വെബ്ലിയിലെ സ്റ്റേഡിയം അമേരിക്കൻ ബില്യണയറായ ഷാഹിദ്ഖാന് വിൽക്കാനുള്ള ഫുട്ബോൾ അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതിനെ തുടർന്ന് സ്റ്റേഡിയം കൈമാറാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ വരെ ഫുട്ബോൾ അസോസിയേഷനോട്നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ചങ്കായ വെംബ്ലിയിലെ സ്റ്റേഡിയം ഇത്തരത്തിൽ അമേരിക്കൻ ആരാധകർക്ക് കൈമാറൻ ഫുട്ബോൾ അസോസിയേഷന് പറ്റുമോ എന്ന ഹൃദയഭേദകമായ ചോദ്യമാണ് ഇംഗ്ലീഷ് ആരാധകർ ഈ അവസരത്തിൽ ഉയർത്തുന്നത്. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും 800മില്യൺ പൗണ്ട് കൊടുത്ത് സ്റ്റേഡിയം വാങ്ങാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഷാഹിദ് ഖാൻ.

ഇത്തരത്തിൽ സ്റ്റേഡിയം വിൽക്കുന്നതിനുള്ള പ്രക്രിയ പ്രാരംഭഘട്ടത്തിലെത്തിയിട്ടേയുള്ളുവെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണേണ്ടത് ഫുട്ബോൾ അസോസിയേഷനാണെന്നുമാണ് ഡൗണിങ്സ്ട്രീറ്റ് പറയുന്നത്. സ്റ്റേഡിയം വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് ഫുട്ബോൾ അസോസിയേഷനാണെന്നും എന്നാൽ വെംബ്ലി ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രപരമായ വിളനിലവും വികാരവുമാണെന്നും ആരാധകരുടെ ഹൃദയത്തിൽ ഇതിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് ഓർക്കണമെന്നുമാണ് തെരേസയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. അതിനാൽ നിർണായകമായ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഫുട്ബോൾ അസോസിയേഷൻ നന്നായി ആലോചിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറയുന്നു.

സ്റ്റേഡിയം അമേരിക്കൻ എൻഎഫ്എൽ ടീമിന് വിൽക്കാനുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഇന്നലെ ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. 1920കൾ മുതൽ ഇംഗ്ലണ്ടിലെ ഗെയിമുകൾ നടത്തി വരുന്ന ചരിത്രപ്രാധാന്യമുള്ള സ്റ്റേഡിയമാണിത്. അമേരിക്കൻ ഫുട്ബോൾ ഫ്രാഞ്ചൈസിയായ ജാക്ക്സൻ വില്ലെ ജാഗ്വാർസിന്റെ ബില്യണയർ ഉടമയാണ് ഷാഹിദ് ഖാൻ.സ്റ്റേഡിം വിറ്റ് കിട്ടുന്ന വൻ തുക ഫുട്ബോളിന്റെ അടിസ്ഥാനവികസനത്തിന് പ്രയോജനപ്പെടുത്താമെന്നാണ് ഫുട്ബോൾ അസോസിയേഷൻ പറയുന്നത്. എന്നാൽ നാഷണൽ സ്റ്റേഡിയം സ്വകാര്യ വ്യക്തി കൈക്കലാക്കുന്നതും അതിന്റെ പേര് മാറ്റുന്നതും ഇംഗ്ലീഷ് ഫുഡ്ബോൾ ആരാധകർക്ക് ഓർക്കാൻ പോലു സാധിക്കാത്ത കാര്യമാണ്.

പുതിയ ഉടമയ്ക്ക് കൈമാറിയാൽ ഇംഗ്ലണ്ടിന് ഇവിടെ കളിക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്നും ഇംഗ്ലീഷ് ആരാധകർ മുന്നറിയിപ്പേകുന്നു. സ്റ്റേഡിയംവാങ്ങി എൻഎഎഫ് എൽ മാച്ചുകൾ വെംബ്ലിയിലേക്ക് മാറ്റാനാണ് ഷാഹിദ് ഒരുങ്ങുന്നത്. അത്തരംവേളകളിൽ ഇംഗ്ലീഷ് നാഷണൽ ഫുട്ബോൾ ടീം ഹോം മാച്ചുകൾ കളിക്കാൻ മറ്റ് സ്റ്റേഡിയങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്. സ്റ്റേഡിയം വാങ്ങാനെത്തിയ ഷാഹിദ് ഖാൻ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ഉടമയാണ്. പാക്കിസ്ഥാനിൽ ജനിച്ച ഇദ്ദേഹം 16ാം വയസിൽ യുഎസിലെത്തുകയായിരുന്നു.

തുടക്കത്തിൽ മണിക്കൂറിന് 85 പെൻസ് ശമ്പളം വാങ്ങി പാത്രങ്ങൾ കഴുകലായിരുന്നു അമേരിക്കയിൽ ചെയ്ത ആദ്യ ജോലി. തുടർന്ന് ഫ്ലെക്സ് എൻ ഗേറ്റിൽ ജോലി ലഭിച്ചു. തുടർന്ന് 13 വർഷത്തിനുള്ളിൽ 6000 പൗണ്ടിന് ആ സ്ഥാപനം വിലകൊടുത്ത് വാങ്ങിയ ചരിത്രമാണ് ഖാനുള്ളത്. വെറും 360 പൗണ്ടുമായി അമേരിക്കയിലെത്തിയ ഖാൻ ഇന്ന് ലോകത്തിൽ സമ്പത്തിന്റെ കാര്യത്തിൽ 217ാം സ്ഥാനത്താണ്. 2013ലാണ് അദ്ദേഹം ഫൽഹാം എഫ്സിയുടെയും എൻഎഫ്എല്ലിന്റെയും ഉടമസ്ഥനായിത്തീർന്നു.

മാത് സ് പ്രഫസറായ സകിയയുടെയും റാഫികിന്റെയും പുത്രനായി 1950ൽ ലാഹോറിലായിരുന്നു ഖാന്റെ പിറവി. വളരെ ചെറിയ പ്രായത്തിൽ തന്നെ ബിസിനസിൽ താൽപര്യം പുലർത്തിയിരുന്ന ഇദ്ദേഹം ചെറുപ്പത്തിൽ തന്നെ റേഡിയോകൾ നിർമ്മിച്ച് വിറ്റിരുന്നു.