ലണ്ടൻ: അടുത്ത മാസം നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ഹാരി രാജകുമാരന്റെ പത്നിയായി ബ്രിട്ടീഷ് രാജകുടുംബാംഗമായി മാറാൻ മേഗൻ മാർകിൾ തയ്യാറെടുത്ത് വരുകയാണല്ലോ. ലോകമാകമാനം വളരെ ആകാംക്ഷയോടെയാണ് ഈ ചടങ്ങിനായി കാത്തിരിക്കുന്നത്. ഓർമ വച്ച നാൾ മുതൽ ഡയാന രാജകുമാരിയെ റോൾ മോഡലായി കണ്ട് അവരെപ്പോലെയാകാൻ കഷ്ടപ്പെടുകയാണ് മേഗൻ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഡയാനയുടെ പിൻഗാമിയാകാൻ കഷ്ടപ്പെടുന്ന മേഗന് പാരയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അവരുടെ സ്വന്തം സഹോദരനായ 51 കാരനായ തോമസ് ജൂനിയർ.

ഡയാനയെ പോലെ വിശിഷ്ട വ്യക്തിത്വം അവകാശപ്പെടാൻ മേഗന് സാധിക്കില്ലെന്നും താനടക്കമുള്ള വീട്ടുകാരെ കല്യാണത്തിന് പോലും മേഗൻ വിളിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ മേഗൻ തികഞ്ഞ കള്ളിയാണെന്നാണ് വീട്ടുകാർ കുറ്റപ്പെടുത്തുന്നത്. തന്റെ വീട്ടുകാരെ വിവാഹത്തിന് വിളിക്കാത്തതിലൂടെ മേഗൻ കുടുംബത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നുവെന്നും തോമസ് ആരോപിക്കുന്നു.ഇതിലൂടെ തന്റെ വേരുകളെയും വന്ന വഴികളെയും മേഗൻ സൗകര്യപൂർവം മറന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

താൻ സഹോദരിയെ 2011ൽ അമ്മൂമ്മയുടെ ശവസംസ്‌കാരച്ചടങ്ങിൽ വച്ച് കണ്ടതാണെന്നും പിന്നീടിത് വരെ കാണാൻ മേഗൻ തയ്യാറായില്ലെന്നും ഒറിഗോണിലെ തോമസ് പരിതപിക്കുന്നു.മനുഷ്യാവകാശപ്രവർത്തകയും ചാരിറ്റികളുടെ മുൻനിരക്കാരിയും ഡയാനയുടെ പിൻഗാമിയുമായി സ്വയം പ്രഖ്യാപിച്ച് വിളങ്ങുന്ന മേഗൻ ഇത്തരം ദയവൊന്നും തങ്ങൾ കുടുംബക്കാരോട് കാണിക്കുന്നില്ലെന്നും അകറ്റി നിർത്തുന്നുവെന്നും ഡെയിലി മിററിനോട് തോമസ് വെളിപ്പെടുത്തുന്നു.ഡയാനയെ പോലെയാകാൻ തന്റെ സഹോദരി തയ്യാറെടുക്കുന്നുവെന്ന് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും മേഗന്റെ സഹോദരൻ പറയുന്നു.

കാരണം ഡയാനയെ ലോകമാകമാനം ആരാധിച്ചിരുന്നുവെന്നും അവർ ജീവിത്തതിൽ സത്യസന്ധതയും ആത്മാർത്ഥതയും സ്നേഹവും പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ മേഗൻ അങ്ങനെയല്ലെന്നും തോമസ് വിമർശിക്കുന്നു.തനിക്കിത് വരെ വിവാഹത്തിന്റെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നും എന്നാൽ താൻ അത് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞമാസം ഡെയിലിമെയിൽ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തോമസ് വെളിപ്പെടുത്തിയിരുന്നത്.അത്തരത്തിലുള്ള ഒരു ഇൻവിറ്റേഷൻ ലഭിക്കുന്നതിനെ താനേറെ വിലമതിക്കുന്നുവെന്നും മേഗന്റെ സഹോദരൻ അഭിപ്രായപ്പെട്ടിരുന്നു.

മെയ്‌ 19നാണ് 36കാരിയായ മേഗൻ 33 കാരനായ ഹാരിയെ വിൻഡ്സർ കാസിലിൽ വച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിൽ മേഗന്റെ 61 കാരിയായ അമ്മ ഡോറിയ രാഗ്ലാൻഡും പിതാവ് 73 കാരനായ തോമസ് മാർകിൾ സീനിയറും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ലോസ് ഏയ്ജൽസിലാണ് ഡോറിയ കഴിയുന്നത്. ഹോളിവുഡിലെ മുൻ ലൈറ്റിങ് ഡയറക്ടറായ തോമസ് സീനിയർ ഭാര്യയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് അകന്ന് ഏകാന്ത വാസം നയിക്കുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.മേഗന്റെ അർധസഹോദരിയായ സാമന്ത ഗ്രാന്റിനും ക്ഷണക്കത്ത് ലഭിച്ചിട്ടില്ല. ഹാരിക്കെതിരെ കടുത്തആരോപണങ്ങളുമായി ഗ്രാന്റ് ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു.