കൊടുങ്ങല്ലൂർ: കുടുംബവുമൊന്നിച്ച് ബീച്ച് ഫെസ്റ്റിനെത്തിയപ്പോൾ കടലിൽ വീണ് കാണാതായ യുവതിയുടെ മൃതദേഹം തീരത്തടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാരുമായി ബീച്ചിലെത്തിയപ്പോൾ തിരയിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ തീരത്തടിഞ്ഞത്. ഇന്നലെ കുടുംബവുമൊന്നിച്ച് ബീച്ചിലിറങ്ങവെ ശക്തമായ തിരയിൽ പെൺകുട്ടി ഒലിച്ചു പോകുക ആയിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മയും സഹോദരിയും അടക്കമുള്ളവരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഇവരിൽ മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഴീക്കോടാണ് ശക്തമായ വേലിയേറ്റത്തെ തുടർന്ന് യുവതിയെ കാണാതാവുകയായിരുന്നു. അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റിന് കുടുംബത്തോടപ്പം എത്തിയതായിരുന്നു പെൺകുട്ടി.

 

മാള പഴൂക്കര ഗുരുതിപാല തോപ്പിൽവീട്ടിൽ വിജയകുമാറിന്റെ മകൾ അശ്വനിയാണ് (24) മരിച്ചത്. മാള മെറ്റ്സ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയാണ്. ശക്തമായ വേലിയേറ്റം ഉണ്ടായപ്പോൾ അശ്വനി ഒലിച്ചു പോവുകയായിരുന്നു. ഇവർ മുട്ടോളം വെള്ളത്തിൽ നിൽക്കുമ്പോഴാണ് തിരമാല ശക്തമായി വീശിയത്.

അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവർക്കാണ് പരിക്കേറ്റത്. ദൃശ്യയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുക്കളായ സിന്ധു, അനന്തു എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാൻ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറംഗസംഘം മുനയ്ക്കൽ ബീച്ചിലെത്തിയത്. നാലുപേർ മുട്ടോളം വെള്ളംവരെ കടലിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെ കൂറ്റൻ തിരമാലയോടെ രൂക്ഷമായ കടലേറ്റമുണ്ടായി. നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പ്രതാപൻ ഓടിയെത്തി എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങൾക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ പ്രതാപന്റെ കൈയിൽനിന്ന് അശ്വനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ഇന്ന് രാവിലെ മൃതദേഹം തീരത്ത് അടിയുകയായിരുന്നു.

അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടർന്ന് ബീച്ച് ഫെസ്റ്റ് നിർത്തിവെച്ചതായി ഇ.ടി. ടൈസൺ എംഎ‍ൽഎ. അറിയിച്ചു.