നുഷ്യ ശരീരത്തിന് വിലയില്ലാതായിപ്പോകുന്ന ചില ഘട്ടങ്ങളുണ്ട്. അത്തരമൊരു ദുർഗതിയാണ് ലണ്ടൻ ട്യൂബ് ട്രെയിൻ പാളത്തിലേക്ക് വീണ 47-കാരനുണ്ടായത്. വീണതൊരു കുറുക്കനാണെന്ന് ജീവനക്കാർ തെറ്റിദ്ധരിച്ചതോടെ, ട്രെയിനിനടിയിൽപ്പെട്ടയാളുടെ മൃതദേഹം പാളത്തിൽ കിടന്നത് 14 മണിക്കൂറോളം. ഇതിനിടെ 300 ട്രെയിനുകൾ ആ ശരീരത്തെ ചതച്ചരച്ച് മുകളിലൂടെ കടന്നുപോയി.

ഹിൽബോണിനും റസൽ സ്‌ക്വയറിനും മധ്യ പിക്കാഡ്‌ലി ലെയ്‌നിലാണ് സംഭവം. മെയ്ഡ്‌സ്റ്റോണിൽനിന്നുള്ളയാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതേയുള്ളൂവെന്നും അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാവൂ എന്നും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.

കഴിഞ്ഞവർഷം ഡിസംബർ 28-നാണ് സംഭവം. രാവിലെ 11.30-ഓടെ ലെയ്‌നിൽ എന്തോ തടസ്സമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ട്രിപ്പ് നിർത്തിവെയ്ക്കുകയും ജീവനക്കാർ പരിശോധിക്കുകയും ചെയ്തു. ചത്ത കുറുക്കന്റെയോ മറ്റോ അവശിഷ്ടങ്ങളാണെന്ന് കരുതി അവർ ട്രിപ്പ് പുനരാരംഭിച്ചു. പിറ്റേന്ന് പുലർച്ചെ 1.42-ഓടെയാണ് ജീവനക്കാർ അതൊരു മനുഷ്യശരീരമാണെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസിനെ അറിയിക്കുന്നത്.

അപ്പോഴേക്കും 14 മണിക്കൂർ പിന്നിട്ടിരുന്നു. 300 ട്രെയിനുകളെങ്കിലും ആ ശരീരത്തിന് മുകളിലൂടെ കടന്നുപോയിരുന്നു. മണിക്കൂറിൽ 26 ്‌ട്രെയിനുകൾ കടന്നുപോകുന്ന തിരക്കേറിയ ലെയ്‌നുകളിലൊന്നാണിത്. ഹോൾബോണിൽനിന്ന് ഒരാൾ പാളത്തിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലും പിന്നീട് കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മരിച്ചത് മെയ്ഡ്‌സ്‌റ്റോണിൽനിന്നുള്ള 47-കാരനാണെന്നും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വക്താവ് പറഞ്ഞു. കോടതി ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഒരിക്കൽപ്പോലും കുറുക്കൻ കുറുകെ ചാടിയ ചരിത്രമില്ലാത്ത പിക്കാഡ്‌ലി ലെയ്‌നിൽ കണ്ടെത്തിയത് കുറുക്കനാണെന്ന് ജീവനക്കാർ തെറ്റിദ്ധരിച്ചതെങ്ങനെയെന്ന കാര്യമാണ് അധികൃതരെ കുഴക്കുന്നത്.