ദുബായ്: യുഎസിൽ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം ശവപ്പെട്ടി തുറന്നപ്പോൾ ഞെട്ടി. പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത് മറ്റാരുടേയോ മൃതദേഹം. സൗദി അറേബ്യൻ കുടുംബമാണ് അന്ത്യ കർമ്മങ്ങൾക്കായി എത്തിച്ച ശവപ്പെട്ടി തുറന്നപ്പോൾ മറ്റാരുടേയോ മൃതദേഹം കണ്ട് ഞെട്ടിപ്പോയത്.

ശവപ്പെട്ടിയുടെ ഷിപ്പിങ്ങ് നമ്പറും യുഎസ് അധികൃതർ നൽകിയ രേഖകളിലെ നമ്പറും ചേരുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. സംശയത്തെ തുടർന്ന് ശവപ്പെട്ടി തുറന്നപ്പോൾ അതിൽ പിതാവിന്റെ മൃതദേഹമായിരുന്നില്ല ഉണ്ടായിരുന്നത്. ആളുമാറിപ്പോയിരുന്നു. പിതാവിന്റെ മൃതദേഹം മരണാനന്തര കർമ്മങ്ങൾക്കായാണ് കുടുബം നാട്ടിലെത്തിച്ചത്. എന്നാൽ മൃതദേഹം മാറിപ്പോയതോടെ ഈ കുടുംബം വീണ്ടും വേദനയിലായി,

വാഷിങ്ടണിൽ അടുത്തിടെയാണ് സൗദി പൗരൻ മരിച്ചതെന്ന് അദ്ദേഹത്തിന്റെ മൂത്ത മകൻ ബദാർ അബു തലീബ് പ്രതികരിച്ചു. തുടർന്നാണ് മൃതദേഹം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം വഴി സൗദിയിൽ എത്തിച്ചത്. ഇവിടെ വച്ചാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായതെന്നും തലീബ് പറഞ്ഞു.

യുഎസിൽ നിന്നും എത്തിയ ശവപ്പെട്ടിയിൽ യൂറോപ്യൻ പൗരനെന്നു സംശയിക്കുന്ന ഒരു വ്യക്തിയുടെ മൃതദേഹമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പിതാവിന്റെ മൃതദേഹത്തിനായി 20 ദിവസത്തോളം അന്വേഷണം നടത്തി. ഒടുവിൽ മറ്റൊരു രാജ്യത്തു നിന്നും സ്വന്തം പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏതു രാജ്യത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് കുടുംബം വ്യക്തമാക്കിയില്ല.