ന്യൂഡൽഹി: കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ നൽകാനുള്ള നിയമം വന്നിട്ടും രാജ്യത്ത് ഒരുമാറ്റവുമില്ല. വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ച ദിവസവും തലസ്ഥാന നഗരമായ ഡൽഹിയിൽ പെൺകുട്ടിക്കുനേരെ അതിക്രമമുണ്ടായി. അതിന് യുവതിയായ സ്വന്തം അമ്മായി കൂട്ടുനിൽക്കുക കൂടി ചെയ്തു. അമ്മയില്ലാത്ത പെൺകുട്ടിയെ ഇത്രകാലവും സംരക്ഷിച്ചിരുന്നതും ഇതേ യുവതിയായിരുന്നു.

13 വയസ്സുള്ള തന്റെ അനന്തരവളെ യുവതി മദ്യം നൽകി മയക്കി കാമുകന് കാഴ്ചവെക്കുകയായിരുന്നു. ഡൽഹിക്ക് പുറത്ത് ഷാബാദ് ഡയറിയിലാണ് സംഭവം. ക്രൂരമായ ബലാൽസംഗത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടതോടെ അച്ഛൻ കുട്ടിയെ ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടി ബലാൽസംഗത്തിനിരയായതായി ഡോക്ടർമാർ അച്ഛനെ അറിയിച്ചു. അപകടനില തരണം ചെയ്തതോടെ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.

30 വയസ്സുള്ള യുവതിയാണ് അനന്തരവളെ മദ്യം നൽകി മയക്കി കാമുകന് കാഴ്ചവെച്ചതെന്ന് പൊലീസ് ഡപ്യൂട്ടി കമ്മീഷണർ രജ്‌നീഷ് ഗുപ്ത പറഞ്ഞു. പെൺകുട്ടിയെ ബലാൽസംഗം ചെയ്ത മുകേഷ് കുമാർ ഒളിവിലാണ്. പോക്‌സോ ആക്ട് പ്രകാരവും ക്രിമിനൽ ഗൂഢാലോചനയുൾപ്പെടെയുള്ള വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്ത് ജലിലേക്കയച്ചു.

അമ്മ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് പെൺകുട്ടി അച്ഛനോടൊപ്പമായിരുന്നു താമസം. ഇതിനടുത്തുതന്നെയാണ് പെൺകുട്ടിയുടെ അച്ഛന്റ സഹോദരിയായ യുവതിയും താമസിച്ചിരുന്നത്. അമ്മയെപ്പോലെ പെൺകുട്ടിയെ സംരക്ഷിച്ചിരുന്നതും ഇവരാണ് എന്നാൽ, തന്റെ കാമുകന്റെ നിർദ്ദേശാനുസരണം അമ്മായി പെൺകുട്ടിക്ക് മദ്യം നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറായ മുകേഷ് കുമാറുമായി അടുത്തകാലത്താണ് ഇവർ പ്രണയത്തിലായത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വീടിനടുത്തുള്ള കാട്ടുപ്രദേശത്തേയ്ക്ക പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ അമ്മായി, ശീതളപാനീയത്തിൽ കലർത്തി മദ്യം നൽകുകയായിരുന്നു. മുകേഷും സംഭവസ്ഥലത്തെത്തിയിരുന്നു. യുവതിയും മുകേഷും മദ്യപിച്ചു. പെൺകുട്ടി മയങ്ങിയെന്ന് ഉറപ്പായപ്പോൾ, യുവതിയുടെ സാന്നിധ്യത്തിൽ മുകേഷ് അവളെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ബോധംവന്നപ്പോൾ എഴുന്നേറ്റ് വീട്ടിലേക്ക് പോയ പെൺകുട്ടി, പിറ്റേന്ന് രാവിലെ വേദനകൊണ്ട് പുളയുന്നത് അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. രക്തസ്രാവവും കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുകേഷിനായി ബിഹാറിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.