മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള ബന്ധത്തിലെ അകൽച്ച ഇതിനകം പലവട്ടം വെളിപ്പെട്ടിട്ടുള്ളതാണ്. പൊതുചടങ്ങുകളിൽ ഒന്നിലേറെതവണ ട്രംപിന്റെ കൈപിടിക്കാൻ വിസമ്മതിക്കുന്ന മെലാനിയയുടെ ദൃശ്യം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ആ ബന്ധത്തിലെ ഉലച്ചിൽ കൂടുതൽ ശക്തമായി വെളിപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ രംഗത്തെത്തി.

ഭർത്താവിനൊപ്പം മൂന്നുദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിനുശേഷമാണ് ബ്രിജിറ്റിന്റെ വെളിപ്പെടുത്തൽ. തന്റെ വ്യക്തിത്വം അടിയറവെയ്ക്കപ്പെട്ട മെലാനിയ വൈറ്റ് ഹൗസിൽ ഒരു തടവുപുള്ളിയെപ്പോലെയാണ് കഴിയുന്നതെന്നാണ് ബ്രിജിറ്റിന്റെ വെളിപ്പെടുത്തൽ. വളരെ മിടുക്കിയായ സ്ത്രീയാണവരെങ്കിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തടവിൽ കഴിയുന്നതുപോലെയാണ് അവരുടെ ജീവിതമെന്ന് ഫ്രഞ്ച് പ്രഥമവനിത പറഞ്ഞു. തമാശകളിഷ്ടപ്പെടുന്ന സരസയായ സ്ത്രീയാണ് മെലാനിയയെങ്കിലും അതൊക്കെ മറച്ചുവെച്ച് ജീവിക്കേണ്ടിവരികയാണ് അവർക്കെന്നും ബ്രിജിറ്റ് പറഞ്ഞു.

വളരെയേറെ നിയന്ത്രണങ്ങൾക്ക് വിധേയയായാണ് മെലാനിയ ജീവിക്കുന്നതെന്നും ബ്രിജിറ്റ് പറഞ്ഞു. വൈറ്റ് ഹൗസിൽനിന്ന് പുറത്തേക്ക് ഒരു ചുവടുവെക്കാൻ പോലും അവർക്ക് സ്വാതന്ത്ര്യമില്ല. സുരക്ഷയുടെ പേരിൽ എല്ലാം വിലക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസിന്റെ ഒരു ജനാല തുറക്കാൻ ശ്രമിച്ചാൽ അപ്പോൾ സുരക്ഷാ ജീവനക്കാർ രംഗത്തെത്തുകയും അതടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത്രയേറെ നിയന്ത്രണങ്ങൾ ജീവിക്കുന്നതെങ്ങനെയാണെന്നും ബ്രിജിറ്റ് ചോദിക്കുന്നു.

മെലാനിയയെ അപേക്ഷിച്ച് താൻ വളരെയേറെ സ്വാതന്ത്ര്യ്തതോടെയാണ് ജീവിക്കുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ പറയുന്നു. എല്ലാ ദിവസവും ഞാൻ പാരീസിൽ ഷോപ്പിങ്ങിനും മറ്റുമായി പോകും. മാക്രോണിനെക്കാൾ 25 വയസ്സിന് മൂത്ത ബ്രിജിറ്റ് അറിയപ്പെടുന്ന നൃത്താധ്യാപിക കൂടിയാണ്. മാക്രോൺ അവരുടെ ശിഷ്യനായിരുന്നു ഒരിക്കൽ. പ്രസിഡന്റിന്റെ ഭാര്യയാതുകൊണ്ട് താൻ തന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രിജിറ്റ് പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.