ലണ്ടൻ: കടുത്ത ബ്രെക്സിറ്റ് നടത്താനുള്ള തെരേസയുടെയും കൂട്ടരുടെയു നീക്കത്തെ ഒരു വട്ടം കൂടി ആഞ്ഞടിച്ച് ദുർബലപ്പെടുത്തി ഇന്നലെ രാത്രി ഹൗസ് ഓഫ് ലോർഡ്സ് രംഗത്തെത്തി.ഇത് പ്രകാരം കസ്റ്റംസ് യൂണിയനിൽ നിന്നും പിന്മാറാതെ ബ്രെക്സിറ്റ് നടത്താനുള്ള ബ്രെക്സിറ്റ് ബില്ലിലെ ഭേദഗതി വോട്ടിനിട്ട് വിജയിപ്പിച്ചിരിക്കുകയാണ് പ്രഭുസഭ. യൂറോപ്യൻ പൗരന്മാരുടെ തൊഴിലവകാശവും ഇത് പ്രകാരം സംരക്ഷിക്കപ്പെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്.ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് നീക്കങ്ങൾക്ക് മറ്റൊരു തിരിച്ചടി കൂടിയാണുണ്ടായിരിക്കുന്നത്.

കസ്റ്റംസ് യൂണിയനിൽ നിന്നും പിന്മാറാതെ ബ്രെക്സിറ്റ് നടത്താനുള്ള ബ്രെക്സിറ്റ് ബില്ലിലെ ഭേദഗതിയായ അമെന്റ്മെന്റ് 11 ആണ് ഹൗസ് ഓഫ് ലോർഡ്സ് വോട്ടിനിട്ട് വിജയിപ്പിച്ചിരിക്കുന്നത്. ആരോഗ്യം,സുരക്ഷ, തൊഴിൽ, സമത്വം, ഉപഭോക്തൃനിലവാരങ്ങൾ, തുടങ്ങി നിലവിൽ യൂറോപ്യൻ യൂണിയന്റെ ഭാഗമെന്ന നിലയിൽ പൗരന്മാർ അനുഭവിച്ച് കൊണ്ടിരിക്കുന്ന വിവിധ സുരക്ഷതത്വങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ ഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു. 217ന് എതിരെ 314 വോട്ട് ചെയ്താണ് ഭേദഗതിക്ക് അംഗീകാരമേകിയിരിക്കുന്നത്.

ബ്രെക്സിറ്റിലെ അടിസ്ഥാന നിയമങ്ങൾക്കെതിരെ റിമെയിൻ ക്യാമ്പിനെ പിന്തുണക്കുന്ന ക്രിസ് പാറ്റൻ അടക്കമുള്ള പ്രഭുസഭാംഗങ്ങൾ സഭയിൽ ശക്തമായ നീക്കം നടത്തി ഒരു ദിവസത്തിന് ശേഷമാണ് തെരേസക്ക് ഈ വിഷയത്തിൽ വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഹൗസ് ഓഫ്ലോർഡ്സ് പാസാക്കിയിരിക്കുന്ന ഈ ഭേദഗതിയെ നിസ്സാരവൽക്കരിക്കാൻ മിനിസ്റ്റർമാർ ശ്രമിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ബ്രെക്സിറ്റ് പദ്ധതികളെ മാറ്റാനാവില്ലെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയാണ് മന്ത്രിമാർ ഇതിനോട് പ്രതികരിച്ചെന്ന് വരുത്തിയിരിക്കുന്നത്.

നിലവിൽ നടപ്പിലാക്കാനൊരുങ്ങുന്ന ബ്രെക്സിറ്റ് നിയമങ്ങൾക്ക് ഈ ഭേദഗതിയെ അതിജീവിച്ചും നിലകൊള്ളാനാവുമെന്നാണ് ഒരു മിനിസ്റ്റർ പറയുന്നത്. ഹൗസ് ഓഫ് ലോർഡ്സിന്റെ ഈ നീക്കം തീർത്തും നിരാശാജനകമാണെന്നും എന്നാൽ ബ്രെക്സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന നിയമങ്ങളെ ഇതിന് മാറ്റാനാവില്ലെന്നും ബ്രെക്സിറ്റ് ഡിപ്പാർട്ട്മെൻര് പറയുന്നു. എന്നാൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട നിർണായകമായ നിമയങ്ങൾ പാർലിമെൻരിന് മുന്നിലെത്തുമ്പോൾ ഇതിലും വലിയ തിരിച്ചടികൾ കാത്തിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ സൂചനയയായിട്ടാണ് ലോർഡ്സിന്റെ നീക്കത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.