ടൊറന്റോ : തിരക്കേറിയ സ്ഥലത്ത് വഴിയാത്രികർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റിയുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പതിനാറ് പേർക്ക് പരുക്കേറ്റു. വാൻ ഓടിച്ചിരുന്നയാളെ പൊലീസ് കീഴപ്പെടുത്തി. അപകടമുണ്ടാക്കിയതിന് കാരണം വ്യക്തമല്ല. തീവ്രവാദ ആക്രമണമാണ് ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

'എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ' എന്ന് ആക്രോശിച്ച് ആയുധമോ മറ്റോ ഉപയോഗിച്ച് ഇയാൾ പൊലീസിന് നേരെ അടുത്തെങ്കിലും ഓഫിസർമാരിലൊരാൾ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാൾ കീഴടങ്ങുകയായിരുന്നെന്നാണ് പ്രാഥമികദൃശ്യങ്ങളിൽനിന്നും ദൃക്‌സാക്ഷികളുടെ മൊഴികളിൽനിന്നും മനസിലാകാനാവുന്നത്. 25 വയസുകാരനാണ് അലേക് മിനാസിയനാണ് പിടിയിലായത്.

ഫിഞ്ച് ആൻഡ് യങ്ങ് സ്ടീറ്റിനു സമീപം ഇന്ത്യൻ സമയം രാത്രി 11ഓടെ ആയിരുന്നു സംഭവം. റൈഡർ ട്രക്ക് ആൻഡ് റെൻഡൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാനാണ് ഇടിച്ചു കയറ്റിയത്. വഴിയാത്രികർക്കിടയിലേക്ക് ഇയാൾ മനപ്പൂർവം വാൻ ഓടിച്ചുകയറ്റുകയായിരുന്നു.

ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഒന്റാരിയോ പ്രീമിയർ കാത് ലിൻ വിൻ മറുപടി നൽകിയത്.