കാര്യത്തിൽ ഇത്ര കാർക്കശ്യമില്ല. പരമ്പരാഗത വിശ്വാസികളായ മുസ്ലിം സ്ത്രീകളാണ് മുഖം പൂർണമായും ആവരണം ചെയ്യുന്ന വസ്ത്രം സാധാരണയായി ധരിക്കാറുള്ളത്.ഏതായാലും ഡോ. ഹായയുടെ പ്രവർത്തി മൂലം സൗദിയിൽ വീണ്ടും വസ്ത്രവിവാദം ചൂട് പിടിച്ചിരിക്കുകയാണ്.