ളൊരുക്കം എന്ന സിനിമ ഉണർത്തുന്ന ദാർശനിക ചിന്തകളെക്കുറിച്ച് ഞാൻ മുമ്പൊരു കൊച്ചു ആസ്വാദനം എഴുതിയിരുന്നു. സിനിമ വീണ്ടും കണ്ടപ്പോൾ ഞാനോർത്തു. അതിൽ എഴുതാൻവിട്ടു പോയൊരു ഭാഗമാണല്ലോ, കഥാനായകനായ രാജ. ഒരു ട്രാൻസ്‌ജെൻഡറിന്റെ അച്ഛന്റെ ആത്മ വ്യഥകൾ ഇന്ദ്രൻസിന്റെ ഭാവാഭിനയത്തിലൂടെ നാമറിഞ്ഞു. ട്രാൻസ്‌ജെൻഡറിന്റെ കമനീയ ഭാവഹാവങ്ങൾ ശ്രീകാന്ത് മേനോനിലൂടെ അനുഭവിച്ചു. എന്നാലൊരു ട്രാൻസ്‌ജെൻഡറിന്റെ ഭർത്താവായ രാജയെ, അസ്വസ്ഥ ഭരിതമായ അയാളുടെ ജീവിത സന്ദർഭങ്ങളെ ഭാവതീവ്രമായി ആവിഷ്‌കരിച്ച ഈ ചെറുപ്പക്കാരന്റെ അഭിനയത്തെക്കുറിച്ച് പറയാതെ വയ്യ.

ട്രാൻസ്‌ജെൻഡറിനെ കാണുമ്പോൾ തന്നെ അസ്വസ്ഥപ്പെടുന്ന ഒരു മനസ്സാണ് നമ്മുടേത്. അപ്പോൾ അവരുടെ ജീവിത പങ്കാളിയെ നമ്മുടെ മനസ് എങ്ങനെ സ്വീകരിക്കും? അവർ നേരിടേണ്ടി വരുന്ന അവമതികൾ, അപമാനങ്ങൾ, അലംഭാവങ്ങൾ ഇതെല്ലാം സ്വാംശീകരിച്ച് അഭിനയിക്കുക എളുപ്പമല്ല. ആണായി ജീവിച്ച ആളിലെ പെൺമ-അതിന്റെ തീവ്ര സംഘർഷങ്ങൾ ഇവയ്ക്കിടയിൽ നിന്ന് ആ മനുഷ്യ ജീവിയെ രക്ഷിച്ചെടുത്ത് ജീവൻ കൊടുത്ത നന്മയുടെ അവതാരമാണ്, രാജ. ഭാര്യയേയും തങ്ങളുടേതല്ലാത്ത ഊമയായ ഒരു കുഞ്ഞിനേയും പുലർത്തുവാൻ രാപ്പകൽ അധ്വാനിക്കുന്ന രാജ. തന്റെ വിശുദ്ധ പ്രണയത്തിനു മുമ്പിൽ ലിംഗപരമായ അതിരുകൾ അയാളിൽ നിന്ന് ജലരേഖകൾ പോലെ മാഞ്ഞു പോയി.

ഇതൊരു വിപ്ലവ ദർശനമാണ്. മലയാളത്തിലെ പ്രേമഗാതാക്കളിൽ ഒന്നാം സ്ഥാനത്തിന് ഇന്നും അവകാശിയായ ആശാന്റെ ദുരവസ്ഥയിലെ വിപ്ലവ സങ്കൽപത്തിന്റേയും പ്രേമ ദർശനത്തിന്റെയും സമന്വയം ഷാജി ജോണിലൂടെ ഈ സിനിമയിൽ നാം കാണുന്നു. നിഷ്ഠൂരമായ സമൂഹത്തിന്റെ പരിഹാസം, നിരന്തരം വാടക വീടുകൾ മാറേണ്ടി വരുന്ന കഷ്ടപ്പാടുകൾ-സ്വന്തം അസ്വസ്ഥതകളെ അയാൾ ഫ്‌ളാറ്റിന്റെ വരാന്തയിൽ നിന്ന് ഒരു സിഗരറ്റിലൂടെ എരിച്ചു കളയുന്നു. കുടുംബത്തിന് മുമ്പിൽ പ്രസാദവാനായി പ്രത്യക്ഷപ്പെടുന്നു ട്രാൻസ്‌ജെൻഡറിനെ സ്‌നേഹിച്ചു പോകുന്നത് തെറ്റല്ലെന്നും സ്‌നേഹിക്കുന്ന രണ്ടു മനസ്സുകളെ അകറ്റുന്ന നീതി തെറ്റാണെന്നും ഉള്ള ദൃഢപ്രത്യയം ഷാജി ജോണിന്റെ മുഖത്ത് നാം ദർശിക്കുന്നു.

ട്രാൻസ്‌ജെൻഡറായി അഭിനയിക്കുന്നയത്ര തന്നെ വെല്ലുവിളിയിരുന്നിരിക്കണം ഷാജിക്ക്, അവരുടെ ഭർത്താവായി അഭിനയിക്കൽ. പൗരുഷവും വീര്യവും യൗവ്വനവും തികഞ്ഞ ആ ഭർത്താവ്, മുഴുവനും സ്ത്രീയല്ലാത്ത, പുരുഷശബ്ദമുള്ള ഭാര്യയെ പ്രണയിക്കുകയും ലാളിക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങളുണ്ട്, ഈ സിനിമയിൽ. കഥയുടെ ശിൽപ സൗന്ദര്യപരമായ കെട്ടുറപ്പിന് ഈ ചെറുപ്പക്കാരന്റെ ആകാരത്തിനും പ്രകാരത്തിനും അഭിനയത്തിനും അനൽപമായ പ്രാധാന്യമുണ്ട്. ആളൊരുക്കത്തിലെ രാജയുടെ അസാധ്യവും അപൂർവവുമായ പ്രണയ വിശുദ്ധി എന്നെന്നും ഓർമിക്കപ്പെടും. എന്തെന്നാൽ സ്‌നേഹത്തിൽ നിന്ന് വ്യതിരിക്തമായ പ്രത്യയശാസ്ത്രമോ, തത്ത്വശാസ്ത്രമോ ഇല്ല എന്ന് ഷാജി ജോണിന്റെ ഈ കഥാപാത്രം നമ്മെ സദാ ഓർമപ്പെടുത്തിയല്ലോ.

ഇത്തരം ചെറുപ്പക്കാരായ നടന്മാരെയാണ് മലയാള സിനിമയ്ക്ക് ആവശ്യം. അവസാനത്തെ അർത്ഥത്തിൽ ഷാജി ജോണിനേയും ശ്രീകാന്ത് മേനോനെയും പോലുള്ള കാണാമറയത്തെ രത്‌നങ്ങളെ കണ്ടെടുത്ത് പ്രേക്ഷകർക്ക് സമ്മാനിച്ച അനുഗൃഹീതനായ സംവിധായകൻ അഭിലാഷിനോടല്ലാതെ മറ്റാർക്കാണ് നാം നന്ദി പറയുക!