ലണ്ടൻ: വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും മൂന്നാമത്തെ കുഞ്ഞിന്റെ പേര് വ്യക്തമായതോടെ, അതിന്റെ ആഘോഷത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങളേറെയും. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിക്ക് ലൂയിസ് ആർതർ ചാൾസ് രാജകുമാരൻ എന്നാണ് പേരിട്ടത്. ജോർജ് രാജകുമാരന്റെയും ഷാർലറ്റ് രാജകുമാരിയുടെയും അനിയൻ, പ്രിൻസ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് എന്ന സ്ഥാനപ്പേരിലാകും അറിയപ്പെടുക.

വിക്ടോറിയ രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനാണ് കിരീടാവകാശത്തിൽ ഒന്നാം സ്ഥാനത്ത്. ചാൾസ് കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ മൂത്തമകൻ വില്യം രാജകുമാരൻ. വില്യം രാജകുമാരന്റെ മൂത്തമകൻ ജോർജ് രാജകുമാരനാണ് മൂന്നാമത്തെ കിരീടാവകാശി. ഷാർലറ്റ് രാജകുമാരി നാലാമത്തെയും. അതുകഴിഞ്ഞാൽ ലൂയിസ് രാജകുമാരന്റെ ഊഴമാകും. കിരീടാവകാശത്തിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഹാരി രാജകുമാരനെ പിന്തള്ളിയാണ് ലൂയിസ് അഞ്ചാമനായത്,

പ്രിൻസ് ഓഫ് വെയ്ൽസാണ് ചാൾസ് രാജകുമാരൻ. ഡ്യൂക്ക് ഓഫ് കേംബ്രിഡ്‌ജെന്നാണ് വില്യമിന്റെ സ്ഥാനപ്പേര്. ജോർജ് പ്രിൻസ് ജോർജ് ഓഫ് കേംബ്രിഡ്ജും ഷാർലറ്റ് പ്രിൻസസ് ഷാർലറ്റ് ഓഫ് കേംബ്രിഡ്ജുമാണ്. അവർക്ക് പിന്നാലെയാണ് പ്രിൻസ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് വരുന്നത്. പ്രിൻസ് ഹാരി ഓഫ് വെയ്ൽസെന്നാണ് ഹാരി രാജകുമാരന്റെ സ്ഥാനപ്പേര്. യോർക്കിലെ ഡ്യൂക്കായ ആൻഡ്രു രാജകുമാരൻ കിരീടാവകാശത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിയാട്രീസ് രാജകുമാരിയും യൂജിൻ രാജകുമാരിയും എട്ടും ഒമ്പതും സ്ഥാനങ്ങളിലും.

ആദ്യ ആറ് സ്ഥാനങ്ങളുള്ളവർക്ക് മെയ് 19-നന് വിവാഹിതരാകുന്നതിന് രാജ്ഞിയുടെ അനുമതി വാങ്ങമെന്നാണ് നിയമം. 2013-ലെ ബ്രിട്ടീഷ് പിൻതുടർച്ചാവകാശ നിയമമാണ് ഈ അനുമതി നിർബന്ധമാക്കിയത്. നിലവിലെ സ്ഥിതിയനുസരിച്ച് ചാൾസ്,വില്യം, ജോർജ്, ഷാർലറ്റ്, ലൂയിസ്, ഹാരി എന്നിവർക്കുമാത്രമേ ആ നിയമം ബാധകമാകൂ. പിന്തുടർച്ചാവാകാശത്തിൽ വരുന്നവരുടെ വിവാഹമടക്കമുള്ള കാര്യങ്ങളിൽ കൊട്ടാരത്തിന് നിയന്ത്രണമുണ്ടാകുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്.

മൂന്നുകുട്ടികളെയാവും വില്യം-കെയ്റ്റ് ദമ്പതിമാർ പ്രതീക്ഷിച്ചിട്ടുണ്ടാവുകയെന്ന് നേരത്തേതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കെയ്റ്റിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. സഹോദരി പിപ്പ മാത്യൂസും സഹോദരൻ ജയിംസ് മിഡിൽടണും. ഇവർ രണ്ടുപേരുമായി വളരെയേറെ അടുത്ത ബന്ധമാണ് കെയ്റ്റിനുള്ളത്. തന്റെ വീട്ടിലേതുപോലെ മൂന്ന് പേർ എന്നതാകും കെയ്റ്റിന്റെ തീരുമാനെമന്നായിരുന്നു നേരത്തേ മുതൽ കരുതിയിരുന്നത്. വില്യമിന് ഹാരി മാത്രമാണ് സഹോദരനനായിട്ടുള്ളത്.

ബ്രിട്ടനിൽ രാജ്ഞിക്കുശേഷം ചാൾസ് രാജകുമാരൻ രാജാവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 69 വയസ്സുള്ള ചാൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കിരീടാവകാശിയായി നിന്നയാൾ എന്ന പെരുമയ്ക്ക് അർഹനാണ്. 1958 മുതൽ കിരീടാവകാശിയാണ് അദ്ദേഹം. ചാൾസിന് പിന്നാലെ വില്യം രാജാവാകുകയാണെങ്കിൽ, അദ്ദേഹത്തിന് ദീർഘകാലം ഭരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും രാജ്യം ഭരിച്ചശേഷമേ ലൂയിസ് രാജകുമാരന് ഭരണം കിട്ടൂ. ഹാരി രാജകുമാരൻ, പ്രിൻസ് ഓഫ് വെയ്ൽസ് എന്ന പദവിയിൽത്തന്നെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പാണ്.