2016 ഒക്ടോബർ പത്തിന് ബക്കിങ്ഹാംഷെയറിലെ ജെറാർഡ്സിലെ ബംഗ്ലാവിന്റെ ഗാർഡനിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ഇന്ത്യൻ യുവതി ഗുർപ്രീത് കൗർ(30) മരിച്ച കേസിന്റെ വിചാരണ ആരംഭിച്ചു. സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ കൗർ തന്റെ കോടീശ്വരനായ അമ്മാവൻ ഹർചരൻജിത്ത് മത്താറുവിനൊപ്പം രണ്ട് മില്യൺ പൗണ്ട് വിലയുള്ള ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വച്ച് തന്നെയാണ് അവർ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഐഇഎൽടിഎസ് പരീക്ഷ എഴുതാനുള്ള നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിനെ കുറിച്ച് തർക്കിച്ചതിനെ തുടർന്ന് ഇവർ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന സൂചനയാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.

ഐഇഎൽടിഎസ് പരീക്ഷ എഴുതാനുള്ള നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിനെ കുറിച്ചും യൂണിവേഴ്സിറ്റി ഫീസുകൾ കൊടുക്കുന്നതിനെ കുറിച്ചും അമ്മാവനായ ഹർചരനുമായി ഫോണിലൂടെ വാദപ്രതിവാദങ്ങൾ നടത്തി അധികസമയം കഴിയുന്നതിന് മുമ്പാണ് യുവതി തീകൊളുത്തിയതെന്ന് ഫോണിലെ മെസേജുകളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്ന് വിചാരണയിൽ വെളിപ്പെട്ടിരിക്കുകയാണ്.മൃതദേഹത്തിനടുത്ത് നിന്നും പെട്രോൾ കാനും കൗറിന്റെ മൊബൈൽ ഫോണും ഡിറ്റെക്ടീവുമാർ കണ്ടെടുത്തിരുന്നു. ഈ ബംഗ്ലാവിന്റെ പുന്തോട്ടത്തിൽ നിന്നും കരച്ചിലുകൾ കേട്ടിരുന്നുവെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു.

കൗർ തീകൊളുത്തിയ വിവരമറിഞ്ഞ് എമർജൻസി സർവീസുകാർ കുതിച്ചെത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വെളിപ്പെട്ട കാര്യങ്ങളെ തുടർന്ന് 58കാരനായ ഹർചരണിനെ യുവതിയുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കൂടുതൽ നടപടികളെടുക്കാതെ ഇയാളെ വിട്ടയക്കുകയും ചെയ്തിരുന്നു. താൻ ജീവിത്തതിൽ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ ഇനിയും ജീവിതം തുടരാൻ ആഗ്രഹമില്ലെന്നും വെളിപ്പെടുത്തുന്ന കുറിപ്പുകൾ കൗറിന്റെ ഫോണിൽ നിന്നും കണ്ടെടുത്തിരുന്നു.

കൗറിന്റെ അമമായിയായ ബൽദേവ് ഷോപ്പിങ് കഴിഞ്ഞെത്തിയപ്പോഴായിരുന്നു കൗറിന്റെ മൃതദേഹം ഗാർഡനിൽ കണ്ടെത്തിയത്. മരിക്കുന്നതിന് പത്ത് മിനുറ്റ് മുമ്പ് ഫോണിൽ അമ്മാവനുമായി കൗർ വാദപ്രതിവാദങ്ങൾ നടത്തിയതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.സ്റ്റുഡന്റ് വിസ എകസ്റ്റൻഡ് ചെയ്യുന്നതിനായി ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ടെസ്റ്റ് പാസാകാൻ ഹോം ഓഫീസ് കൗറിനോട് നിർദേശിച്ചതിനാൽ അതിന് തയ്യാറെടുക്കുകയായിരുന്നു അവർ. എന്നാൽ മാത്രമേ കൗറിന് ഇവിടെ യൂണിവേഴ്സിറ്റികോഴ്സിന് അപേക്ഷിക്കാനും സാധിക്കുമായിരുന്നുള്ളൂ.

ഐഇഎൽടിഎസ് പരീക്ഷ എഴുതാനുള്ള 60 പേജോളം വരുന്ന നോട്ടുകൾ പ്രിന്റെടുത്ത് എത്തിക്കാൻ അന്ന് വൈകുന്നേരം നാല്മണിക്ക് കൗർതന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോലിത്തിരക്ക് കഴിഞ്ഞ് പ്രിന്റെടുക്കാമെന്ന് താൻ അവളെ അറിയിച്ചിരുന്നുവെന്നും കൗറിന്റെ മരണത്തിന് ശേഷം ഹർചരൺ ഇൻക്വസ്റ്റിന്റെ ഭാഗമായി നൽകിയ ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു.

തന്റെ ഭാര്യ ബൽദേവ് 4.45നാണ് വീട്ടിലെത്തിയതെന്നും അപ്പോൾ വാതിൽ തുറന്ന് കൊടുക്കാനായി താൻ കൗറിനെ വിളിച്ചിരുന്നുവെന്നും മറുപടിയുണ്ടായിരുന്നില്ലെന്നും ഹർചരൺ വെളിപ്പെടുത്തിയിരുന്നു. പിന്നീട് കൗർ മരിച്ചെന്ന ഭാര്യയുടെ ഫോൺവിളി കേട്ട് താൻ ഞെട്ടിത്തരിച്ചിരുന്നു പോയെന്നും ഹർചരൺ പ്രസ്താവനയിലൂടെ വിശദീകരിച്ചിരുന്നു.