ലണ്ടൻ: തങ്ങളുടെ കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാർ വിവിധ കോളനി രാജ്യങ്ങളിൽ നിന്നും അപൂർവങ്ങളും അമൂല്യങ്ങളുമായ നിരവധി വസ്തുക്കളായിരുന്നു നിയമവിരുദ്ധമായി കടത്തിക്കൊണ്ട് പോയിരുന്നത്. ഈ വിധത്തിൽ തങ്ങളുടെ രാജ്യത്ത് നിന്നും ബ്രിട്ടീഷുകാർ അടിച്ച് മാറ്റിയ എല്ലാ അപൂർവ രത്നങ്ങളും കിരീടങ്ങളും തിരിച്ച് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എത്യോപ്യ. നിലവിൽ ബ്രിട്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലുള്ള ഇവയുടെ അവകാശം ഉറപ്പിക്കാനുള്ള ശക്തമായ നിയമപോരാട്ടമാണ് എത്യോപ്യ ആരംഭിച്ചിരിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെള്ളക്കാർ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ കോഹിനൂർ രത്നത്തിന്റെ കാര്യം ഉയർത്താനും അത് തിരിച്ച് മേടിക്കാനും ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചോദ്യവും ശക്തമാകുന്നുണ്ട്.

1868ൽ എത്യോപ്യയിൽ നിന്നും ബ്രിട്ടീഷ്സേന പിടിച്ചെടുത്ത് കടത്തിക്കൊണ്ട് വന്ന അപുർവ സാധനങ്ങൾ ലണ്ടനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര ആകർഷണ കേന്ദ്രമായ ഈ മ്യൂസിയം പ്രദർശനത്തിന് വച്ചതിനെ തുടർന്നാണ് ഇവ തിരിച്ച് നേടാനുള്ള നീക്കം വെളിപ്പെടുത്തി എത്യോപ്യൻ ഒഫീഷ്യൽ രംഗത്തെത്തിയിരിക്കുന്നത്. ഇവ കടമായിട്ട് പോലും മ്യൂസിയത്തിന് വിട്ട് കൊടുക്കാൻ തയ്യാറല്ലെന്നാണ് ഒഫീഷ്യൽ പറയുന്നത്. എത്യോപ്യയിലെ ഒരു കൾച്ചറൽ ഇൻസ്റ്റിറ്റിയൂഷനിൽ നിന്നും ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ ബ്രിട്ടനിലേക്ക് കൊണ്ടു വന്നതെന്ന മ്യൂസിയം ഡയറക്ടർ ട്രിസ്ട്രാം ഹണ്ടിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു എത്യോപ്യൻ ഒഫീഷ്യൽ.

ഇക്കാര്യത്തിൽ എത്യോപ്യയുമായി ചർച്ച ചെയ്ത് ഇരു പക്ഷത്തിനും ഗുണമുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്നും മ്യൂസിയം ഡയറക്ടർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് എത്യോപ്യ പുലർത്തുന്നത്. 150 വർഷം മുമ്പ് നടന്ന മാക്ഡാല യുദ്ധവുമായി ബന്ധപ്പെട്ട വിശുദ്ധ കൈയെഴുത്ത് പ്രതികളും സ്വർണവും അടുത്തിടെ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചവയിൽ ഉൾപ്പെടുന്നു. എത്യോപ്യയിലെ ടിവോർഡോസ് രണ്ടാമൻ ചക്രവർത്തിയെ കീഴടക്കിയതിന് ശേഷമായിരുന്നു ബ്രിട്ടൻ ഇവ പിടിച്ചെടുത്തിരുന്നത്.

ഇവ തിരിച്ച് തരാൻ തങ്ങൾ 2017ൽ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് എത്യോപ്യൻ ഗവൺമെന്റ് മിനിസ്റ്ററായ ഹിറുത് വോൽഡെമാറിയം പറയുന്നത്. അവ എത്യോപ്യയിൽ നിന്നാണ് പിടിച്ചെടുത്തതെന്നതിൽ യാതൊരു സംശയവുമില്ലെന്നും അവ ഒരിക്കലും കടം കൊടുക്കില്ലെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും എത്യോപ്യൻ നാഷണൽമ്യൂസിയം ഡയറക്ടറായ എഫ്റെം അമാരെ തറപ്പിച്ച് പറയുന്നു. അവ ബ്രിട്ടൻ നിയമവിരുദ്ധമായി തട്ടിക്കൊണ്ട് പോയതാണെന്നും കടമായി കൊണ്ട് പോയതല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.