കാശത്ത് പറക്കുന്നതിനിടെ എൻജിനിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡെൽറ്റ വിമാനം അറ്റ്ലാന്റയിൽ അടിയന്തിരമായി എമർജൻസി ലാന്റിങ് നിർവഹിച്ചു.അറ്റ്ലാന്റയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിന് ആകാശത്ത് വച്ച് അഗ്‌നിബാധയുണ്ടാവുകയായിരുന്നു. പറന്നുയർന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ പുക ഉയരുന്നത് കണ്ട് അടിയന്തിരമായി വിമാനം നിലത്തിറക്കിയതിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത് 274 ജീവനുകളാണ്.ബുധനാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. വിമാനത്തിന്റെ വലത്തെ എൻജിനിൽ നിന്നും പെട്ടെന്ന് പുക ഉയർന്നതിനെ തുടർന്ന് ഏവരും പരിഭ്രാന്തിയിലായിരുന്നു. തുടർന്ന് എയർബസ് എ 330 എൻ822എൻഡബ്ല്യൂ അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്ക്സൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

എൻജിനിൽ നിന്നും കട്ടികൂടിയ വെളുത്ത പുക ഉയരുന്നതിന്റെ ഫോട്ടോകൾ യാത്രക്കാർ മൊബൈൽ ക്യാമറകളിൽ പകർത്തുകയും സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഫയർ ക്രൂസ് കുതിച്ചെത്തുകയും ചെയ്തിരുന്നു. 274 യാത്രക്കാർക്ക് പുറമെ വിമാനത്തിൽ 14 ക്രൂ മെമ്പർമാരുമുണ്ടായിരുന്നു. ഡെൽറ്റ എയർലൈൻസ് ജെറ്റിൽ തീപിടിച്ചതിനെ തുടർന്ന് ഫയർ ക്രൂസ് കുതിച്ചെത്തിയിരുന്നുവെന്ന കാര്യം ഒഫീഷ്യലുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൂസ് തുടർന്നും കുറേ നേരം ഇവിടെയുണ്ടായിരുന്നുവെന്നാണ് അറ്റ്ലാന്റ ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് കോർടെസ് സ്റ്റാഫോർഡ് വെളിപ്പെടുത്തിയിരിക്കുന്നത്.



ഈ അടിയന്തിര സന്ദർഭത്തിൽ പൈലറ്റ് തികച്ചും സമയോചിതമായാണ് പ്രവർത്തിച്ചതെന്ന് യാത്രക്കാർ വെളിപ്പെടുത്തുന്നു. സംഭവത്തെ തുടർന്ന് ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്താണ് വിമാനത്തിന്റെ എൻജിനിൽ തീ പടരുന്നതിന് കാരണമായതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ഈ വിമാനത്തിൽ നിന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. വിമാനം നിലത്തിറങ്ങുമ്പോഴേക്കും ഫയർ എൻജിനുകൾ സജ്ജമാക്കിയിരുന്നുവെന്ന് ഡെൽറ്റ് എയർലൈൻസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

തങ്ങളുടെ യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷിതത്വത്തിനാണ് മുൻഗണനയേകുന്നതെന്നും അതിനാലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയതെന്നും അത് കാരണമുണ്ടായ അസൗകര്യത്തിൽ ക്ഷമചോദിക്കുന്നുവെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു.32,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർ ക്രാഫ്റ്റ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ച് ഒരു ദിവസം തികയുന്നതിന് മുമ്പാണ് ഡെൽറ്റ വിമാനത്തിലും അഗ്‌നിബാധയുണ്ടായിരിക്കുന്നത്.