ചുരുങ്ങിയ നാൾകൊണ്ടുതന്നെ ബ്രിട്ടീഷ് രാജകുടുംബവുമായി ഇഴുകിച്ചേർന്ന മേഗൻ മെർക്കിലാണ് ഇപ്പോൾ ബ്രിട്ടനിലെ താരം. ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു രാജകുടുംബത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന് അവരുടെ ഓരോ ചലനങ്ങളും വ്യക്തമാക്കുന്നു. മെയ് 21-നാണ് ഹാരിയും മേഗനുമായുള്ള വിവാഹം. എന്നാൽ, അതിനുമുന്നെതന്നെ രാജകുടുംബത്തിലെ എല്ലാവർക്കും സ്വീകാര്യയായ മരുമകളായി മാറാൻ അവർക്കായിട്ടുണ്ട്.

മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായി അവധിയെടുത്തിരുന്ന വില്യം രാജകുമാരൻ തിരികെ ഔദ്യോഗിക ജോലികൾക്കായി പോകാനൊരുങ്ങവെ, കവിളിൽ സ്‌നേഹത്തോടെയൊരു ചുംബനം നൽകിയാണ് മൂത്ത സഹോദരനെ മേഗൻ യാത്രയാക്കിയത്. വെസ്റ്റ്മിൻസ്റ്റർ അബ്ബെയിൽ അൻസാക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇത്.

കുടുംബം മേഗനെ എത്രത്തോളം സ്വീകരിച്ചുവെന്നതിന് തെളിവായിരുന്നു ചടങ്ങിൽ വില്യമും മേഗനുമൊത്തുള്ള പെരുമാറ്റം. മേഗന്റെ തോളിൽ കൈവെച്ചുകൊണ്ടാണ് വില്യം അവരോട് കുശലാന്വേഷണം നടത്തിയത്. വില്യമിന്റെ പിന്നിൽ തന്റെ കൈവെച്ച് മേഘനും ആ അടുപ്പം വെളിപ്പെടുത്തി. സംസാരത്തിനിടെയാണ് വില്യമും മേഘനും കവിളുകളുരസി സ്‌നേഹപ്രകടനം നടത്തിയത്.

ഓസ്‌ട്രേലിയിയലെയും ന്യൂസിലൻഡിലെയും സൈനികരെയും യുദ്ധത്തിൽ മരിച്ചവരെയും ആദരിക്കുന്നതിനായാണ് അൻസാക് ദിനം ആഘോഷിക്കുന്നത്. ഇതിൽ ഔദ്യോഗിക പ്രതിനിധികളായാണ് ഇരുവരും പങ്കെടുത്തത്. യോഗത്തിൽ സംസാരിക്കവെ തന്റെ മൂന്നാമത്തെ കുഞ്ഞും ഭാര്യ കെയ്റ്റ് രാജകുമാരിയും സുഖമായിരിക്കുവെന്ന് വില്യം പറഞ്ഞു.

രാജകുടുംബത്തിന് ചേർന്ന വിധമാണ് ചടങ്ങിൽ മേഘനെത്തിയത്. എമിലിയ വിക്ക്സ്റ്റീഡ് ഡിസൈൻ ചെയ്ത മുട്ടൊപ്പമെത്തുന്ന ഉടുപ്പണിഞ്ഞാണ് ചടങ്ങിൽ അവർ പങ്കെടുത്തത്. മേഗന്റെ പ്രിയപ്പെട്ട ഡിസൈനർമാരിലൊരാളാണ് എമിലിയ. രാവിലെ ഹാരി രാജകുമാരനൊപ്പം മവോരികളുടെ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തപ്പോഴും മേഘൻ ഉല്ലാസവതിയായാണ് കാണപ്പെട്ടത്. സെൻട്രൽ ലണ്ടനിലുള്ള വെല്ലിങ്ടൺ ആർച്ചിലെ ന്യൂസീലൻഡ് വാർ മെമോറിയലിലാണ് ചടങ്ങ് നടന്നത്.