ബോംബ് സ്‌ഫോടനത്തിൽ ലൈംഗികാവയവങ്ങൾ അപ്പാടെ തകർന്ന മുൻ പട്ടാളക്കാരന് ശാസ്ത്രലോകം തുണയായി. ലോകത്തെ ആദ്യത്തെ ലിംഗം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന് പുതിയ ജീവിതം സമ്മാനിച്ചിരിക്കുകയാണ് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ. ലിംഗവും വൃഷണസഞ്ചിയും അടിവയറിന്റെ കുറച്ചുഭാഗവുമാണ് മാറ്റിവെച്ചത്. മരിച്ചയാളിൽനിന്നാണ് ഈ അവയവങ്ങൾ ശേഖരിച്ചത്.

14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ അവയവമാറ്റ രംഗത്തെ ഏറ്റവും പുതിയ വിസ്മയം പൂർത്തിയാക്കിയത്. കഴിഞ്ഞമാസമായിരുന്നു സങ്കീർണമായ ഈ ശസ്ത്രക്രിയ. മുമ്പ് രണ്ടുതവണ ലിംഗം മാറ്റിവെക്കൽ ശസത്രക്രിയ നടന്നിട്ടുണ്ടെങ്കിലും (2014-ൽ ദക്ഷിണാഫ്രിക്കയിലും 2016-ൽ അമേരിക്കയിലും) അന്നൊക്കെ ലിംഗം മാത്രമാണ് മറ്റൊരാളിൽനിന്ന് സ്വീകരിച്ചത്. ഇക്കുറി ലിംഗവും വൃഷണസഞ്ചിയും അടിവയറിലെ മാംസവുമുൾപ്പെടെ സമ്പൂർണ ലിംഗം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടന്നത്.

ജനനേന്ദ്രിയ ഭാഗത്തെ പത്തിഞ്ച് വീതിയും പതിനൊന്നിഞ്ച് നീളവുമുള്ള ഭാഗമാണ് മരിച്ചയാളിൽനിന്ന് ശേഖരിച്ച് സൈനികനിൽ വെച്ചുപിടിപ്പിച്ചത്. യുദ്ധത്തിലും മറ്റും ഇത്തരത്തിൽ പരിക്കേൽക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണ് ഈ ശസ്ത്രക്രിയയെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. മാറ്റിപ്പിടിപ്പിച്ച ലൈംഗികാവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ.