ലണ്ടൻ: തലച്ചോറിലെ നാഡീഞെരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗവുമായി ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ മരണത്തോട് മല്ലിട്ട രണ്ടുവയസ്സുകാരൻ ആൽഫി ഇവാൻസ് ലോകത്തോട് വിടപറഞ്ഞു. കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകാൻ റോമിലേക്ക് കൊണ്ടുപോകാനായി നിയമയുദ്ധത്തിലേർപ്പെട്ട ആൽഫിയുടെ മാതാപിതാക്കളുടെ അവസാന പ്രതീക്ഷയും ഇതോടെ ഇല്ലാതായി. ജീവൻ രക്ഷാ ഉപകരണങ്ങൾ ഏതാനും ദിവസംമുമ്പ് പിൻവലിച്ചതോടെ, ആൽഫിയെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു മാതാപിതാക്കളായ കെയ്റ്റും ടോമും.

കുട്ടിയെ വത്തിക്കാനിലെ പോപ്പിന്റെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ടോമും കെയ്റ്റും കോടതിയെ സമീപിച്ചത്. എന്നാൽ, മരണം ഉറപ്പായതിനാൽ അതിന്റെ ആവശ്യമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് ഹൈക്കോടതിയും അപ്പീൽക്കോടതിയും ടോമിന്റെ ആവശ്യം നിരാകരിച്ചു. ഒരാഴ്ചമുമ്പ് വെന്റിലേറ്ററും ഡോക്ടർമാർ പിൻവലിച്ചു. ജീവൻരക്ഷാ ഉപകരണം നിലനിർത്തണമെന്നാവശ്യപ്പെട്ട് ടോം നടത്തിയ നിയമപോരാട്ടവും വിജയം കണ്ടില്ല.

ആൽഫിക്ക് ജീവൻ രക്ഷാ ഉപകരണം നിലനിർത്തുന്നതിനായി ബന്ധുക്കളും മറ്റും ചേർന്ന് രൂപം നൽകിയ ആൽഫീസ് ആർമിയെന്ന സംഘടനയും ആൽഫിയെ ചികിത്സിക്കുന്നതിനായി പൗരത്വം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ഇറ്റാലിയൻ സർക്കാരിന്റെ ശ്രമങ്ങളും വിഫലമായി. എന്നാൽ, ആൽഫിയെ ആശുപത്രിയിൽനിന്ന് കൊണ്ടുപോകുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി വിധിക്കുകയായിരുന്നു. വെന്റിലേറ്റർ നീക്കിയിട്ടും അഞ്ചുദിവസത്തോളം ആൽഫി മരണത്തോട് പോരാടിയത് എല്ലാവർക്കും പ്രതീക്ഷ പകർന്നിരുന്നു.

പൊലീസ് കാവലിൽ ആശുപത്രിയിൽ മരിക്കുന്നതിനേക്കാൾ വീട്ടിൽ മരിക്കാൻ ആൽഫിയെ അനുവദിക്കണമെന്ന ആവശ്യമാണ് മാതാപിതാക്കളും ആൽഫീസ് ആർമിയും ഉയർത്തിയത്. അതും വിലപ്പോയില്ല. ഇന്നലെ രാവിലെ ആൽഫി ലോകത്തോട് വിടപറഞ്ഞു. ലിവർപൂൾ ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടിയ ആയിരത്തിലേറെ വരുന്ന ആൽഫി ആർമിക്കാർ, കുഞ്ഞിന്റെ ചിത്രം പതിച്ച നീല ബലൂണുകൾ ആകാശത്തേക്ക് പറത്തി അവന് അന്ത്യാഞ്ജലി അർപ്പിച്ചു. നീ ഒറ്റയ്ക്കല്ലെന്ന് എഴുതിയ ബലൂണുകളായിരുന്നു അവ.

ആൽഫിക്ക് ചികിത്സ നൽകാനുള്ള സന്നദ്ധത അറിയിച്ച് പോപ്പ് ഫ്രാൻസിസ് നേരത്തെ രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ മരണവിവവരമറിഞ്ഞ അദ്ദേഹം ട്വിറ്ററിലൂടെ ആൽഫിയുടെ മാതാപിതാക്കളെ ദുഃഖമറിയിക്കുകയും ചെയ്തു. ആൽഫിയുടെ മരണം തന്നെ വല്ലാതെ ഉലച്ചുവെന്നാണ് അദ്ദേഹം എഴുതിയത്. അവന്റെ മാതാപിതാക്കൾക്കായി താൻ പ്രത്യേകം പ്രാർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുലർച്ചെ രണ്ടരയോടെയാണ് ആൽഫിയുടെ മരണം സ്ഥിരീകരിച്ചത്. എന്റെ പോരാളി ആയുധങ്ങൾ താഴെവെച്ച് ചിറകുകൾ ധരിച്ച് പറന്നുപോയെന്നാണ് ടോം ഇവാൻസ് മകന്റെ മരണമറിയിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചത്. തങ്ങളുടെ ഹൃദയം തകർന്നുവെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും കെയ്റ്റ് ഇവാൻസിന്റെ പോസ്റ്റിൽ പറയുന്നു. ഒരുവർഷത്തിലേറെയായി ആൽഫി ചികിത്സയിൽ കഴിയുന്ന ആൽഡർ ഹേ ആശുപത്രി അധികൃതരും മരണത്തിൽ ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തി.