ലണ്ടൻ: യുകെയിൽ ഐടി മാനേജരായി ടാറ്റ മോട്ടോർസിൽ ജോലി ചെയ്യുന്ന ജിതേന്ദ്ര സിങ് (38) എന്ന ഇന്ത്യക്കാരന്റെ വിസകാലാവധി ഈ വരുന്ന സെപ്റ്റംബറിൽ അവസാനിക്കാൻ പോവുകയാണ്. തുടർന്ന് അദ്ദേഹംവും ഭാര്യ അഞ്ജുവും മകൻ ശ്രേയസും ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരാവുകയും ചെയ്യും. എന്നാൽ ടാറ്റയുടെ ഇൻട്രാ കമ്പനി വിസയിൽ എത്തിയ ഇദ്ദേഹം ചെസ് പ്രതിഭയായ മകൻ ശ്രേയസ് റോയൽ എന്ന ഒമ്പത് വയസുകാരന്റെ പേര് പറഞ്ഞ് ഇവിടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. വിസ കാലാവധി കഴിയുമ്പോൾ മടങ്ങിപ്പോവാതിരിക്കാൻ മകന്റെ ചെസ് കളിയിലെ പ്രതിഭ ഇദ്ദേഹത്തിന് ഗുണം ചെയ്യുമോ...? എന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

അതിനിടെ ബ്രിട്ടന്റെ ഭാവി ചാമ്പ്യനെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് ചെസ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇതുവരെ കേൾക്കാത്ത രസകരമായ ഒരു ഇമിഗ്രേഷൻ പോരാട്ട കഥയാണിത്.ശ്രേയയ് ചെസ് കളിക്കാൻ തുടങ്ങിയിട്ട് നാല് വർഷമായിട്ടേയുള്ളുവെങ്കിലും ഇതിനിടെ ഈ പ്രതിഭ കൈക്കലാക്കിയിരിക്കുന്ന നേട്ടങ്ങൾ ബ്രിട്ടന് വളരെ പ്രതീക്ഷയേകുന്നതാണ്. തന്നേക്കാൾ പത്ത് വയസ് വരെ പ്രായക്കൂടുതലുള്ളവരെ വരെ തോൽപിച്ചാണ് ശ്രേയസ് ചെസിൽ ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മൂന്ന് വയസ് മുതൽ ശ്രേയസ് യുകെയിലാണ് കഴിയുന്നത്.

തന്റെ മകന്റെ പ്രതിഭ ഉയർത്തിക്കാട്ടി ഇൻഡെഫനിറ്റ് ലീവ് ടു റിമെയിനിന് വേണ്ടി ജിതേന്ദ്ര കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. തന്റെ മകൻ ചെസ് പ്രതിഭയിലൂടെ ബ്രിട്ടന് ഒരു നേട്ടമായിത്തീരുമെന്നും ഈ പിതാവ് ബോധിപ്പിക്കുന്നു. ബംഗളുരുവിൽ നിന്നും യുകെയിലെത്തിയ ഈ കുടുംബം സൗത്ത് ഈസ്റ്റ് ലണ്ടനിലാണ് കഴിയുന്നത്. ഇംഗ്ലീഷ്ചെസ് ഫെഡറേഷനും പ്രമുഖ ചെസ് ട്രെയിനറായ ജൂലിൻ സിംപോളും ഈ കുടുംബത്തെ ഇവിടെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതുപോലെ ചെസിൽ പ്രതിഭയുള്ള മറ്റൊരു കുട്ടിയെ താൻ കണ്ടിട്ടില്ലെന്നാണ് സിംപോൾ വെളിപ്പെടുത്തുന്നത്. അതിനാൽ ശ്രേയസിനെ ഇവിടെ തുടരാൻ അനുവദിച്ചാൽ അവൻ ബ്രിട്ടന്റെ ഭാവിയിലെ ലോക ചെസ് ചാമ്പ്യനായിത്തീരുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

ബ്ലാക്ക്ഹീത്തിലെ പോയിന്റർ സ്‌കൂളിലാണ് ശ്രേയസ് ഫുൾ സ്‌കോളർഷിപ്പോടെ പഠിക്കുന്നത്.കൂടാതെ അതിനൊപ്പം ചെസ് കളിയിലും പരിശീലനം നേടുന്നുണ്ട്. നിലവിൽ അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ബ്രിട്ടനിലും വിവിധ രാജ്യങ്ങളിലും ചെസ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സഞ്ചരിക്കുകയാണ്. മിക്ക മത്സരങ്ങളിലും അവൻ വിജയിക്കുന്നുമുണ്ട്.തന്നേക്കാൾ പ്രായമേറിയ കുട്ടികൾ തന്നെ തോൽപിക്കുമെന്ന ഭയം തനിക്കില്ലെന്നും റഷ്യക്കാരോട് ജയിക്കാനാണ് കൂടുതൽ പാടുപെടേണ്ടി വരുന്നതെന്നും ശ്രേയസ് വെളിപ്പെടുത്തുന്നു.ഇന്ത്യയിലേക്ക് മടക്കി അയക്കപ്പെട്ടാൽ തന്റെ മകന്റെ ചെസ്‌കരിയർ താറുമാറാകുമെന്നും ബ്രിട്ടന് അവന്റെ കഴിവുകൾ നഷ്ടപ്പെടുമെന്നും ജിതേന്ദ്ര സിങ് ആശങ്കപ്പെടുന്നു.