ലണ്ടൻ: ലെയ്സെസ്റ്ററിലെ ദില്ലൻ ഭരദ്വാജ് എന്ന 21 കാരൻ തന്റെ 16ാം വയസിൽ തന്നെ ഫാഷൻ എന്റർപ്രണറും കോടീശ്വരനുമായ വ്യക്തിയാണ്.പാവപ്പെട്ടവർ സൂത്രത്തിൽ എല്ലാം തട്ടിക്കൊണ്ടു പോയി ചുളുവിൽ ജീവിക്കുന്നവരാണെന്നായിരുന്നു കഷ്ടപ്പാട് എന്തെന്നറിയാത്ത ഈ പയ്യന്റെ തെറ്റിദ്ധാരണ.

42 ഏക്കറിലെ 20 ബെഢ്റൂം ആഡംബര വീട്ടിൽ സർവവിധ സുഖസൗകര്യങ്ങളോടെയും വാണിരുന്ന പയ്യന് പാവങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇത്തരത്തിൽ തികച്ചും തെറ്റിദ്ധാരണ നിറഞ്ഞ ധാരണയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻവംശജനായ ഈ യുവാവ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഒരു പാവപ്പെട്ട വീട്ടിൽ താമസിച്ചതോടെ ഇയാളുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടുകൾ മാറി മറിയുകയായിരുന്നു.

ഫെരാരികളിൽ സഞ്ചരിച്ചിരുന്ന ദില്ലന്റെ കൊട്ടാര സദൃശമായ വീട്ടിൽ അഞ്ച് ലിവിങ് റൂമുകൾ, മൂന്ന് അടുക്കളകൾ, ടെന്നീസ് കോർട്ട്, സിനിമഹാൾ, ജിംനേഷ്യം തുടങ്ങിയവയെല്ലാമുണ്ട്. കുടുംബത്തിന് റോൾസ് റോയ്സ്, ഫെരാറികൾ, ലംബോർഗിനി എന്നിവയടക്കം 20ൽ അധികം കാറുകളാണ് സ്വന്തമായുള്ളത്. റിയാലിറ്റി ഷോയുടെ ഭാഗമായി പാവപ്പെട്ടവരുടെ ജീവിതം പഠിക്കാനായിരുന്നു ദില്ലൻ ഒരു പാവപ്പെട്ട വീട്ടിൽ താമസിക്കാനെത്തിയത്. ചാനൽ 5 ന്റെ കിഡ്സ് ഗോ സ്‌കർട്ട് ടിവി ഷോയുടെ ഭാഗമായി ദില്ലൻ അഞ്ച് മക്കളുടെ അമ്മയായ എലാനി സുള്ളിവന്റെ വീട്ടിലാണ് ജീവിതം പഠിക്കാനെത്തിയത്.

സറെയിലെ വാർലിൻഗാമിലെ 59കാരിയാ എലാനി ബെനഫിറ്റുകളെ ആശ്രയിച്ചാണ് കുട്ടികളെ വളർത്തുന്നത്. ഇവരുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം അടുത്തറിഞ്ഞ ദില്ലന് സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബെനഫിറ്റുകളെ ആശ്രയിച്ച് ജീവിക്കുന്നവർ അലസരും കുരുട്ട് ബുദ്ധിയുള്ളവരുമാണെന്ന് തന്റെ തെറ്റിദ്ധാരണ ഇതോടെ മാറിയെന്നാണ് ദില്ലൻ വെളിപ്പെടുത്തുന്നത്. എലാനിയുടെ ജീവിതം അടുത്തറിഞ്ഞതോടെ ബെനഫിറ്റുകൾ വാങ്ങി ജീവിക്കുന്നവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അടിമുടി മാറിയെന്ന് യുവാവ് ആവർത്തിക്കുന്നു.

ബെനഫിറ്റുകൾ വാങ്ങി ജീവിക്കുന്നത് ജോലിക്ക് പോകാൻ മടിയുള്ളവരാണെന്നായിരുന്നു യുവാവ് ഈ അടുത്ത കാലം വരെ ധരിച്ചിരുന്നത്. എന്നാൽ വ്യക്തമായ കാരണമുള്ളതിനാലാണ് ആളുകൾ ബെനഫിറ്റ് വാങ്ങി ജീവിക്കാൻ നിർബന്ധിതരാകുന്നതെന്ന് ദില്ലന് ഇപ്പോൾ തിരിച്ചറിയാൻ സാധിച്ചിരിക്കുകയാണ്. തന്റെ16ാം വയസിലായിരുന്നു ദില്ലൻ തന്റെ ക്ലോത്തിങ് ബ്രാൻഡായ റാറ്റ്ചെറ്റ് സ്ഥാപിച്ചിരുന്നത്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).